Wed. Nov 6th, 2024
പാലക്കാട് :

പാലക്കാട് ജില്ലയിലെ മണ്ണൂർനഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം പീഡനക്കേസ് ആയതോടെ തിരഞ്ഞെടുപ്പു കാലത്തു സി.പി.എം. പ്രതിരോധത്തിൽ. സി.പി.എമ്മിന്റെ ചെറുപ്പളശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ചാണ് താൻ പീഡനത്തിനിരയായി ഗർഭിണി ആയതെന്നു യുവതി മൊഴി നൽകിയതു തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഏറെ മുന്നോട്ടു പോയ സി.പി.എമ്മിന് കനത്ത പ്രഹരമായി.

സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സി.പി.എം. ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. സ്ത്രീകൾക്ക് കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും ചെന്നിത്തല പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിലും വിമർശനങ്ങളെ പ്രതിരോധിക്കാനാകാതെ കുഴങ്ങുകയാണ് സി.പി.എം. കോൺഗ്രസ്സിന്റെ സൈബർ വിഭാഗത്തിന്റെ ചുക്കാൻ പിടിക്കുന്ന വി.ടി.ബൽറാമും, സി.പി.എമ്മിനെ വിമർശിച്ചു രംഗത്തെത്തി. “കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചരണം നിർത്തിവച്ച് ശ്രീമതി ടീച്ചർ ഉടൻ പാലക്കാട് മണ്ഡലത്തിലെ ഷൊർണ്ണൂരിനടുത്ത ചെർപ്പുളശ്ശേരിയിൽ എത്തിച്ചേരേണ്ടതാണ്. കൂടെ എ.കെ. ബാലനേയും കൂട്ടാവുന്നതാണ്. സി.പി.എം. നേതാക്കൾ പാർട്ടി ഓഫീസിൽ വച്ച് പീഡിപ്പിച്ച വേറൊരു പെൺകുട്ടിയെ കൂടി ഉടൻ നിശബ്ദയാക്കേണ്ടതുണ്ട്.” എന്നായിരുന്നു ബാലറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എന്നാൽ പരാതിയെക്കുറിച്ച് അറിയില്ലെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്നുമാണ് സി.പി.എം. പറയുന്നത്. ആരോപണ വിധേയനും ഇരയായ യുവതിക്കും പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് സി.പി.എം. ചെർപ്പുളശ്ശേരി ഏരിയാ സെക്രട്ടറി കെ. ബി.സുഭാഷ് പറ​​ഞ്ഞു.

ഈ മാസം 16ാം തീയതി ഉച്ചയ്ക്കാണ് 24 മണിക്കൂർ പ്രായമുള്ള നവജാതശിശുവിനെ മങ്കര മണ്ണൂർ നഗരിപ്പുറത്ത് ശ്രീഹരി വീട്ടിൽ ഹരിപ്രസാദിന്റെ വീടിനു പിന്നിൽ കണ്ടെത്തിയത്. ഹരിപ്രസാദിന്റെ വീടിനോടു ചേർന്ന സ്ഥലത്ത് ഉറുമ്പരിച്ച നിലയിലായിരുന്നു പെൺകുഞ്ഞ്. കരച്ചിൽ കേട്ടു നോക്കിയപ്പോഴാണു കുഞ്ഞു വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പൊക്കിൾക്കൊടി വിട്ടിരുന്നില്ല. വീട്ടുകാരും പരിസരവാസികളും ചേർന്നു കുഞ്ഞിനെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് മങ്കര പൊലീസിൽ വിവരമറിയിച്ചു. പ്രാഥമിക ചികിത്സകൾക്കു ശേഷം കുഞ്ഞിനെ മങ്കര പൊലീസിനു കൈമാറി. സംഭവത്തിൽ പൊലീസെത്തി അന്വേഷണം തുടങ്ങിയതോടെയാണ് കുട്ടിയുടെ അമ്മയായ യുവതിയെ കണ്ടെത്തിയത്.

എന്നാൽ യുവതിയെ ചോദ്യം ചെയ്തു തുടങ്ങിയപ്പോളാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച കേസ് മറ്റൊരു പീഡനക്കേസായി ചുരുളഴിഞ്ഞത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ പീഡിപ്പിക്കപ്പെട്ടതാണെന്ന യുവതിയുടെ മൊഴി കേസിനെ മാറ്റിമറിച്ചു. സി.പി.എം. പാർട്ടി ഒ‍ാഫീസിൽ വച്ചു പീഡിപ്പിക്കപ്പെട്ടാണു ഗർഭിണിയായത് എന്ന യുവതിയുടെ മൊഴിയോടെ ഈ കേസിനു രാഷ്ട്രീയ മാനം കൈവന്നു.
ചെറുപ്പുളശേരിയിലെ സ്വാശ്രയ കോളജ് വിദ്യാർത്ഥികളായിരുന്നു യുവതിയും ആരോപണവിധേയനായ യുവാവും. എസ്.എഫ്.ഐ. പ്രവർത്തകരായ ഇരുവരും മാഗസിന്‍ തയാറാക്കുന്നതിന്റെ ഭാഗമായി സി.പി.എം. പാർട്ടി ഓഫിസിൽ കഴിഞ്ഞ വർഷം എത്താറുണ്ടായിരുന്നു. ഈ സമയത്തായിരുന്നു പീഡനം എന്നാണ് യുവതിയുടെ മൊഴി.

യുവതിയും അമ്മയും അന്നു പ്രദേശത്തു വാടകയ്ക്കു താമസിക്കുകയായിരുന്നു. ഈ വീട്ടിൽ താൻ പോയിരുന്നുവെന്നാണ് യുവാവു മൊഴി നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയം ആയതുകൊണ്ടു പ്രത്യാഘാതം ഉണ്ടാക്കുന്നതിനാൽ സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നിരുന്നു.

പാലക്കാട് ജില്ലയിലെ തന്നെ ഷൊർണ്ണൂർ എം.എൽ.എ. പി.കെ. ശശിക്കെതിരെയും പാർട്ടി ഓഫീസിൽ വെച്ച് സമാനമായ പീഡന ആരോപണം വന്നിരുന്നു. എന്നാൽ അത് പോലീസ് കേസ് ആക്കാതെ പാർട്ടി തലത്തിൽ മാത്രം അന്വേഷണം അവസാനിപ്പിച്ച് ഇരയായ യുവതിയെ അന്ന് നിശ്ശബ്ദയാക്കിയിരുന്നു. ജനങ്ങൾ അതൊക്കെ മറന്നു തുടങ്ങിയപ്പോൾ ആണ് അതെ സ്ഥലത്തു സമാനമായ ആരോപണം മറ്റൊരു യുവതി ആരോപിക്കുന്നത്.

എന്തായാലും തിരഞ്ഞെടുപ്പ് ചൂടിൽ പൊങ്ങി വന്ന ഈ കേസ് പ്രതിരോധിക്കുന്നത് സി.പി.എമ്മിന് വെല്ലുവിളിയാകും. പി.കെ. ശശി വിവാദവും വീണ്ടും ഇതിനോടൊപ്പം പരാമർശിക്കപ്പെടും. ശക്തമായ അടിത്തറയുള്ള പാലക്കാട് സംഘടനാ സംവിധാനങ്ങളുടെ കരുത്തിൽ ഈ കേസിനെ സി.പി.എം. അതിജീവിച്ചാലും കേരളത്തിൽ മൊത്തം മണ്ഡലങ്ങളിൽ ഈ കേസ് സി.പി.എമ്മിന് തലവേദനയാകും.

Leave a Reply

Your email address will not be published. Required fields are marked *