Sun. Feb 23rd, 2025
തൃശൂര്‍:

നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എ. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ നീക്കം തുടങ്ങി. തൃശൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ആലോചിക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍, ഇടുക്കിയിലും തൃശൂരും സംഘടന, സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. തൃശൂരില്‍ നാലായിരം വോട്ടും ഇടുക്കിയില്‍ രണ്ടായിരം വോട്ടും പിടിക്കാന്‍ സംഘടനയ്ക്കായി. 2014 ല്‍ സംഘടന രൂപീകരിച്ച സമയമായിരുന്നു. എന്നാല്‍ ഇത്തവണ സംഘടന ശക്തിപ്രാപിച്ചു എന്നും, കൂടുതല്‍ വോട്ടുകള്‍ ഉറപ്പാക്കാന്‍ കഴിയും എന്നുമാണ് യു.എന്‍.എ. വിലയിരുത്തുന്നത്.

തൃശൂരില്‍ മാത്രം പതിനായിരം നഴ്‌സുമാര്‍ അംഗങ്ങളാണ്. ഇവരുടെയും കുടുബങ്ങളുടെയും വോട്ട് ഉറപ്പാക്കാന്‍ സാധിക്കും എന്നും സംഘടന കണക്കുകൂട്ടുന്നു. അടുത്ത ദിവസം തൃശൂരില്‍ അടിയന്തര യോഗം ചേരും. യു.എന്‍.എയ്ക്ക് എതിരെ ഈയിടെ ഗുരുതര സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സി.പി.എം. ഉള്‍പ്പെടെയുള്ള സംഘടനകള്‍ യു.എന്‍.എയ്ക്ക് എതിരെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ രാഷ്ട്രീയമായി ശക്തി തെളിയിക്കേണ്ടതുണ്ട് എന്നാണ് സംഘടന നേതൃത്വം വിലയിരുത്തുന്നത്. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളാണ് ആരോപണത്തിനു പിന്നിലെന്നാണ് സംഘടനയുടെ പ്രത്യാരോപണം.

തിരഞ്ഞെടുപ്പില്‍, സംഘടനയുടെ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ള നേതാക്കളെ രംഗത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. നേരത്തെ, വയനാട് മണ്ഡലത്തില്‍ നിന്ന് ജാസ്മിന്‍ ഷാ സി.പി.ഐ. ടിക്കറ്റില്‍ മത്സരിക്കുമെന്നു വാര്‍ത്തകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *