ചെന്നൈ:
കുപ്രസിദ്ധമായ ഐ.പി.എൽ വാതുവയ്പു വിവാദത്തെ പറ്റി മനസ്സു തുറന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനുമായ മഹേന്ദ്ര സിങ് ധോണി. തന്റെ ജീവിതത്തിലെ ഏറ്റവും വിഷമമേറിയതും തിരിച്ചടി നേരിട്ടതുമായ കാലഘട്ടമായിരുന്നു വാതുവയ്പ് വിവാദമുയർന്ന 2013 ലെ ഐ.പി.എൽ എന്ന് ധോണി വെളിപ്പെടുത്തി. വാതുവയ്പു വിവാദം ഉയർന്നതിനെ തുടർന്ന് ചെന്നൈ സൂപ്പർ കിങ്സിനെ രണ്ട് വർഷത്തേക്ക് വിലക്കിയിരുന്നു. രാജസ്ഥാൻ റോയൽസ് ടീമിനെയും ഇതുമായി ബന്ധപ്പെട്ട് വിലക്കിയിരുന്നു.
‘റോർ ഓഫ് ദി ലയൺ’ എന്ന പേരിൽ പുറത്തിറങ്ങിയ ഡോക്യുഡ്രാമയിലാണ് ധോണി ഒത്തുകളി വിവാദത്തെക്കുറിച്ച് മനസ്സ് തുറന്നത്. കഴിഞ്ഞ സീസണിൽ ഐ.പി.എല്ലിലേക്ക് ചെന്നൈ സൂപ്പർ കിങ്സ് തിരിച്ചെത്തിയിരുന്നു, ആ കളിയിൽ ചെന്നൈ കിരീടവും നേടി. വാതുവയ്പു വിവാദത്തിന്റെയും ചെന്നൈ സൂപ്പർ കിങ്സിന്റെ തിരിച്ചുവരവിന്റെയും കഥ പറയുന്ന ഡോക്യുഡ്രാമയാണ് ‘റോർ ഓഫ് ദി ലയൺ’.
വാതുവയ്പു വിവാദത്തെ തുടർന്ന് താൻ തകർന്നതുപോലെ പിന്നീടൊരിക്കലും ജീവിതത്തിൽ തകർന്നിട്ടില്ല എന്ന് ‘റോർ ഓഫ് ദി ലയൺ’ന്റെ ആദ്യ എപ്പിസോഡിൽ ധോണി പറഞ്ഞു. താനും വാതുവച്ചതായി ആരോപണങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ ടീമിന് വിലക്കേർപ്പെടുത്താൻ താനും തന്റെ ടീമംഗങ്ങളും എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ലെന്നും ധോണി പറഞ്ഞു. ജീവിതത്തിൽ തനിക്ക് ചെയ്യാവുന്ന ഏറ്റവും വലിയ തെറ്റ് കൊലപാതകം പോലുമല്ല, അത് വാതുവയ്പാണ് എന്നും ഏതെങ്കിലും കളിക്കാർ വാതുവയ്പ്പിൽ പങ്കാളികളായിരുന്നോ എന്ന് തനിക്കറിയില്ലെന്നും ധോണി പറഞ്ഞു.