പൊന്നാനി:
ശക്തമായ മത്സരം നടക്കുന്ന പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ പി.ഡി.പി ഇടതുമുന്നണിയുടെ വോട്ടുചോര്‍ത്തുമെന്ന് ആശങ്ക. പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പൂന്തുറ സിറാജ് പിടിക്കുന്ന വോട്ടുകള്‍ ഇടതുപക്ഷത്തിന്റെ സാധ്യത തകര്‍ക്കുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. പൂന്തുറ സിറാജിനെ പിന്‍വലിപ്പിക്കാനുള്ള അണിയറ നീക്കവും ഇവിടെ നടക്കുന്നുണ്ട്. 2004 ല്‍ പൊന്നാനിയില്‍ 47,720 വോട്ടാണ് പി.ഡി.പി പിടിച്ചത്. പൊന്നാനിയിലെ പി.ഡി.പിയുടെ ഈ കരുത്താണ്, 2009 ലെ തിരഞ്ഞെടുപ്പില്‍ പി.ഡി.പിയുമായി സഖ്യം ചേര്‍ന്ന് പൊന്നാനിയില്‍ അബ്ദുല്‍നാസര്‍ മഅദനിയുമായി പിണറായി വിജയന്‍ വേദി പങ്കിടുന്നതില്‍ എത്തിച്ചത്.
കാന്തപുരത്തിന്റെ സ്ഥാനാര്‍ത്ഥിയായ ഡോ. ഹുസൈന്‍ രണ്ടത്താണിയെ ഇടതു സ്വതന്ത്രനായി ഇറക്കിയിട്ടും പൊന്നാനിയിലെ എല്‍.ഡി.എഫ്- പി.ഡി.പി സഖ്യപരീക്ഷണം പരാജയപ്പെടുകയായിരുന്നു. പൊന്നാനിയില്‍ ഹുസൈന്‍ രണ്ടത്താണിയെ പരാജയപ്പെടുത്തി മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ്ബഷീര്‍ 82,684 വോട്ടുകള്‍ക്ക് വിജയിക്കുകയും ചെയ്തു. പിന്നീട് സി.പി.എമ്മിന്റെ പി.ഡി.പി ബാന്ധവം പാര്‍ട്ടി തള്ളിക്കളയുകയും ചെയ്തു.
2014 ല്‍ പൊന്നാനിയില്‍ പി.ഡി.പി, മത്സരിക്കാതെ, ഇടതുപക്ഷത്തിനു പിന്തുണ നല്‍കുകയായിരുന്നു. ഇതോടെ ഇ.ടി മുഹമ്മദ്ബഷീറിനെതിരെ മത്സരിച്ച തിരൂരിലെ പഴയ കോണ്‍ഗ്രസ് നഗരസഭ വൈസ് ചെയര്‍മാന്‍ വി. അബ്ദുറഹിമാന് ഇ.ടിയുടെ ഭൂരിപക്ഷം 25410 ആയി കുറക്കാന്‍ കഴിഞ്ഞു. നിലമ്പൂരില്‍ അട്ടിമറി വിജയം നേടിയ പി.വി അന്‍വറിനെയാണ് ഇത്തവണ ഇടതുപക്ഷം പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ഇത്തരം ഒരു നീക്കം എന്നാണ് സൂചന.
മഅദനിക്ക് ശക്തമായ ജനപിന്തുണയുള്ള മണ്ഡലമാണ് പൊന്നാനി. പൊന്നാനിയില്‍ മഅദനി മത്സരിക്കണമെന്ന പി.ഡി.പിയുടെ ആവശ്യം മഅദനി നിരാകരിക്കുകയായിരുന്നു. ഇത്തവണ പി.ഡി.പി മത്സരിച്ചാല്‍ ഇടതുപക്ഷത്തിന് ലഭിച്ച അവരുടെ വോട്ടുകള്‍ നഷ്ടമാകും. അതേസമയം മഅദനി വിഷയത്തില്‍ അനുകൂല നിലപാടെടുത്ത നേതാവാണ് ഇ.ടി മുഹമ്മദ്ബഷീര്‍. മഅദനിയെ അദ്ദേഹം ജയിലില്‍ സന്ദര്‍ശിക്കുകയും മോചിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മഅദനിയുടെ നീതിനിഷേധം പ്രചരണായുധമാക്കിയാല്‍ പൊന്നാനിയില്‍ അരലക്ഷത്തോളം വോട്ടുപിടിക്കാനാവുമെന്നാണ് പി.ഡി.പി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എസ്.ഡി.പിയുടെ പിറവിയോടെ പി.ഡി.പി വോട്ടുബാങ്കില്‍ കാര്യമായ വിള്ളലുണ്ടായിട്ടുണ്ട്. എങ്കിലും പി.ഡി.