കണ്ണൂർ:
ലോക്സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് മത്സരിക്കാനുള്ള വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റുരിന്റെ നീക്കത്തിന് തിരിച്ചടി. മത്സരത്തില്‍ സുരേഷ് കീഴാറ്റൂരിനു പിന്തുണ നല്‍കാന്‍ കഴിയില്ലെന്നാണ് കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമിതിയുടെ നിലപാട്. പരിസ്ഥിതി വാദത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കണ്ണൂരില്‍ മത്സരിക്കുമെന്നായിരുന്നു സുരേഷ് കീഴാറ്റൂര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. സുരേഷ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ ഉടന്‍ തന്നെ അദ്ദേഹത്തെ പിന്തിരിപ്പിക്കാനുള്ള നീക്കങ്ങള്‍ സി.പി.എം. ആരംഭിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. ഇതിനിടയിലാണ് സുരേഷിന് തിരിച്ചടി നല്‍കികൊണ്ട് വയല്‍ക്കിളികളുടെ പ്രഖ്യാപനം വരുന്നത്.
വയല്‍ക്കിളികള്‍ പിന്തുണ നല്‍കില്ലെന്ന് പ്രഖ്യാപിച്ചതോടെ സുരേഷ് കീഴാറ്റൂരിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായി. സംസ്ഥാനം ഒന്നാകെ ചര്‍ച്ച ചെയ്ത കീഴാറ്റൂര്‍ സമരത്തിന്റെ നട്ടെല്ലായ വയല്‍ക്കിളികളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും എന്ന വിശ്വാസത്തിലായിരുന്നു സുരേഷിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. എന്നാല്‍, തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പോരാട്ടമാണെന്നും, അതില്‍ പരിസ്ഥിതി വിഷയം മാത്രം പ്രചാരണ വിഷയമാക്കുന്നത് വിജയിക്കാന്‍ കഴിയില്ലെന്നും കീഴാറ്റൂര്‍ സമര ഐക്യദാര്‍ഢ്യ സമിതി പറയുന്നു. അതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സുരേഷിന്റെ തീരുമാനത്തിനു പിന്തുണ നല്‍കാനാവില്ല എന്നാണ് കീഴാറ്റൂര്‍ സമര ഐക്യദാര്‍ഢ്യ സമിതിയുടെ നിലപാട്.
പ്രാദേശിക വിഷയം മാത്രം ഉയര്‍ത്തിപ്പിടിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഭാവിയില്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നും വയല്‍ക്കിളികള്‍ വിലയിരുത്തുന്നു. പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് വയല്‍ക്കിളികള്‍ നിലപാടെടുത്തതോടെ പ്രതിസന്ധിയിലായിരിക്കുന്നത് സുരേഷ് കീഴാറ്റൂരാണ്. സിറ്റിങ് എം.പി. പി.കെ. ശ്രീമതിയെ തന്നെ വീണ്ടും രംഗത്തിറക്കി മണ്ഡലം നിലനിര്‍ത്താനൊരുങ്ങുന്ന സി.പി.എമ്മിന് തിരിച്ചടിയായിരുന്നു സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ. സുധാകരന്‍ തന്നെ വന്നതോടെ കണ്ണൂരില്‍ ഇക്കുറിയും ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുമെന്ന് ഉറപ്പാണ്.
2014 ല്‍ കനത്ത പോരാട്ടത്തിനൊടുല്‍ 6566 വോട്ടുകള്‍ക്കായിരുന്നു കോണ്‍ഗ്രസിലെ കെ. സുധാകരനെ പരാജയപ്പെടുത്തി പികെ ശ്രീമതി ടീച്ചറിലൂടെ സിപിഎം മണ്ഡലം തിരിച്ചു പിടിച്ചത്. ലീഡുകള്‍ മാറിമറിഞ്ഞ പോരാട്ടത്തിനൊടുവിലായിരുന്നു പി.കെ. ശ്രീമതി ടീച്ചര്‍ കണ്ണൂരില്‍ വിജയിച്ചത്. സി.പി.എം. പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരിലും പരിസര പ്രദേശങ്ങളിളും വയല്‍ക്കിളികളുടെ സമരത്തെ പിന്തുണയ്ക്കുന്ന ധാരാളം ആളുകളുണ്ട്. കാലാകാലങ്ങളായി സി.പി.എമ്മിന് ലഭിച്ചു പോരുന്ന ഈ വോട്ടുകള്‍ സുരേഷ് നേടിയാല്‍ അത് ശ്രീമതി ടീച്ചറുടെ വിജയത്തെ തന്നെ ബാധിക്കും.