തിരുവനന്തപുരം:
സംസ്ഥാനത്ത് വേനല്‍ രൂക്ഷമാകുന്നതിന്റെ ഭാഗമായി അഞ്ച് ജില്ലകളില്‍ ജല ക്ഷാമം അനുഭവപ്പെടുമെന്ന് ഭൂജലവകുപ്പിന്റെ കണ്ടെത്തല്‍.
പാലക്കാട്, കാസര്‍കോട്, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലാണ് ജലദൗര്‍ലഭ്യത്തിന് സാധ്യത. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പെരുമാട്ടി പഞ്ചായത്തിലായിരിക്കും കൂടുതല്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടുക.
പ്രളയംബാധിച്ച തൊടുപുഴ, അടിമാലി, കട്ടപ്പന, ദേവികുളം എന്നീ പ്രദേശങ്ങളിലാണ് ഇടുക്കിയില്‍ ജലദൗര്‍ലഭ്യമുണ്ടാവുക. പത്തനംതിട്ട ജില്ലയിലെ ആര്യങ്കാവ് പ്രദേശത്തും ജലക്ഷാമമുണ്ടാകും. പ്രളയത്തിനു ശേഷം രണ്ടു മീറ്റര്‍ വരെ ഭൂഗര്‍ഭജലത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളെ വരള്‍ച്ച ബാധിക്കില്ല. സംസ്ഥാനത്തെ 756 വാട്ടര്‍ ഒബ്സര്‍വേറ്ററികളില്‍ പഠനം നടത്തി ഓരോ മാസവും സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്. വാട്ടര്‍ മൂവ്മെന്റ് ലെവല്‍ അറിയുന്നതിനായി ഡിജിറ്റല്‍ വാട്ടര്‍ റെക്കോര്‍ഡര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സംസ്ഥാനത്തെ വ്യത്യസ്തരീതിയിലുള്ള കിണറുകളെക്കുറിച്ച് പഠനം നടത്തി മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കും. പ്രളയത്തിനു ശേഷം കുടിവെള്ള കമ്പനികള്‍, വെള്ളം കൂടുതല്‍ ആവശ്യമായ വ്യവസായങ്ങള്‍, റിഗ് രജിസ്ട്രേഷന്‍ എന്നിവയ്ക്ക് ലൈസന്‍സ് നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 2019-20 വര്‍ഷത്തേക്ക് ആക്ഷന്‍ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്.