Sat. Dec 28th, 2024
ന്യൂഡല്‍ഹി:

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ പത്തനംതിട്ടയിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി കെ. സുരേന്ദ്രനെ പ്രഖ്യാപിച്ചു. ഇന്നു പുറത്തിറക്കിയ മൂന്നാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലാണ് സുരേന്ദ്രനെ പ്രഖ്യാപിച്ചത്. കേരളത്തില്‍ പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ആദ്യ പട്ടികയില്‍ തന്നെ ബി.ജെ.പി. പ്രഖ്യാപിച്ചിരുന്നു. സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണയായെങ്കിലും പ്രഖ്യാപനം വരാത്തത് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.

സാങ്കേതികത്വം കാരണമാണ് ആദ്യ പട്ടികയില്‍ പത്തനംതിട്ട ഇല്ലാതിരുന്നത് എന്നാണ് ബി.ജെ.പി. നേതാക്കള്‍ പറഞ്ഞത്. എന്നാല്‍, രണ്ടാം പട്ടികയിലും സുരേന്ദ്രന്‍ ഇല്ലാതായതോടെ, പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം രൂക്ഷമായി. 36 പേരുടെ പട്ടികയാണ് ബി.ജെ.പി. ഇന്നു പുലര്‍ച്ചെ പുറത്തുവിട്ടത്. ഉച്ചയ്ക്കു ശേഷം 11 പേരുടെ പട്ടികയാണ് ബി.ജെ.പി. പുറത്തിറക്കിയിരിക്കുന്നത്. ഇതിലാണ് സുരേന്ദ്രന്റെ പേര് ഉള്‍പ്പെടുത്തിയത്.

ദല്‍ഹി ബി.ജെ.പി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. ഇതോടൊപ്പം തെലങ്കാനയിലെയും ഉത്തര്‍പ്രദേശിലെയും സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. സുരേന്ദ്രനു പുറമേ സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള, ജനറല്‍ സെക്രട്ടറി എം.ടി. രമേശ് എന്നിവരുടെ പേരുകളാണ് പത്തനംതിട്ട മണ്ഡലത്തില്‍ പരിഗണിച്ചിരുന്നത്.

തിരുവനന്തപുരത്ത് മിസോറം മുന്‍ ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകും. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്ത് മത്സരിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രന്‍ ആറ്റിങ്ങലിലും എ.എന്‍. രാധാകൃഷ്ണന്‍ ചാലക്കുടിയിലും മത്സരിക്കും. പി.എസ്.സി. മുന്‍ ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ആലപ്പുഴയില്‍ നിന്ന് ജനവിധി തേടും.

പാലക്കാട് – സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍, കൊല്ലം – കെ.വി. സാബു , കാസര്‍കോട് – രവീശ തന്ത്രി കുണ്ടാര്‍, കണ്ണൂര്‍ – സി.കെ. പത്മനാഭന്‍, വടകര – വി.കെ. സജീവന്‍, പൊന്നാനി- പ്രൊഫ. വി.ടി. രമ, കോഴിക്കോട് – കെ.പി. പ്രകാശ് ബാബു, മലപ്പുറം – ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ . എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

Leave a Reply

Your email address will not be published. Required fields are marked *