ന്യൂഡല്‍ഹി:
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക രൂപീകരണത്തില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ സേവനം വിനിയോഗിക്കാന്‍ കോണ്‍ഗ്രസ് നീക്കം. പ്രകടനപത്രിക രൂപീകരണ സമിതി അധ്യക്ഷന്‍ പി. ചിദംബരം ഇതുസംബന്ധിച്ച് അദ്ദേഹവുമായി ചര്‍ച്ച നടത്തി. രാജ്യത്തെ പട്ടിണിരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ, പാവപ്പെട്ടവര്‍ക്കു പ്രതിമാസ മിനിമം വേതനം എന്നതാണു കോണ്‍ഗ്രസിന്റെ മുഖ്യ വാഗ്ദാനങ്ങളിലൊന്ന്. തൊഴിലുമായി ബന്ധപ്പെട്ടുള്ള ജനപ്രിയ വാഗ്ദാനങ്ങളും പത്രികയില്‍ ഇടംപിടിക്കും.
പൊതുമേഖലയില്‍ സ്ത്രീകള്‍ക്ക് 33 % തൊഴില്‍ സംവരണവും പരിഗണിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനു 100 ദിവസം മുന്‍പു പുറത്തിറക്കാനിരുന്ന പത്രിക അനന്തമായി വൈകുന്നതു പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായി. പത്രിക രൂപീകരണ സമിതിയംഗങ്ങള്‍ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ ദേശീയ നേതൃത്വത്തിനു സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും പത്രിക തയ്യാറാക്കുക. 2013 മുതല്‍ 2016 സെപ്റ്റംബര്‍ വരെ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്നു രഘുറാം രാജന്‍.
കേന്ദ്രീകൃത ബാങ്കിങ്ങില്‍ രഘുറാം രാജനുള്ള പരിചയവും സാമ്പത്തിക വിദഗ്ദ്ധന്‍ എന്ന നിലയില്‍ അന്താരാഷ്ട്ര തലത്തില്‍ നേടിയിട്ടുള്ള അംഗീകാരങ്ങളുമാണ് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക രൂപീകരണത്തില്‍ അദ്ദേഹത്തിന്റെ സേവനം വിനിയോഗിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. സാമ്പത്തിക രംഗത്തെ പല കാര്യങ്ങളിലും മോദി സര്‍ക്കാരുമായി കടുത്ത വിയോജിപ്പുണ്ടായിരുന്ന രഘുറാം രാജനെ സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് കാലാവധി നീട്ടികൊടുക്കാതെ ഒഴിവാക്കുകയായിരുന്നു.
രഘുറാം രാജന്‍ ആര്‍.ബി.ഐ. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവെക്കുകയും ഊര്‍ജിത് പട്ടേല്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുകയും ചെയ്ത ഉടനെയാണ് നോട്ടു നിരോധനം പ്രഖ്യാപിച്ചത്. ഇതിനു ആറു മാസം മുമ്പുതന്നെ നോട്ടു നിരോധനം സംബന്ധിച്ച വിഷയത്തില്‍ ആര്‍.ബി.ഐയും കേന്ദ്രസര്‍ക്കാറും തമ്മില്‍ ആശയ വിനിമയങ്ങള്‍ തുടര്‍ന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രഘുറാം രാജന്റെ എതിര്‍പ്പാണ് അതുവരെ നോട്ടു നിരോധനം നടപ്പാക്കാന്‍ കേന്ദ്രത്തിനു തടസ്സമായതെന്നായിരുന്നു സൂചന. നോട്ടു നിരോധനത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് രഘുറാം രാജന്‍ പിന്നീട് രംഗത്തെത്തുകയും ചെയ്തിരുന്നു.
ഒരു ഘട്ടത്തില്‍ ബ്രിട്ടന്റെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ രഘുറാം രാജന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു.