പാറ്റ്ന :
ബീഹാറിലെ 40 സീറ്റുകളിലും സീറ്റ് വിഭജനം പൂർത്തിയായതായി കോൺഗ്രസ്, ആര്‍.ജെ.ഡി നേതൃത്വങ്ങൾ വ്യക്തമാക്കി. മഹാസഖ്യത്തിലെ സീറ്റ് വിഭജനം ഇന്ന് പാറ്റ്നയിൽ പ്രഖ്യാപിക്കും. കോൺഗ്രസ് 9 സീറ്റുകളിലും ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി 19 സീറ്റുകളിലും മത്സരിക്കാനാണ് ധാരണയായത്. മഹാസഖ്യത്തിലെ ചെറുകക്ഷികൾക്കായി ബാക്കിയുള്ള സീറ്റുകൾ വീതിച്ച് നൽകും. ഏപ്രിൽ 11 നാണ് ബീഹാറിൽ വോട്ടെടുപ്പ് തുടങ്ങുന്നത്. 7 ഘട്ടമായാണ് പോളിംഗ്.
ആര്‍.ജെ.ഡി 20 സീറ്റിലും കോണ്‍ഗ്രസ് 11 സീറ്റിലും മത്സരിക്കാന്‍ ഏകദേശ ധാരണയുണ്ടായിരുന്നെങ്കിലും ഘടകകക്ഷി സമ്മര്‍ദ്ദം കാരണമാണ് തീരുമാനം വൈകിയത്. മാരത്തോൺ ചർച്ചകൾക്കും വിലപേശലുകൾക്കും ഒടുവിൽ എൻ.ഡി.എ. വിട്ട് മഹാസഖ്യത്തിലെത്തിയ ഉപേന്ദ്ര കുശ് വാഹയുടെ ആര്‍.എൽ.എസ്.പിക്ക് 4 സീറ്റ്, ജിതൻ റാം മാഞ്ചിയുടെ എച്ച്.എ.എമ്മിനും ശരത് യാദവിന്റെ പാര്‍ട്ടിക്കും രണ്ടു വീതം സീറ്റ് എന്നതാണ് ധാരണ. ബെഗുസരായ് മണ്ഡലത്തില്‍ നിന്നും കനയ്യകുമാര്‍ ജനവിധി തേടുമെന്നും ആര്‍.ജെ.ഡി കോണ്‍ഗ്രസ് സഖ്യം കനയ്യകുമാറിനെ പിന്തുണയ്ക്കുമെന്നും സൂചനയുണ്ട്.
2015-ൽ രാജ്യമാകെ വീശിയടിച്ച മോദി തരംഗത്തെ പിടിച്ചുനിർത്തിയ സംസ്ഥാനമാണ് ബീഹാർ. ലാലുവിന്റെയും നിതീഷിന്റെയും നേതൃത്വത്തിലുള്ള മഹാസഖ്യമാണ് മോദിയെ തടുത്തത്. എന്നാൽ, ലാലുപ്രസാദ് യാദവ് നേരിട്ടു രംഗത്തില്ലാത്ത തിരഞ്ഞെടുപ്പിനെയാണ് 2019-ൽ മഹാസഖ്യം നേരിടാൻ പോകുന്നത്. മണ്ഡൽ രാഷ്ട്രീയം വീണ്ടും ഉയർത്താനാണ് ആർ.ജെ.ഡി. ശ്രമിക്കുന്നത്. ബേറോസ്ഗാരി ഹഠാവോ, ആരക്ഷൺ ബഠാവോ (തൊഴിലില്ലായ്മ അവസാനിപ്പിക്കുക, സംവരണം വർദ്ധിപ്പിക്കുക) എന്ന മുദ്രാവാക്യവുമായി തേജസ്വി യാദവ് സംസ്ഥാനവ്യാപകമായി പര്യടനം നടത്തിയത് ഈ ലക്ഷ്യത്തിലാണ്. 24 ശതമാനം വരുന്ന ഏറ്റവും പിന്നാക്കക്കാർ പ്രധാന പങ്കായിരിക്കും തിരഞ്ഞെടുപ്പിൽ വഹിക്കുക.
ജാതിസമവാക്യങ്ങൾ നിർണയിക്കുന്ന ബീഹാറിന്റെ രാഷ്ട്രീയസമസ്യകൾക്ക് സങ്കീർണതയേറ്റുന്ന അടിയൊഴുക്കുകളാണ് ഇത്തവണ. 2014-ലും ‘15-ലും രൂപപ്പെട്ട രാഷ്ട്രീയസമവാക്യങ്ങൾ കീഴ്‌മേൽ മറിഞ്ഞിരിക്കുന്നു. എൻ.ഡി.എ. വിട്ടു ഒരു കാലത്തു മോദിയുടെ കടുത്ത രാഷ്ട്രീയ എതിരാളിയായ നിതീഷ് കുമാർ വീണ്ടും എൻ.ഡി.എ. മുന്നണിയിലാണ്.
ഉത്തർപ്രദേശ് വരെ എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചരണത്തെ നയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെങ്കിൽ, ബിഹാറിൽ മുന്നണിയുടെ മുഖം നിതീഷ് കുമാറാണ്. നിതീഷിന്റെ വ്യക്തിപ്രഭാവവും “സുശാസൻ ബാബു” എന്ന വികസനനായക പരിവേഷവുമാണ് എൻ.ഡി.എ.യുടെ തുറുപ്പുചീട്ട്. നിതീഷിന്റെ ഭരണകാലത്തുണ്ടായ വികസനം, ക്രമസമാധാനപാലനം, മദ്യനിരോധനം, പെൺ വിദ്യാഭ്യാസത്തിനുള്ള പ്രോത്സാഹനം തുടങ്ങിയവ തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളായി എൻ.ഡി.എ. ഉയർത്തും. തിരഞ്ഞെടുപ്പു വിജയങ്ങളുടെ ചാണക്യൻ, പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളും കൂടിയാകുമ്പോൾ എൻ.ഡി.എ. ക്യാമ്പ് ആത്മവിശ്വാസത്തിലാണ്. സീറ്റ് വീതംവെക്കൽ പൂർത്തിയാക്കിക്കഴിഞ്ഞു. 17 സീറ്റുകളിൽ വീതം ബി.ജെ.പി.യും, ജെ.ഡി.യു.വും ആറു സീറ്റുകളിൽ പാസ്വാന്റെ പാർട്ടിയും മത്സരിക്കും. എൻ.ഡി.എ. സ്ഥാനാർത്ഥികളെയും ഇന്നു പ്രഖ്യാപിക്കും.