Wed. Jan 22nd, 2025
തിരുവനന്തപുരം:

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഞായറാഴ്ച ഉണ്ടാകുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോക്സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ആവശ്യം രാഹുല്‍ ഗാന്ധിയുടെ പരിഗണനയിലാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടെന്നും അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം തള്ളാതെ എ.ഐ.സി.സി. നേതൃത്വം രംഗത്ത് വന്നു. കേരളത്തില്‍ നിന്നുള്ള നേതാക്കളും കെ.പി.സി.സിയും രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം സന്തോഷത്തോടെ ഉള്‍ക്കൊള്ളുന്നുവെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇനിയും ഉണ്ടാകേണ്ടതുണ്ടെന്നും എ.ഐ.സി.സി. വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

കേരളത്തിലെ പ്രവര്‍ത്തകരുടെയും വികാരം മാനിക്കുന്നുവെന്നും കെ.പി.സി.സിയോട് നന്ദിയുണ്ടെന്നും സുര്‍ജേവാല പ്രതികരിച്ചു. അമേഠിയാണ് എക്കാലത്തും രാഹുലിന്റെ പ്രവര്‍ത്തന മണ്ഡലം. മറ്റൊരിടത്ത് മത്സരിക്കുന്ന കാര്യത്തില്‍ അതേ അര്‍ത്ഥത്തില്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നും എ.ഐ.സി.സി. വ്യക്തമാക്കി.

അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പിൽ വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്ത ആഹ്‌‌ളാദപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുല്‍ കേരളത്തില്‍ വന്നാല്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും ദക്ഷിണേന്ത്യയില്‍ രാഹുലിന്റെ സാന്നിധ്യം ആവേശമുണര്‍ത്തുമെന്നും ഇപ്പോള്‍ തന്നെ കേരളത്തില്‍ യു.ഡി.എഫിന് അനുകൂലമായ തരംഗമുണ്ടെന്നും രാഹുല്‍ വന്നാല്‍ അത് സൂപ്പര്‍ തരംഗമായി മാറുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തൂത്തുവാരുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചാല്‍ അഞ്ചു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കാനുള്ള സാധ്യതയുണ്ട്. രാഹുലിന്റെ തീരുമാനത്തിന് വേണ്ടിയാണ് കാത്തു നില്‍ക്കുന്നത്. യു.ഡി.എഫ്. നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും സംസാരിച്ചു. എല്ലാവരും സ്വാഗതം ചെയ്തു. അദ്ദേഹം തയ്യാറായാല്‍ കേരളത്തിന്റെ സൗഭാഗ്യമാണെന്നും തെക്കേ ഇന്ത്യയില്‍ തന്നെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന രണ്ട് സംസ്ഥാനങ്ങളാണ് കേരളവും കര്‍ണ്ണാടകവും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നതോടെ പരമാവധി സീറ്റുകള്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും പിടിച്ചെടുക്കാന്‍ കഴിയും എന്നും ഹൈക്കമാന്‍ഡ് കണക്കു കൂട്ടുന്നു. രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനോട് യു.ഡി.എഫിലെ ഘടകകക്ഷികള്‍ക്കും പൂര്‍ണ യോജിപ്പാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *