തിരുവനന്തപുരം:
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) സംഘടിപ്പിക്കുന്ന അവധിക്കാല കായിക പരിശീലന ക്യാമ്പ് കാര്യവട്ടം സായി എൽ.എൻ.സി.പി.ഇയിൽ വച്ച് ഏപ്രിൽ 1 മുതൽ 31 വരെ നടക്കും. പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പരിശീലന ക്യാമ്പിൽ പങ്കെടുക്കാം. അത്ലറ്റിക്സ്, ഫുട്ബോൾ, ക്രിക്കറ്റ്, നീന്തൽ, സൈക്ലിംഗ്, ജിംനാസ്‌റ്റിക്‌സ്, ബാസ്കറ്റ്ബാൾ, വോളീബോൾ, ടെന്നീസ്, ബോക്സിങ്, കബഡി, ഗോ ഗോ,തയ്‌ക്കൊണ്ടോ, നെറ്റ്ബോൾ, കളരിപ്പയറ്റ് എന്നീ ഇനങ്ങളിലായി കായികപരിശീലന ക്യാമ്പ് നടക്കും.
കൂടാതെ സിന്തറ്റിക് ട്രാക്ക്, സ്വിമ്മിങ് പൂൾ, മൾട്ടി പർപ്പസ് ഇന്റർ ട്രെയിനിങ് ഹാൾ, കണ്ടീഷനിംഗ് ഹാൾ, ഫുട്ബാൾ, ക്രിക്കറ്റ് മൈതാനങ്ങൾ, യോഗ എയറോബിക് ഹാൾ എന്നീ സൗകര്യങ്ങൾ ഉപയോഗിക്കാം. നീന്തൽ വിഭാഗത്തിൽ കുട്ടികൾക്ക് 143 സെന്റിമീറ്ററിനു മുകളിൽ ഉയരം ഉണ്ടായിരിക്കണം.
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിദഗ്ദ്ധരായ പരിശീലകരുടെ മേൽനോട്ടത്തിലായിരിക്കും പരിശീലനം. കുട്ടികളോടൊപ്പം എത്തുന്ന രക്ഷിതാക്കൾക്കും എൽ.എൻ.സി.പി.ഇയിൽ പ്രത്യേക ഫിറ്റ്നസ് ട്രെയിനിങ് സംഘടിപ്പിക്കുന്നുണ്ട്.
ഗോൾഫ് പരിശീലനം ആഗ്രഹിക്കുന്ന കുട്ടികൾക്കായി സായി ഗോൾഫ് അക്കാദമിയിൽ ഗോൾഫ് പരിശീലന ക്യാമ്പും ഏപ്രിൽ ഒന്നുമുതൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് സായി എൽ.എൻ.സി.പി.ഇ. വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.