ചെന്നൈ:
പ്രശസ്ത സംവിധായകൻ കെ.ജി രാജശേഖരൻ (72) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. തിരക്കഥാകൃത്തും, സംവിധായകനുമായിരുന്ന കെ.ജി. രാജശേഖരൻ ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 1968ൽ ‘മിടുമിടുക്കി’ എന്ന ചിത്രത്തിലൂടെ എം.എസ്. മണിയുടെ സഹസംവിധായകനായാണ് രാജശേഖരൻ സിനിമയിലെത്തുന്നത്.
1947 ഫെബ്രുവരി 12 ന് എടവ കുറുനിലക്കോട് കടക്കത്തുവീട്ടിൽ ഗോവിന്ദ കുറുപ്പിന്റെയും ജെ. കമലാക്ഷിയമ്മയുടേയും മകനായി ജനിച്ച രാജശേഖരൻ കൊല്ലം എസ്.എൻ കോളേജിൽ നിന്നും ബിരുദ പഠനത്തിനു ശേഷം സിനിമയിൽ എത്തുകയായിരുന്നു.
1978 ൽ ഇറങ്ങിയ ‘പത്മതീർഥം’ ആണ് സ്വതന്ത്രമായി ചെയ്യുന്ന ആദ്യ ചിത്രം. അതേ വർഷം തന്നെ ‘വെല്ലുവിളി’ എന്ന പേരിൽ രണ്ടാമത്തെ ചിത്രം ചെയ്തു. ‘ഇന്ദ്രധനുസ്സ്’, ‘തിരയും തീരവും’, ‘മാറ്റുവിൻ ചട്ടങ്ങളെ’, ‘ശാരി അല്ല ശാരദ’ എന്നിങ്ങനെ മുപ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്യുകയും തിരക്കഥയൊരുക്കുകയും ചെയ്തിട്ടുണ്ട്. ‘സിംഹധ്വനി'(1992) യാണ് അവസാന ചിത്രം. പിന്നണി ഗായിക അമ്പിളിയാണ് ഭാര്യ. രാഘവേന്ദ്ര, രഞ്ജിനി എന്നിവർ മക്കളാണ്.