ഇരിട്ടി :
വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി. ജയരാജനെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് സി.പി.എം. പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയാണെന്നു ആരോപണം. ഇരിട്ടി സ്വദേശിനിയായ ശ്രീലക്ഷ്മി അറയ്ക്കലാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.
‘ഹൃദയം ഇടതുപക്ഷത്തേക്ക് ചാഞ്ഞാണെങ്കിലും വടകരയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാതിരിക്കാന്‍ കഴിയില്ല. കാരണം, അക്രമ രാഷ്ട്രീയത്തലവന്‍ ജയിക്കുന്നത് കാണാന്‍ തീരെ ആഗ്രഹമില്ല. ജയരാജന്‍ മനസുവച്ചിരുന്നുവെങ്കില്‍ ഇത്ര രാഷ്ട്രീയകൊലപാതകങ്ങള്‍ കണ്ണൂരിലുണ്ടാവില്ലെന്ന് വിശ്വസിക്കുന്ന ഒരു പെണ്‍കുട്ടി’- ഇതായിരുന്നു ശ്രീലക്ഷ്മി അറയ്ക്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
തെറിവിളിയുമായി സൈബർ അറ്റാക്കിങ് ആയിരുന്നു ശ്രീലക്ഷ്മി ആദ്യം നേരിട്ടത്. തുടർന്ന് സൈബർ ആക്രമണം നടത്തിയവർ, തന്റെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ശ്രീലക്ഷ്മി പറയുന്നു. പോസ്റ്റ് ഡിലീറ്റ് ആക്കാൻ അമ്മ കരഞ്ഞ് പറയുകയായിരുന്നു. അല്ലേൽ നിന്നെ ആരേലും തല്ലിക്കൊല്ലുമെന്നെല്ലാം അമ്മ പറഞ്ഞുവെന്നും അവർ വ്യക്തമാക്കി.
കുറച്ചു നാളുകൾക്കു മുൻപ് സ്വയംഭോഗാനുഭവങ്ങൾ ഫേസ്‌ബുക്കിൽ തുറന്ന് പറഞ്ഞ് കയ്യടി നേടിയ പെൺകുട്ടിയാണ് ശ്രീലക്ഷ്മി അറക്കൽ. വളരെ ലേറ്റായാണ് താൻ സ്വയംഭോഗം ചെയ്യാൻ തുടങ്ങിയതെന്ന് പറഞ്ഞ ശ്രീലക്ഷ്മി അതിലേക്കെത്താനുള്ള കാര്യങ്ങളെല്ലാം വളരെ വ്യക്തമായി എഴുതിയിരുന്നു. ഒരു പെൺകുട്ടി ഇത്തരം പോസ്റ്റുകൾ ഇടാൻ കാണിച്ച ധൈര്യത്തിന് അന്ന് കയ്യടിച്ച പുരോഗമന വാദികൾ തന്നെയാണ് ഇന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പേരിൽ ആ പോസ്റ്റ് റിപ്പോർട്ട് ചെയ്ത് അക്കൗണ്ട് പൂട്ടിച്ചതെന്നതാണ് ഇതിലെ വിരോധാഭാസം.
എന്നാൽ ഇടതുപക്ഷ മനസുള്ള വ്യക്തിയാണ് ശ്രീലക്ഷ്മി എന്നതാണ് വാസ്തവം. വടകര ഒഴിച്ച് ബാക്കി 19 മണ്ഡലങ്ങളിലും അവർ ഇടതുപക്ഷത്തെയാണ് പിന്തുണക്കുന്നതെന്നു പറയുന്നു. തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ അങ്ങിനെയാണ്. ആ പോസ്റ്റ് താൻ ഡിലീറ്റ് ചെയ്യില്ല. കാരണം അത് എന്റെ രാഷ്ട്രീയ നിലപാട് ആണ് എന്നെല്ലമായിരുന്നു ശ്രീലക്ഷ്മി പോസ്റ്റിട്ടത്. ഒരു പോസ്റ്റിടുമ്പോള്‍തന്നെ അസഹിഷ്ണുത കാണിക്കുന്നവര്‍ക്ക് ആര്‍.എസ്.എസ്സിന്റെ അസഹിഷ്ണുതയെപ്പറ്റി പറയാന്‍ എന്തധികാരമെന്നും ശ്രീലക്ഷ്മി ചോദിക്കുന്നു. പക്ഷെ ഇവരുടെ ഫേസ് ബുക്ക് അക്കൗണ്ട് വരെ ജയരാജൻ അനുകൂലികൾ പൂട്ടിച്ചിരിക്കുകയാണ്.