ദുബായ്:
ലോക മനഃസാക്ഷിയെ നടുക്കിയ ന്യൂസിലാൻറ് ഭീകരാക്രമണത്തിൽ ഇരയാക്കപ്പെട്ടവർക്ക് ഒപ്പം നിന്ന ന്യൂസിലാൻഡ് ജനതക്കും പ്രധാനമന്ത്രി ജസീന്ത ആർഡേണക്കും നന്ദി അറിയിച്ച് യു.എ.ഇ. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ട്വിറ്ററിലൂടെയാണ് നന്ദി രേഖപ്പെടുത്തിയത്.
ലോകത്തിലെ മുസ്ലിം സമൂഹത്തെ പിടിച്ചു കുലുക്കിയ ഭീകരാക്രമണത്തിൽ, ഇരകളോടൊപ്പം നിന്ന് അനുകമ്പയും സഹായവും നൽകിയ ന്യൂസിലാൻഡ് ജനതയും പ്രധാനമന്ത്രി ജസീന്തയും, ലോകത്തെ കോടിക്കണക്കിന് വരുന്ന മുസ്ലിം വിശ്വാസികളുടെ ബഹുമാനം നേടിയിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ന്യൂസിലാൻഡിനോടുള്ള ആദര സൂചകമായി ബുർജ് ഖലീഫ കെട്ടിടത്തിൽ ഇന്നലെ ജസീന്ത ആർഡേണിന്റെ ചിത്രം തെളിയിച്ചിരുന്നു. അക്രമത്തിൽ ഇരയായ വ്യക്തിയെ പ്രധാനമന്ത്രി ജസീന്ത നെഞ്ചോട് ചേർത്ത് നിൽക്കുന്ന ചിത്രമാണ് ബുർജ് ഖലീഫയിൽ തെളിഞ്ഞത്. ഈ മാസം 15ന് ക്രൈസ്റ്റ് ചർച്ചിലെ മുസ്ലിം പള്ളിയിലുണ്ടായ ഭീകരവാദി നടത്തിയ വെടിവയ്പ്പിൽ ജുമാനിസ്കാരത്തിന് എത്തിയ 50 പേരാണ് കൊല്ലപ്പെട്ടത്.