#ദിനസരികള് 705
ഇസ്ലാമിനെക്കുറിച്ച് ഇതര ജനവിഭാഗങ്ങളുടെ ഇടയില്‍ അസാധാരണമായ വിധത്തില്‍ ഭയമുണ്ടാക്കുവാനും അവരുടെ ജീവിത ചര്യകളേയും ചിന്താരീതികളേയും അവിശ്വസിക്കാനും അല്‍ ക്വയ്ദ, ഐ.എസ്, താലിബാന്‍, ബോക്കോഹറാം മുതലായ അതിതീവ്ര മത സംഘടനകള്‍ നിര്‍ണായകമായ പങ്കു വഹിച്ചിച്ചിട്ടുണ്ട്. ഇസ്ലാം
എന്താണോ അതല്ലയെന്ന് ലോകജനതയെക്കൊണ്ട് ചിന്തിപ്പിക്കാന്‍ ഇത്തരം തീവ്രവാദ സംഘടനകള്‍ക്ക് കഴിഞ്ഞുവെന്നതാണ് വസ്തുത. ഇസ്ലാമിനെ സംരക്ഷിക്കാന്‍ എന്ന പേരില്‍ രൂപം കൊണ്ട് ഈ തെമ്മാടിക്കൂട്ടങ്ങള്‍ ആ മതവിശ്വാസത്തോട് വലിയ തരത്തിലുള്ള ചതിയാണ് ചെയ്തത്.
ആധുനിക ലോകത്തിന് ചേരാത്ത, ഇപ്പോഴും ആയിരത്താണ്ടുകള്‍ മുന്നത്തെ ഗോത്ര സ്വഭാവം പുലര്‍ത്തുന്ന, നൃശംസത കൊടികുത്തി വാഴുന്ന ഒരാള്‍ക്കൂട്ടമാണ് ഇസ്ലാമെന്ന് വ്യഖ്യാനിച്ചെടുക്കാന്‍ ഇസ്ലാംവിരുദ്ധത പറയുന്നവര്‍ക്കും പ്രവർത്തിക്കുന്നവര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചു നല്കുകയാണ് അവര്‍ ചെയ്തത്. അതൊരിക്കലും ഇസ്ലാമിനെ സഹായിക്കുന്നതായിരുന്നില്ല. ലോകത്തിന്റെ ഏതൊരു കോണിലും തരമതവിശ്വാസികള്‍ ഇസ്ലാമിനെ ഭയപ്പാടോടെ നോക്കിക്കാണുന്ന സാഹചര്യങ്ങളുണ്ടായി. ചുരുക്കത്തില്‍ ഇസ്ലാം മതത്തിന്റെ മുഴുവന്‍ നന്മകളേയും മറന്നു കൊണ്ട് മനുഷ്യവിരുദ്ധമായ ആശയസംഹിതയായി അധഃപതിച്ചിരിക്കുന്നുവെന്ന് സ്ഥാപിച്ചെടുക്കാന്‍ മാത്രമേ ഇസ്ലാം തീവ്രവാദത്തിന് കഴിഞ്ഞുള്ളു.
ഇസ്ലാമിനോട് ഇത്തരം തീവ്രവാദ സംഘടനകള്‍ ചെയ്തതെന്താണോ, അതേ ചതിയാണ് ഹിന്ദുവിനോട് ആറെസ്സെസ്സും കൂട്ടരും ചെയ്തുകൊണ്ടിരിക്കുന്നത്. നാം ഇതുവരെ പഠിക്കുകയും അറിയുകയും ചെയ്ത, ഇതര മതവിഭാഗങ്ങളോടും, വിശ്വാസ സംഹിതകളോടും സഹിഷ്ണുതയുള്ള ഒരു ഹിന്ദുവിനെ മാറ്റി നിറുത്തി, അസഹിഷ്ണുതയും, അപരവത്കരണവും കൊണ്ട് ആക്രമണോത്സുകത ചുരമാന്തി നില്ക്കുന്ന ഒരു ഹിന്ദുവിനെയാണ് അക്കൂട്ടര്‍, പകരം പ്രതിഷ്ഠിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. നവീകരണങ്ങളുടെ കാലത്ത് അപരിഷ്കൃതമാണെന്ന് വിലയിരുത്തി പിന്നിലുപേക്ഷിച്ചു പോന്ന വിശ്വാസങ്ങളെ പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ട് വിശ്വാസികളെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് ആനയിക്കുന്നു. ഇസ്ലാം തീവ്രവാദികളുടെ പ്രവര്‍ത്തന ഫലമായി ഇസ്ലാമിനെ തെറ്റായി ലോകം വിലയിരുത്തിയതുപോലെ ഹിന്ദുമതവും ഭ്രാന്തന്മാരുടെ കൂട്ടമാണെന്ന് സ്ഥാപിച്ചെടുക്കുവാനേ ഇത്തരം നീക്കങ്ങള്‍ ഉതകുകയുള്ളു.
