കോഴിക്കോട്:
കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലുറപ്പു പദ്ധതി തൊഴിലാളി ദ്രോഹ പദ്ധതിയാണെന്നും, കുടിശ്ശികയായ വേതനം തൊഴിലാളികള്‍ക്ക് ഉടന്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിഷേധ സംഗമം നടത്തി. കോഴിക്കോട് കുറ്റ്യാടിയിലെ 9 പഞ്ചായത്തുകളിലായി 12.72 കോടി രൂപ തൊഴിലാളികള്‍ക്ക് വേതനമായി കിട്ടാനുണ്ട്.
4900 ഓളം കുടുംബങ്ങളാണ് 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും വേതനത്തിനായി കാത്തിരിക്കുന്നത്. തൊഴില്‍ ദിനങ്ങള്‍ വർദ്ധിപ്പിച്ചു നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയെങ്കിലും നടപ്പായിട്ടില്ല. തൊഴില്‍ ദിനങ്ങള്‍ വർദ്ധിപ്പിക്കുക, കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധിച്ചത്. കാവിലുംപാറയില്‍ എം.കെ.സന്തോഷ് സംഗമം ഉദ്ഘാടനം ചെയ്തു.