വടകര:
വടകര യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ ഇന്ന് പ്രചാരണം ആരംഭിക്കും. കോഴിക്കോട് രാവിലെ വാര്‍ത്താസമ്മേളനം മുരളീധരന്‍ നടത്തിയ ശേഷം വടകരയിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗത്തിലൂടെ ആയിരിക്കും പോകുന്നത്. വടകരയില്‍ വന്‍ സ്വീകരണമാണ് മുരളീധരനായി ഒരുക്കിയിരിക്കുന്നത്. യു.ഡി.എഫ് പ്രചരണ പരിപാടികള്‍ക്ക് വൈകീട്ട് 4 ന് നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടെ ആരംഭം കുറിക്കും . വടകര സാക്ഷ്യം വഹിക്കുന്നത് ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് എന്നും പാര്‍ട്ടി തന്നെ ഏല്പിച്ചിരിക്കുന്നത് ഒരു സുപ്രധാനമായ ദൗത്യമാണ് എന്നും മുരളീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതെ സമയം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും പി. ജയരാജന്‍ വിജയിച്ചാല്‍ കൂടുതല്‍ ആര്‍.എം.പി. പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമെന്ന് ഭയക്കുന്നുവെന്ന് ആര്‍.എം.പി. നേതാവ് കെ.കെ. രമ പറഞ്ഞു. ആര്‍എംപിയെ ഇല്ലാതാക്കാനായി ജയരാജന്‍ പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും രമ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് രമ ഇക്കാര്യം പറഞ്ഞത്. ഞങ്ങളുടെ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ ഞങ്ങള്‍ തയ്യാറാണ്. അതുകൊണ്ടാണ് പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് വിപരീതമായി ജയരാജനെ പുറത്താക്കാനായി കോണ്‍ഗ്രസിനെ പിന്തുണക്കുന്നത് എന്ന് രമ കൂട്ടിച്ചേര്‍ത്തു.
പരാജയ ഭീതിയാല്‍ ആര്‍.എം.പിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും രമ പറഞ്ഞു. ഞങ്ങള്‍ യു.ഡി.എഫിന്റെ ഭാഗമല്ല. കോണ്‍ഗ്രസിനോടും യു.ഡി.എഫിനോടും ഒരിക്കലും ആര്‍.എം.പി. യോജിച്ചു പോകില്ല. പൊതു ശത്രുവിനെ പുറത്താക്കാനുള്ള തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണ് ഇപ്പോഴത്തെ പിന്തുണ. അതിനര്‍ത്ഥം ആര്‍.എം.പി എപ്പോഴും യു.ഡി.എഫിന് പിന്തുണ കൊടുക്കം എന്നല്ല- രമ പറഞ്ഞു.
കോണ്‍ഗ്രസും അക്രമ രാഷ്ട്രീയം നടത്തുന്നുണ്ട്. പക്ഷേ അവരില്‍ നിന്നും ഞങ്ങള്‍ക്ക് ഭീഷണി നേരിടേണ്ടി വന്നിട്ടില്ല. ആര്‍.എം.പി. പ്രവര്‍ത്തകരുടെ ജീവന് ഭീഷണി സി.പി.എമ്മില്‍ നിന്നാണെന്നും രമ പറഞ്ഞു. മത്സരിക്കുന്ന മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ബി.ജെ.പിയുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കും സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് എതിരെയും പോരാടുമെന്നും രമ കൂട്ടിച്ചേര്‍ത്തു.
സി.പി.എമ്മും ബി.ജെ.പിയും ഒരുപോലെ ആര്‍.എം.പിയുടെ ശത്രുക്കളാണ്. എന്തു വില കൊടുത്തും ബി.ജെ.പിയുടെ ഫാസിസ്റ്റ് നിലപാടുകളില്‍ നിന്നു രാജ്യത്തെ രക്ഷിക്കണം. ഞങ്ങളുടെ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി സി.പി.എമ്മിനെയും അടക്കി നിര്‍ത്തണം- സി.പി.എമ്മാണോ ബി.ജെ.പിയാണോ പ്രധാന എതിരാളി എന്ന ചോദ്യത്തിന് മറപടിയായി രമ പറഞ്ഞു.