ഒരു കാലത്ത് ഇന്ത്യ അതിന്റെ ഉന്നതമായ തത്വചിന്തകളാലാണ് ലോകത്തിന്റെ മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ചു നിന്നത്. ലോകത്തെ മനുഷ്യ കുലത്തെയാകമാനം അഭിവാദ്യം ചെയ്തു കൊണ്ട് അമൃതസ്യ പുത്ര എന്നു വിളിക്കുന്ന
ഒരു ചിന്തയെയാണ് നാം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ ഇതര ഭൂവിഭാഗങ്ങളിലെ മഹാപണ്ഡിതന്മാര്‍ നമ്മിലേക്ക് വന്നു. അവര്‍ ഇന്ത്യ ചിന്തിച്ചതിനെ സ്വാംശീകരിച്ചു, മാതൃകയായി ലോകത്തിന്റെ മുന്നില്‍ അവതരിപ്പിച്ചു.മുറിവുകളില്ലാത്ത അപരവത്കരണങ്ങളെ അസാധുവാക്കുന്ന അദ്വൈതത്തിന്റെ മാന്ത്രികമായ ചിന്താപദ്ധതികളെ അവര്‍ അത്ഭുതത്തോടെ നോക്കിക്കണ്ടു. ശങ്കരനും മാധ്വനും മാനുജനുമൊക്കെ ലോക ഗുരുക്കന്മാരായി പരിണമിക്കുന്നതും നാം നേരിട്ടറിഞ്ഞു. ലോകമാകെയുള്ള ഏതൊരു മനുഷ്യനും തന്റെ
സഹോദരനാണെന്ന് ഇന്ത്യന്‍ വിശ്വാസ സംഹിതകളെ പ്രതി ഒരു യുവ സന്യാസി ആണയിടുന്നത് സ്നേഹാദരങ്ങളോടെയാണ് ലോകം കേട്ടത്.
ഹിന്ദുവായി ജനിച്ച് ഹിന്ദുവായി ജീവിച്ച് ഹിന്ദുവായി മരിച്ച മഹാത്മാ ഗാന്ധി ഹിന്ദുമതത്തെ നിര്‍വചിച്ചത്, അഹിംസാ മാര്‍ഗ്ഗത്തിലൂടെ സത്യത്തെ അന്വേഷിക്കുക എന്നാണ്. ഹിന്ദു ദൈവവിശ്വാസിയായിരിക്കണമെന്നു
പോലുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. വിശ്വാസിക്കും അവിശ്വാസിക്കും ഹിന്ദുവാകാം. ഒരു പുസ്തകത്തേയോ ആചാരത്തേയോ അനുഷ്ഠാനത്തെയോ ഹിന്ദുവിനായി ആരും ഇതുവരെ നിര്‍ദ്ദേശിച്ചിട്ടില്ല. ആയിരമായിരം ദൈവങ്ങള്‍ ആയിരമായിരം വിശ്വാസങ്ങള്‍. ആര്‍ക്കും ഏതു തരത്തിലുള്ളവയേയും സ്വീകരിക്കാം, സ്വീകരിക്കാതിരിക്കാം. ഈ വിശാലതയെയാണ് ലോകം അത്യാദരവോടെ നോക്കിക്കണ്ടത്.
വേദങ്ങളുടേയും ഉപനിഷത്തുകളേയും ഉന്നതമായ ചിന്തകളുടെ വെളിച്ചത്തിലാണ് ഭാരതം തലയുയര്‍ത്തി നിന്നത്. സഹനാവവതു, സഹനൌ ഭുനക്തു, സഹവീര്യം കരവാവഹൈ തേജസ്വീ നാവധീത മസ്തു, മാ വിദ്വിഷാ വഹൈ എന്ന പ്രാര്‍ത്ഥനയായിരുന്നു നമുക്കു പരിചയമുണ്ടായിരുന്നത്. ഏതൊന്നിനെ അറിഞ്ഞാലാണോ സത്യത്തെ അറിയാന്‍ കഴിയുന്നത് ആ ഏതൊന്ന് ഏത് എന്നായിരുന്നു അവര്‍ അന്വേഷിച്ചത്.
എല്ലാ വിധ വിശ്വാസങ്ങളേയും നിരാകരിക്കുന്ന ചാര്‍വാകദര്‍ശനത്തിന് വളരെയേറെ പ്രസിദ്ധി കിട്ടിയിരുന്ന നാടായിരുന്നു ഇത്. അവര്‍ വേദങ്ങളേയും ഉപനിഷത്തുകളേയും വെല്ലു വിളിച്ചു, തള്ളിക്കളഞ്ഞു.ഇവിടെ
ഇപ്പോള്‍ എന്നതിനെ മാത്രമേ അവര്‍ സ്വകരിക്കുകയുണ്ടായുള്ളു. അതിനപ്പുറത്തുള്ളതിനെയെല്ലാം ചാപല്യങ്ങളായിട്ടാണ് അവര്‍ വിലയിരുത്തിയത്. സാംഖ്യനും വൈശേഷികനുമൊന്നും ഒരു ദൈവത്തേയും
അംഗീകരിച്ചില്ല. ഒരു സ്രഷ്ടാവിനേയും സ്ഥാപിച്ചെടുത്തില്ല. ഒരു ആരാധന രീതിയേയും അംഗീകരിച്ചില്ല. അവര്‍ എല്ലാത്തിനും മുകളില്‍ യുക്തിബോധത്തെ സ്ഥാപിച്ചെടുത്തു. അതിന്റെ വെളിച്ചത്തില്‍ ജീവിച്ചു തീര്‍ത്തു.