പി സ്ഥാനാര്‍ത്ഥിയുണ്ടാകുന്നത് പൊന്നാനിയില്‍ ഇടതുപക്ഷത്തിനായിരിക്കും തിരിച്ചടിയാവുക. മഅദനിക്കെതിരായ നീതി നിഷേധത്തിനെതിരെ ശക്തമായ പ്രതിഷേധം പൊന്നാനിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ സഹതാപം പൂന്തുറ സിറാജിന് വോട്ടായി മാറിയാല്‍ അത് പൊന്നാനിയിലെ ജനവിധിയില്‍ നിര്‍ണായകമാകും.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, തവനൂര്‍, താനൂര്‍ മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനൊപ്പമായിരുന്നു. ഈയൊരു പ്രതീക്ഷയുടെ പിന്‍ബലത്തിലാണ് പൊന്നാനിയില്‍ ഒരു കൈനോക്കാന്‍ എല്‍.ഡി.എഫ്. ഇറങ്ങിത്തിരിക്കുന്നത്. എന്നാല്‍ അത് പ്രതീക്ഷ മാത്രമായി അവശേഷിക്കുമെന്നാണ് ലീഗ് നേതൃത്വം വെല്ലുവിളിക്കുന്നത്. നിലവിലെ സാഹചര്യം യു.ഡി.എഫിന് തുണയാകുമെന്നാണ് നേതൃത്വത്തിന്റെ ഉറച്ച വിശ്വാസം. എല്‍.ഡി.എഫിനെ മറികടന്ന് മണ്ഡലം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ അടിത്തട്ട് മുതലുള്ള പ്രവര്‍ത്തകരെ ഊര്‍ജ്ജസ്വലരായി രംഗത്തിറക്കാനുള്ള ഒരുക്കത്തിലാണ് ലീഗ്. പൊന്നാനി പിടിച്ചടക്കാനുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ കരുനീക്കങ്ങള്‍ മുന്നില്‍ കണ്ട് മണ്ഡലം നിലനിര്‍ത്താനുള്ള പരിശ്രമത്തിലാണ് മുസ്‌ലിംലീഗ്. കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളിലായി പൊന്നാനി മണ്ഡലത്തില്‍ യു.ഡി.എഫ്. വോട്ടുകളില്‍ സംഭവിച്ച ചോര്‍ച്ച തങ്ങള്‍ക്ക് ഗുണകരമായേക്കുമെന്ന പ്രതീക്ഷയില്‍ ഏതുവിധേനെയും മണ്ഡലം പിടിച്ചെടുക്കാന്‍ സജീവ പ്രവര്‍ത്തനങ്ങളുമായി സി.പി.എം. രംഗത്തുണ്ട്.
2009-ൽ പൊന്നാനിയിൽ 82,684 വോട്ടായിരുന്നു ഇ.ടി. മുഹമ്മദ്ബഷീറിന്റെ ഭൂരിപക്ഷം. 2014-ൽ അത് 25,410 ആയി കുറഞ്ഞു. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പിന്നെയും കുറഞ്ഞു. ഓരോ തിരഞ്ഞെടുപ്പിലും വോട്ട് കുറഞ്ഞുവരുന്ന പൊന്നാനിയുടെ കാര്യത്തില്‍ ലീഗിന് ആശങ്കയുണ്ട്. പരസ്യമായല്ലെങ്കിലും നേതാക്കൾതന്നെ ഇക്കാര്യം അംഗീകരിക്കുന്നുമുണ്ട്. പൊന്നാനിയുടെ കീഴിൽവരുന്ന ജില്ലയിലെ ആറ് നിയോജകമണ്ഡലങ്ങളിൽ മൂന്നിലും ഇടത്തു സ്ഥാനാർഥികളാണ് ജയിച്ചത്. ഉറച്ച കോട്ടയായിരുന്ന തിരൂരങ്ങാടിയിലും തിരൂരിലും കോട്ടയ്ക്കലിലും ലീഗ് ജയിച്ചെങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. ആറ് മണ്ഡലങ്ങളിലുമായി 10,600 വോട്ടിന്റെ ലീഡ് മാത്രമാണ് പൊന്നാനിയിൽ യു.ഡി.എഫിന് നേടാനായത്. അതുകൊണ്ടുതന്നെ കൂടുതൽ ആസൂത്രിതമായി പ്രവർത്തിച്ചാലേ മണ്ഡലം നിലനിർത്താനാകൂവെന്ന് പാർട്ടി നേരത്തേ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള ഇടപെടലുകളും തുടങ്ങി കഴിഞ്ഞു. പൊന്നാനിയില്‍ ഇത്തവണ കടുത്ത മത്സരം നടക്കുമെന്ന കാര്യത്തില്‍ മാത്രം തര്‍ക്കമില്ല.