ന്യൂഡല്‍ഹി:
എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ഊഹം. സംസ്ഥാന കോണ്‍ഗ്രസ് ഘടകം ഇക്കാര്യം നേരത്തെ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം രാഹുല്‍ ഗാന്ധിക്കു മുന്നില്‍ വച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി നേരത്തെ സ്ഥിരീകരിച്ചിരുന്നു. വയനാട്ടില്‍ മത്സരിക്കുന്ന കാര്യം രാഹുലിന്റെ പരിഗണനയിലുണ്ടെന്നാണ് ഉമ്മന്‍ ചാണ്ടി അറിയിച്ചത്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വയനാട്ടില്‍ മത്സരിക്കണമെന്ന് കെ.പി.സി.സി രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വയനാട്ടിലെ സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖുമായി സംസാരിച്ചിട്ടുണ്ടെന്നും, ഉമ്മന്‍ ചാണ്ടി നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. തുടര്‍ന്ന് സിദ്ദിഖ് പിന്‍മാറാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. രാഹുല്‍ ഗാന്ധി മത്സരിക്കാനുള്ള തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നാണ് സിദ്ദിഖ് അറിയിച്ചത്. കോണ്‍ഗ്രസ് പ്രസിഡന്റ് വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉന്നയിച്ചിരുന്നു. ടി. സിദ്ദിഖുമായും കെ.പി.സി.സി. പ്രസിഡന്റുമായും ഘടക കക്ഷി നേതാക്കളുമായും ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. രാഹുല്‍ മത്സരിച്ചാല്‍ അഞ്ചു ലക്ഷം വോട്ടിനു ജയിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ഏഴാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാട്, വടകര മണ്ഡലങ്ങള്‍ ഇടംപിടിച്ചിരുന്നില്ല. രണ്ടു മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണവുമായി മുന്നോട്ടുപോവുമ്പോഴാണ് നേതാക്കളേയും പ്രവര്‍ത്തകരെയും ആശയക്കുഴപ്പത്തിലാക്കി നേതൃത്വം വയനാടും വടകരയുമില്ലാതെ പുതിയ പട്ടിക പുറത്തിറക്കിയത്. ഇതിനു പിന്നാലെയാണ് കെ.പി.സി.സിയുടെ ആവശ്യം, ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയത്.
കേരളത്തിലെ പന്ത്രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ പുറത്തിറക്കിയിരുന്നു. സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ധാരണയായെന്നും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുള്ളതുകൊണ്ട് മൂന്നു മണ്ഡലങ്ങളിലെ പട്ടിക പിന്നാലെ പുറത്തുവരുമെന്നുമാണ്, ആദ്യ പട്ടിക പുറത്തിറക്കുന്നതിനു മുന്നോടിയായി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞത്.
നാലു മണ്ഡലങ്ങള്‍ ഒഴിച്ചിട്ടാണ് പാര്‍ട്ടി ആദ്യ പട്ടിക പുറത്തിറക്കിയത്. ഇതില്‍ ആറ്റിങ്ങലിലും ആലപ്പുഴയിലും പിന്നീട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. വടകരയില്‍ കെ. മുരളീധരനും വയനാട്ടില്‍ ടി. സിദ്ദിഖും പ്രചാരണത്തില്‍ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു. എന്നാല്‍ ഇവരെ ഇതുവരെ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപനം വരുംമുമ്പ് സംസ്ഥാന ഘടകം ഇതില്‍ സ്ഥിരീകരണം നല്‍കിയ പ്രചാരണം തുടങ്ങിയതില്‍ എ.ഐ.സി.സിക്ക് അതൃപ്തിയുള്ളതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് കേന്ദ്രനേതാക്കള്‍ തന്നെ ഈ വാര്‍ത്ത നിഷേധിച്ചു.
