Mon. Dec 23rd, 2024

 

ചെന്നൈ:

രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളിൽ തന്റെ നിലപാട് മനസ്സ് തുറന്ന് വ്യക്തമാക്കുന്ന കാര്യത്തിൽ അറിയപ്പെടുന്ന വ്യക്തിയാണ് നടൻ സിദ്ധാർത്ഥ്. നർമ്മത്തോടെയുള്ള വിമർശനങ്ങളാണ് പലപ്പോഴും ട്വിറ്ററിലൂടെ സിദ്ധാർത്ഥ് പ്രകടിപ്പിക്കാറുള്ളത്. ഇന്നലെ പുറത്തുവന്ന നടൻ വിവേക് ഒബ്‌റോയ് നരേന്ദ്ര മോദിയായി അഭിനയിക്കുന്ന ‘പി.എം നരേന്ദ്ര മോദി’ എന്ന ചിത്രത്തിന്റെ ട്രെയിലറിനെ ആണ് സിദ്ധാർത്ഥ് കണക്കറ്റ് പരിഹസിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് സാമ്രാജ്യത്തെ ഒറ്റയ്ക്ക് തുടച്ചു നീക്കി നരേന്ദ്ര മോദി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് ട്രെയിലറിൽ കാണിക്കുന്നില്ലെന്നും, സിക്കുലർ(sickular), ലിബ്റ്റാർഡ്(libtard), കമ്മി (commie), നക്സൽസ്(naxals) പിന്നെ തീർച്ചയായും നെഹ്രുവിന്റെയും വിലകുറഞ്ഞ സൂത്രമാണ് ഇതിന് പിന്നിലെന്നാണ് തോന്നുന്നതെന്നും സിദ്ധാർത്ഥ് ട്വിറ്ററിലൂടെ പരിഹസിച്ചു. താൻ മോദിക്കൊപ്പം നിൽക്കുന്നു എന്ന ഹാഷ് ടാഗും കുറിപ്പിൽ ചേർത്തിട്ടുണ്ട്.

https://www.youtube.com/watch?v=X6sjQG6lp8s

‘പി.എം നരേന്ദ്ര മോദി’ പോലെ ഉള്ള ജീവചരിത്ര സിനിമകൾ ചെയ്യുന്നതിൽ നമ്മുടെ സിനിമ നിർമ്മാതാക്കൾ കാണിക്കുന്ന സത്യസന്ധത കാണുമ്പോൾ, വരാനിരിക്കുന്ന ജയലളിതയെ കുറിച്ചുള്ള ജീവചരിത്ര സിനിമകൾ പോലുള്ളവ എത്രമാത്രം ‘സ്വർണ്ണം പൂശൽ’ ആണ് നടത്താൻ പോവുന്നുണ്ടാവുക എന്നാലോചിച്ച് താൻ അത്ഭുതപെടുകയാണ് എന്നും. ചരിത്രം അറിയാതിരിക്കുക എന്നത് ക്ഷമിക്കാവുന്ന കാര്യമാണ്, എന്നാൽ ചരിത്രം തെറ്റായി വ്യാഖ്യാനിക്കുക എന്നത് ക്ഷമിക്കാനാവില്ലെന്നും സിദ്ധാർത്ഥ് മറ്റൊരു കുറിപ്പിൽ പറഞ്ഞു.

പൊതു തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെള്ളപൂശുന്ന, മോദിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘പി.എം നരേന്ദ്ര മോദി’. ഏപ്രിൽ 5നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പ് 11ന് നടക്കാനിരിക്കെയാണ്‌ ഇത്. അന്തരിച്ച മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറിച്ചും ജീവചരിത്ര സിനിമ വരുന്നുണ്ട്. നിത്യ മേനോൻ ആണ് ജയലളിതയായി അഭിനയിക്കുന്നത് എന്നാണ് സൂചന.

 

 

Leave a Reply

Your email address will not be published. Required fields are marked *