ലോകത്തിന് ഈ രാജ്യം അത്ഭുതമായിരുന്നു. കിഴക്കിലെ അത്ഭുതദേശമായിട്ടാണ് ഭാരതത്തെ അവര്‍ വിലയിരുത്തിയത്. ജ്ഞാനികളാണ് ഇവിടെയുള്ളവരെന്നാണ് കേള്‍വിപ്പെട്ടത്.
എന്നാല്‍ ഇന്നാകട്ടെ നമ്മുടെ നാട്ടില്‍ നിന്നും അസഹിഷ്ണുതയുടേയും അന്യവത്കരണത്തിന്റേയും നൃശംസതയാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ജനവിഭാഗങ്ങളെ തമ്മില്‍ത്തല്ലിച്ചും അസന്തുഷ്ടരാക്കിയും തീവ്രഹിന്ദുത്വവാദക്കാര്‍ അവരുടെ സങ്കുചിത താല്പര്യങ്ങളെ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നു.പശുവിന്റെ പേരില്‍ മനുഷ്യനെ തല്ലിക്കൊല്ലുന്നു. ഒരു കാലത്ത് നാം പുറന്തള്ളിയ സതിയടക്കമുള്ള പ്രാകൃതങ്ങളെ ന്യായീകരിക്കുന്നു, പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ആധുനിക നീതിബോധത്തിനു പകരം മനുസ്മൃതിയിലെ ആസുര കല്പനകളാണ് നാടു ഭരിക്കേണ്ടതെന്ന് കല്പിക്കപ്പെടുന്നു. കിങ്കരന്മാരെ അത്തരം തിട്ടൂരങ്ങള്‍ അനുസരിപ്പിക്കാന്‍ അഴിച്ചു വിടുന്നു. ഇന്ത്യയെ വിപരീത ദിശയിലേക്ക് ചലിപ്പിക്കുവാന്‍ ഹിന്ദുവിനെ മുന്‍ നിറുത്തി അവര്‍ ശ്രമിക്കുന്നു. ബഹുസ്വരതകളെ അവര്‍ എതിര്‍ത്തു തോല്പിക്കേണ്ട അശ്ലീലമായി വ്യഖ്യാനിക്കുന്നു. ഇതരവിശ്വാസികളെ നരമേധത്തിന് വിധേയമാക്കുന്നു. തങ്ങള്‍ നിര്‍വചിച്ചു വെച്ചിരിക്കുന്ന ഹിന്ദു മാത്രമാണ് ശരി, മറ്റെല്ലാം
അപ്രസക്തമാണെന്ന് ഘോഷിക്കപ്പെടുന്നു.
ഇതല്ല ഹിന്ദുവെന്ന് ഓരോ ഹിന്ദുമതവിശ്വാസിയും സ്വയം പ്രഖ്യാപിക്കേണ്ട സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഹിന്ദുക്കള്‍ അവരെ എക്കാലത്തും ഹിന്ദുക്കളായി നിലനിറുത്തിപ്പോകുന്ന സവിശേഷതകളെ തിരിച്ചറിയണം. ആറെസ്സെസ്സിന്റെ രാഷ്ട്രീയ അജണ്ടകള്‍ക്കു മുന്നില്‍ ശിരസ്സുകുനിച്ചു കൊടുക്കുന്നവനല്ല, മറിച്ച് ബഹുസ്വരമായ സിദ്ധാന്തങ്ങളേയും പ്രയോഗങ്ങളേയും ആശ്ലേഷിക്കുന്ന, ഇതരസ്വത്വങ്ങളോട് സഹിഷ്ണുതാപരമായ നിലപാടുകളെടുക്കുന്ന ഒരു ഹിന്ദുവാണ് ഇവിടെ പുലരുന്നത് എന്നത് ലോകത്തിന് കാണിച്ചുകൊടുക്കണം. ആറെസ്സെസ്സിന്റെ കാല്‍ക്കീഴില്‍പ്പെട്ട് തല കുനിച്ചു നില്ക്കുന്ന ഹിന്ദുവിനെയല്ല മറിച്ച് അവരുട കുടിലതകളെ കുടഞ്ഞെറിഞ്ഞ് തലയുയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന ഹിന്ദുവിനെ ലോകം കാണുകതന്നെ വേണം. അത് കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.