ചെന്നൈ:
നടന്‍ രാധാ രവിയെ ഡി.എം.കെ. സസ്‌പെന്‍ഡ് ചെയ്തു. പൊള്ളാച്ചി പീഡന സംഭവത്തെക്കുറിച്ചും നടി നയന്‍താരയ്‌ക്കെതിരെയും ലൈംഗികച്ചുവയോടെ പൊതുവേദിയില്‍ പരാമര്‍ശം നടത്തിയതിനാണ് രാധാ രവിയെ സസ്‌പെന്‍ഡ് ചെയ്തത്. നയന്‍താര അഭിനയിച്ച കൊലൈയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പ്രസംഗം. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍ പ്രാഥമിക അംഗത്വത്തില്‍ നിന്നും, എല്ലാ പദവികളില്‍ നിന്നും രാധാ രവിയെ നീക്കുന്നതായി ഡി.എം.കെ. ജനറല്‍ സെക്രട്ടറി കെ. അന്‍പഴകന്‍ ഞാഴറാഴ്ച രാത്രി വൈകി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
“നയൻതാര പ്രേതമായി അഭിനയിക്കുന്നു, പിന്നീട് അവർ സീതയായും അഭിനയിക്കുന്നു. നയൻതാര സീതയായി അഭിനയിക്കുന്നു! മുൻപൊക്കെ ദേവതകളുടെ വേഷം അഭിനയിക്കാൻ കെ.ആർ വിജയയെപോലെ ഉള്ളവരെ ആണ് നോക്കിയിരുന്നത്. ഇന്ന് ആർക്കും ദേവിയായിട്ട് അഭിനയിക്കാം! നിങ്ങൾ ഒരാളെ നോക്കുമ്പോൾ പ്രാർഥിക്കാൻ തോന്നുന്ന തരത്തിലുള്ള ആളെ അവർക്ക് അഭിനയിപ്പിക്കാം, അതേപോലെ നിങ്ങൾ ഒരാളെ നോക്കുമ്പോൾ നിങ്ങളുടെ അടുത്തേക്ക് വിളിക്കാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ആളെയും അഭിനയിപ്പിക്കാം” എന്നാണ് പറഞ്ഞത്.
“എന്താണു വലിയ സിനിമയും ചെറിയ സിനിമയും തമ്മിലുള്ള വ്യത്യാസം? ഒരാൾ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചാൽ അതു ചെറിയ ചിത്രം. പൊള്ളാച്ചിയിലേതു പോലെ, 40 പേർ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചാൽ അതു വലിയ ചിത്രം.” എന്നും രാധാ രവി പറഞ്ഞു.
രാധരവിയുടെ പരാമർശത്തിന് എതിരെ നയൻതാരയുടെ പങ്കാളിയും സംവിധായകനുമായ വിഘ്‌നേശ് ശിവയും, ഗായിക ചിന്മയിയും സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു.
നടികർ സംഘത്തിന്റെ മുൻ തലവനായിരുന്ന, നിലവിൽ ദക്ഷിണേന്ത്യൻ ഡബ്ബിങ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ രാധാ രവിക്കെതിരെ സിനിമയിലെ പ്രമുഖരാരും പ്രതികരിച്ചില്ല. പ്രശസ്ത നടനും രാഷ്ട്രീയ നേതാവും ആയിരുന്ന എം.ആർ രാധയുടെ മകനാണ് രാധാ രവി. നേരത്തെ “മീ ടൂ” കാമ്പേനിന്റ ഭാഗമായും രാധാ രവിക്കെതിരെ ലൈംഗിക ആരോപണം ഉയർന്നിരുന്നു.