നേരത്തെ കർണ്ണാടക പി.സി.സി. അധ്യക്ഷൻ ദിനേശ് ഗുണ്ടു റാവു കർണ്ണാടകയിൽ നിന്ന് മത്സരിക്കണം എന്നാവശ്യപ്പെട്ട് രാഹുലിന് കത്തയച്ചിരുന്നു. രാഹുൽ, കർണ്ണാടകയിൽ നിന്ന് ജനവിധി തേടിയാൽ കോൺഗ്രസ് സംവിധാനം പ്രതിസന്ധികളിൽ നിന്ന് മുക്തമായി സജീവമാകും എന്നായിരുന്നു ദിനേശ് ഗുണ്ടുറാവുവിന്റെ നിർദ്ദേശം. ഇതിന് പിന്നാലെ വയനാട്ടിൽ തട്ടി കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ വഴിമുട്ടിയപ്പോൾ ചർച്ചകൾക്കിടെ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ‘രാഹുൽജിക്ക് വയനാട് മത്സരിച്ചുകൂടേ?’ എന്ന് പകുതി തമാശയായും പകുതി കാര്യമായും ചോദിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു.
രാഹുലിന്റെ മനസ്സ് അറിയാനായിരുന്നു ചോദ്യമെങ്കിലും വയനാട്ടില്‍ മല്‍സരിച്ചാല്‍ കോണ്‍ഗ്രസ് സംഘടനാപരമായ പ്രതിസന്ധി നേരിടുന്ന കർണ്ണാടകത്തില്‍ അതിന്‍റെ ആവേശമുണ്ടാകുമെന്നും നേരത്തെ തന്നെ കേരള നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞിരുന്നു. വയനാടിനെക്കുറിച്ച് തനിക്ക് നന്നായറിയാമെന്നും കേരളത്തിലെ കോൺഗ്രസിന്‍റെ ഒന്നാം നമ്പർ വിജയസാധ്യതയുള്ള മണ്ഡലമാണെന്ന് ധാരണയുണ്ടെന്നും ആയിരുന്നു അന്ന് രാഹുൽ ഗാന്ധിയുടെ പ്രതികരണം. എന്നാൽ താൻ മത്സരിക്കാൻ ഉദ്ദേശിക്കുന്നത് അമേഠിയിൽ നിന്നുതന്നെയാകുമെന്നും രാഹുൽ ഗാന്ധി കേരള നേതാക്കളോട് പറഞ്ഞു.
ഇതിനുശേഷം വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ടി. സിദ്ദിഖിനെ നിശ്ചയിക്കുകയും ചെയ്തു. എന്നാൽ വയനാട്ടിലെ സ്ഥാനാർത്ഥി നിർണ്ണയം ഗ്രൂപ്പ് പോരിൽ പെട്ട് ഏറെ നീണ്ടുപോയത് മറ്റ് മണ്ഡലങ്ങളിലും കോൺഗ്രസ് പ്രവർത്തരുടെ ഉന്മേഷം കുറച്ചു. അമേഠിയെക്കൂടാതെ കേരളത്തിൽ കോൺഗ്രസിന് ഏറ്റവും ശക്തിയുള്ള മണ്ഡലമായ വയനാട്ടിൽ കൂടി രാഹുൽ ഗാന്ധി മത്സരിച്ചാൽ കേരളത്തിലും കർണ്ണാടകത്തിലും കൂടുതൽ സീറ്റുകളിൽ ജയിച്ചുകയറാമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. തെക്കേ ഇന്ത്യയിൽ നിന്ന് കൂടുതൽ സീറ്റുകൾ നേടിയാലേ ലോക്സഭയിൽ പ്രതീക്ഷിക്കുന്ന സംഖ്യയിലേക്ക് കോൺഗ്രസിന് എത്താനാകൂ എന്നും കോൺഗ്രസിൽ അഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി. നേതൃത്വം വീണ്ടും രാഹുൽ ഗാന്ധിയോട് വയനാട്ടിൽ നിന്ന് മത്സരിക്കണം എന്നാവശ്യപ്പെട്ടത്.