Wed. Jan 22nd, 2025
#ദിനസരികള് 704

അദ്വാനിയെന്നാണ് പേര്. ജനസംഘം മുതല്‍ തുടങ്ങിയ അധ്വാനമാണ്. ഭയങ്കര കര്‍ക്കശക്കാരനായതുകൊണ്ട് ലോഹപുരുഷനെന്നാണ് പ്രസിദ്ധി. രാജ്യത്തെ ഹിന്ദുത്വയുടെ വഴിയേ ആനയിക്കുക എന്നതായിരുന്നു അവതാരലക്ഷ്യം. ആയതിനു വേണ്ടി രാജ്യമൊട്ടാകെ അഞ്ചാറു രഥയാത്രകള്‍ നടത്തി കുഴച്ചു മറിച്ചിട്ടുണ്ട്. ഇന്ത്യാ പാക് വിഭജനത്തിന് ശേഷം രാജ്യത്തെ വീണ്ടും വിഭജിച്ച ബാബറി മസ്ജിദ് തകര്‍ക്കലിന് ആ രഥയാത്രകള്‍ കാരണമായി. ആളിക്കത്തിച്ച വര്‍ഗ്ഗീയതയുടെ ഫലമായി ഹിന്ദു തീവ്രവാദികളെ അധികാരത്തിലേക്കെത്തിക്കാന്‍ കഴിഞ്ഞുവെന്നത് കാണാതിരുന്നുകൂടാ. കൂടെ കളി തുടങ്ങിയ വാജ്‌പേയി സൌമ്യമുഖമെന്ന പടുതയുടെ മറവില്‍ പലതും പിടിച്ചെടുക്കുമ്പോള്‍ അമര്‍ഷത്തോടെ കണ്ടു നില്ക്കാനേ കഴിഞ്ഞുള്ളു. അതുകൊണ്ട് എന്നും രണ്ടാമനായിട്ടാണ് ജീവിച്ചു പോന്നത്. ആഭ്യന്തര മന്ത്രിയായും ഉപപ്രധാനമന്ത്രിയുമായി അദ്ദേഹം തനിക്ക് എറിഞ്ഞു കിട്ടിയ അപ്പക്കഷണങ്ങളെ ആസ്വദിച്ചു. സഹിച്ചും ക്ഷമിച്ചും തനിക്കൊരു കാലം വരുമെന്ന ശുഭപ്രതീക്ഷയോടെ അദ്ദേഹം ജീവിച്ചു.

വാജ്പേയിയുടെ പ്രധാനമന്ത്രി കാലം കഴിയാറാതോടെ ഇനി ഒന്നാമന്‍ താന്‍ തന്നെയാണെന്ന് 2004 ല്‍ പാവം ലോഹപുരുഷന്‍ ഉറച്ചു വിശ്വസിച്ചു. വാജ്‍പേയിയുടെ ഭരണത്തിന് തുടര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിച്ചു ചില കരുക്കളെല്ലാം നീക്കി, ചില നിറങ്ങളെല്ലാം മാറ്റിയെഴുതി ശാന്തനും സൌമ്യനുമായ ഒരുവനായി രംഗത്തെത്തി.എന്നാല്‍ 2004 പൊതു തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിരുന്ന കാര്യങ്ങളൊക്കെ പഠിക്കാനാണ് ജനം നിര്‍‌ദ്ദേശിച്ചത്. ഗത്യന്തരമില്ലാതെ 2009 വരെ പ്രതിപക്ഷ നേതാവായി. ഒന്നാം യു.പി.എ. സര്‍ക്കാറിന്റെ അവസാനം പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന ലോഹനു 2009 ലെ ഇലക്ഷന്‍ നിരാശ സമ്മാനിച്ചു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആടിയും ഉലഞ്ഞും മുന്നോട്ടു പോകുമ്പോള്‍ സമാന്തരമായി ഗുജറാത്തില്‍ തന്റെ ആദ്യകാല പാതകളെ പിന്‍പറ്റി പ്രിയ ശിഷ്യനായ നരേന്ദ്രമോഡി വളര്‍ന്നു വരുന്നുണ്ടായിരുന്നു.2001 ല്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായ മോദി ഹിന്ദു തീവ്രവാദികളുടെ നേതൃത്വത്തില്‍ മുസ്ലീങ്ങള്‍‌ക്കെതിരെ വലിയ കലാപങ്ങള്‍ നടത്തി ജനതയെ തമ്മിലടിപ്പിച്ച് വോട്ടു നേടി തന്റെ സ്ഥാനം സുരക്ഷിതമാക്കി.എന്നാല്‍ കേവലം ഒരു മുഖ്യമന്ത്രിക്കസേരിയില്‍ ഒതുങ്ങിക്കൂടാന്‍ അദ്ദേഹം തയ്യാറായില്ല. ഡല്‍ഹിയിലെ സിംഹാസനത്തിലായിരുന്നു കണ്ണ്. അത് തിരിച്ചറിയാന്‍ ലോഹപുരുഷന്‍ അല്പം താമസിച്ചു വന്നപ്പോഴേക്കും കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ മോദി ചീറിയടിച്ചു. 2014 ആകുമ്പോഴേക്കും മോദി പാര്‍ട്ടിയില്‍ അനിഷേധ്യനായി കഴിഞ്ഞിരുന്നു. തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ അമിത് ഷായേയും മോദി കൈ പിടിച്ചു കൂടെ കൂട്ടി. ഗുജറാത്തില്‍ 2002 തന്റെ മന്ത്രിസഭയില്‍ ഷാ അംഗമായ അന്നു മുതല്‍ അദ്ദേഹത്തിന് ഒരു സീറ്റ് മോദി എല്ലായ്പോഴും തന്റെ ഹൃദയത്തില്‍ ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു.

