ചെന്നൈ:
വിജയ് സേതുപതി ട്രാൻസ്‍ജെൻഡർ കഥാപാത്രമായി അഭിനയിക്കുന്ന ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തുന്ന ‘സൂപ്പർ ഡീലക്സ്’ എന്ന തമിഴ് ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി. ചിത്രത്തിൽ നിന്നും സീനുകൾ ഒന്നും തന്നെ വെട്ടിക്കളയാതെ ആണ് പ്രദർശനാനുമതി നൽകിയിരിക്കുന്നത്. 2 മണിക്കൂർ 56 മിനിട്ടാണ് നിലവിൽ ചിത്രത്തിന്റെ ദൈർഘ്യം. ‘എ’ സർട്ടിഫിക്കറ്റ് ആയതിനാൽ ചിത്രം മുതിർന്നവർക്ക് മാത്രമേ കാണാൻ നിയമപരമായ അനുവാദമുള്ളൂ. ‘യു’ സർട്ടിഫിക്കറ്റ് ആണെങ്കിൽ മാത്രമേ വിലക്കുകളില്ലാത്ത പൊതു പ്രദർശനം സാധ്യമാകൂ. കുട്ടികൾക്ക് രക്ഷിതാക്കളുടെ നിർദേശത്തോടെയുള്ള കാഴ്ച ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് ആണ് ‘യു/എ ‘.
ഫിലിം സർട്ടിഫിക്കേഷൻ ബോർഡിൽ നിന്നും പ്രദർശനാനുമതി ലഭിച്ചതായി ചിത്രത്തിന്റെ സംവിധായകൻ ത്യാഗരാജൻ കുമാരരാജ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആന്ദ്രേ തർക്കോവ്‌സ്‌ക്കി എന്ന ലോകപ്രശസ്ത റഷ്യൻ സംവിധായകന്റെ പേരിലാണ് ത്യാഗരാജൻ കുമാരരാജയുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ പേര് ഇട്ടിരിക്കുന്നത്.
ബോളിവുഡ് നടൻ ജാക്കി ഷ്‌റോഫ് പ്രധാന വേഷത്തിലെത്തിയ, ‘ആരണ്യകാണ്ഡം’ എന്ന തന്റെ കന്നിച്ചിത്രത്തിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ ത്യാഗരാജൻ കുമാരരാജ, സഹരചനയും, സംവിധാനവും, നിർമ്മാണവും നിർവ്വഹിക്കുന്ന സൂപ്പർ ഡീലക്സിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കൂടാതെ സമാന്ത, സംവിധായകൻ മിഷ്കിൻ, രമ്യകൃഷ്ണൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവാൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത്. പി. എസ്. വിനോദ്, നീരവ് ഷാ എന്നിവർ ഛായാഗ്രഹണവും സത്യാരാജ് നടരാജൻ സന്നിവേശവും നിർവ്വഹിക്കുന്ന ചിത്രം മാർച്ച് 29 ന് റിലീസ് ചെയ്യും.