തിരുവനന്തപുരം:
ട്രെയിന്‍ യാത്രികര്‍ക്ക് ആശ്വാസമാവുന്ന, ബോർഡിങ് മാറ്റം എന്ന പരിഷ്കാരമാണ് റെയിൽവേ പുതുതായി കൊണ്ടുവന്നിരിയ്ക്കുന്നത്. ഇനി വണ്ടി പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുന്‍പ് വരെ ബോര്‍ഡിങ് പോയിന്റ് മാറ്റാം. വണ്ടി പുറപ്പെടുന്നതിനു നാലു മണിക്കൂര്‍ മുന്‍പു വരെ ട്രെയിന്‍ പോകുന്ന ഏതു സ്റ്റേഷനില്‍നിന്നും ചീഫ് റിസര്‍വേഷന്‍ ഓഫീസറെ കണ്ട് അപേക്ഷ കൊടുത്താല്‍ ബോര്‍ഡിങ് മാറ്റാം. റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്നും ഓണ്‍ലൈന്‍ വഴിയും 139 വഴിയും ബോര്‍ഡിങ് മാറ്റാം. നിലവില്‍ 24 മണിക്കൂര്‍ മുമ്പുവരെ മാത്രമേ സ്റ്റേഷന്‍ മാറ്റാന്‍ പറ്റുമായിരുന്നുള്ളൂ. ഈ രീതിക്കാണ് മാറ്റം വരുന്നത്. നാലുമണിക്കൂര്‍, അഥവാ ഒന്നാം റിസര്‍വേഷന്‍ ചാര്‍ട്ട് എടുക്കുന്നത് വരെ ഇനി ബോര്‍ഡിംഗ് പോയിന്റ് മാറ്റാം. മേയ് മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരും. റിസര്‍വ് ചെയ്ത സ്റ്റേഷനില്‍നിന്ന് കയറാന്‍ പറ്റിയില്ലെങ്കില്‍ വേറൊരു സ്റ്റേഷനില്‍നിന്ന് കയറുന്നതിനെയാണ് ബോര്‍ഡിങ് മാറ്റം എന്നുപറയുന്നത്.