ആ കൂട്ടുകെട്ട് പാവം ലോഹപുരുഷനെ ഉരുക്കിക്കളഞ്ഞു. നിരാശനും നിഷ്കാസിതനുമായ അദ്ദേഹം 2013 ല്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. തന്നെ പിന്തള്ളിക്കൊണ്ട് മോദി ഇടിച്ചു കയറി വരുന്നതിന് തടയിടാനുള്ള അവസാനത്തെ നീക്കമായിരുന്നു അത്. ഡോക്ടര്‍ മുഖര്‍ജിയും ദീനദയാല്‍ജിയും നാനാജിയും അടല്‍ജിയും താനുമൊക്കെ സ്വപ്നം കണ്ട രീതിയിലല്ല പാര്‍ട്ടി ഇപ്പോള്‍ പോകുന്നതെന്നും അതുകൊണ്ടുതന്നെ ദേശീയ എക്സിക്യൂട്ടീവ്, പാര്‍ലമെന്ററി ബോര്‍ഡ്, തിരഞ്ഞെടുപ്പ് കമ്മറ്റി എന്നിവയില്‍ നിന്നും താന്‍ രാജിവെക്കുന്നുവെന്ന് അദ്ദേഹം പ്രസിഡന്റായ രാജ് നാഥ് സിംഗിന് കത്തയച്ചു.

കഷ്ടമെന്നല്ലാതെ എന്തു പറയാന്‍. കര്‍ക്കശക്കാരനായ ലോഹപുരുഷന്‍ അതിദയനീയനായി ഉരുകിയൊലിക്കുന്നതാണ് ലോകം പിന്നീട് കണ്ടത്. മോദിയുടേയും കൂട്ടരുടേയും ശാസനകള്‍ക്ക് മുന്നില്‍ അദ്ദേഹം മുട്ടുകുത്തി വീണു. അടവു നീക്കത്തിലെ വലിയൊര പാളിച്ചയായിരുന്നു അദ്വാനിയുടെ ആ നീക്കം. മോഡിയുടെ കൂടെ ഒട്ടിപ്പിടിച്ചു നിന്നിരുന്നുവെങ്കില്‍ തൊട്ടിയില്‍ നിന്നും പുറത്തേക്കു തെറിക്കുന്ന വെള്ളവും പുല്ലുമെങ്കിലും പാവത്തിന് ലഭിക്കുമായിരുന്നു. എന്നാല്‍ മോഡി ശത്രുവായതോടെ ആ സാധ്യതയും മങ്ങി. പിന്നീട് പ്രസിഡന്റ് സ്ഥാനത്തേക്ക് ദളിതനായ രാജ് നാഥ് കോവിദിനെ മോദി സ്ഥാപിച്ചെടുത്തപ്പോള്‍ പാവം അദ്വാനി കുളിമുറിയിലിരുന്നെങ്കിലും പഴയ ശിഷ്യനെ പിണക്കിയതിനെച്ചൊല്ലി തന്റെ തലക്ക് അടിച്ചിട്ടുണ്ടാകുമെന്ന് തീര്‍ച്ച. മോദിക്കെതിരെ താനുന്നയിച്ച ആക്ഷേപങ്ങള്‍ നിലനില്ക്കുമ്പോള്‍തന്നെ രാജി പിന്‍വലിക്കേണ്ടി വന്നു. ലാല്‍‌ കൃഷ്ണ അദ്വാനിയുടെ യുഗം അവസാനിച്ചുവെന്ന് മാധ്യമങ്ങള്‍ തീര്‍‌പ്പെഴുതി.

മോദിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച അദ്വാനിക്ക് പിടിച്ചു നില്ക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ അഞ്ചു വര്‍ഷവും കൃത്യമായി പാര്‍ലമെന്റിലെത്തിയ അദ്ദേഹം ഒരക്ഷരം പോലും സംസാരിക്കാതെ തന്റെ ദിനങ്ങള്‍ തള്ളി നീക്കി. അവഗണനയുടെ പരകോടിയിലെത്തിയ അദ്ദേഹത്തെ കാണുമ്പോള്‍ ശത്രുക്കളില്‍ പോലും സഹതാപം നിറഞ്ഞു. പാര്‍ട്ടിയെ ഉണ്ടാക്കാന്‍ നാടാകെ തീവ്രവാദം ചാലിച്ച് ഓടി നടന്ന അപ്രമാദിയായ ഒരുവന്‍ അതിദയനീയമായി പടുകുഴിയില്‍ വീണു കിടക്കുമ്പോള്‍ ആര്‍ക്കാണ് സഹതാപം തോന്നാതിരിക്കുക. എന്നാല്‍ ഒറ്റപ്പെട്ട് യുദ്ധക്കളത്തില്‍ വീണു കിടക്കുന്ന ആ വന്ദ്യനെ മോദിയും ഷായുമടങ്ങുന്ന കൂട്ടുകെട്ട് പിന്നേയും പിന്നേയും ആഞ്ഞു ചവിട്ടിക്കൊണ്ടേയിരുന്നു. ഒന്നു പിടയാന്‍ പോലുമുള്ള ശേഷിയില്ലാതെ എല്ലാം സഹിച്ച് ഒരു മൂലയില്‍ ഒതുങ്ങിയിരിക്കുന്ന പാര്‍ട്ടി സ്ഥാപക നേതാവിനെ ലോകം കണ്ടു.

ഇതാ ഇപ്പോള്‍ പതിനേഴാം ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. 1998 മുതല്‍ താന്‍ പ്രതിനിധീകരിച്ചിരുന്ന ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലം പോലും 91 വയസ്സായ അദ്വാനിക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. ഏകദേശം മൂന്നു ലക്ഷം വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ അദ്ദേഹം അവിടെ നിന്നും ജയിച്ചത്. പകരം അദ്വാനിയുടെ പരമശത്രുവായ അമിത് ഷായാണ് ഗാന്ധിനഗറിലേക്ക് വരുന്നത്. തന്റെ ജീവിത കാലം മുഴുവന്‍ ഹിന്ദുക്കളുടെ ഉന്നമനത്തിനും ഹിന്ദു രാജ്യത്തിന്റെ സംസ്ഥാപനത്തിനും വേണ്ടി മാറ്റി വെച്ച അദ്വാനിയെ വലിച്ചു പുറത്തെറിഞ്ഞുകൊണ്ട് അഹിന്ദുവായ അമിത് ഷാ പകരം വരുന്നുവെന്നത് അദ്വാനിക്കുവേണ്ടി ചരിത്രം കരുതിവെച്ച പ്രതികാരമാണോ?

എന്തായാലും ജനസംഘം മുതല്‍ ബി.ജെ.പിയിലുടെ ഇന്ത്യയില്‍ ഹിന്ദുത്വ തീവ്രവാദത്തിന്റെ വക്താവും പ്രയോക്താവുമായിരുന്ന ലാല്‍ കൃഷ്ണ അദ്വാനി എന്ന ലോഹപുരുഷന്റെ ശവപ്പെട്ടിയിലേക്ക് മോദിയും കൂട്ടരും അവസാനത്തെ ആണിയും അടിച്ചു താഴ്ത്തിയിരിക്കുന്നു. പാവം ലോഹപുരുഷന് ആദരാഞ്ജലികള്‍.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *