Mon. Dec 23rd, 2024
കോഴിക്കോട്:

സി.പി.എമ്മിനേയും വടകരയിലെ സ്ഥാനാര്‍ത്ഥി പി. ജയരാജനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസിനെയാണ് പിന്തുണയ്ക്കുകയെന്ന് കഴിഞ്ഞ ദിവസം സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞിരുന്നു. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ലെന്നും തന്റെ വോട്ട് കോണ്‍ഗ്രസ്സിനായിരിക്കുമെന്നും സംവിധായകന്‍ നിലപാട് വ്യക്തമാക്കി.

തന്‍റെ ഫേസ്ബുക്കിലൂടെയാണ് സനലിന്റെ പുതിയ വിമര്‍ശനം. മതേതരമായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി വളരെ വേഗം പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്ന ബി.ജെ.പിക്ക് വെല്ലുവിളി ഉയർത്താൻ കഴിയുന്ന ഒരെ ഒരു പ്രസ്ഥാനമേ ഇപ്പോൾ ഉള്ളു എന്ന സത്യം കണ്ണുള്ളവർക്കെല്ലാം കാണാൻ കഴിയും. അത് കോൺഗ്രസ് പാർട്ടിയാണ്. ഇന്നത്തെ അപകടകരമായ സാഹചര്യത്തിൽ നിന്നും ഇന്ത്യയെ രക്ഷിച്ചെടുക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും കോൺഗ്രസ് നേതൃത്വം നൽകുന്ന സഖ്യങ്ങൾക്ക് വോട്ട് ചെയ്യണമെന്നാണ് തന്റെ അഭ്യർത്ഥന എന്നായിരുന്നു കഴിഞ്ഞ ദിവസം സനല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഇതിന് പിന്നാലെയാണ് സി.പി.എമ്മിനും പി. ജയരാജനുമെതിരെ സനല്‍ രംഗത്തെത്തിയത്. എതിരഭിപ്രായങ്ങളെ സംഘംചേർന്ന് അടിച്ചമർത്തുന്ന അക്രമരാഷ്ട്രീയം അവസാനിക്കണം. ടി പി. ചന്ദ്രശേഖരന്റെ നിഷ്ഠൂരമായ കൊലപാതകത്തിന്റെ നിഴൽ സി.പി.എമ്മിനെ ഒരിക്കലും വിട്ടുപോകുകയില്ല. കഴിഞ്ഞ നിയമസഭാതെരെഞ്ഞെടുപ്പിൽ ടി.പി. ചന്ദ്രശേഖരന്റെ വീട്ടിൽ പോയി അദ്ദേഹത്തിന്റെ കുടുംബത്തെ ചേർത്തുപിടിച്ച സഖാവ് വി.എസിനെ മുന്നിൽ നിർത്തിയാണ് സി.പി.എം വോട്ട് ചോദിച്ചത്. ജയിച്ചപ്പോൾ ചന്ദ്രശേഖരനെ കുലംകുത്തി എന്ന് വിളിച്ച നേതാവിനെ മുഖ്യമന്ത്രിയാക്കി നാട്ടുകാരെ ഇളിഭ്യരാക്കിയെന്നു സനലിന്റെ പോസ്റ്റില്‍ പറയുന്നു.

കുലംകുത്തിവിളിയുടെ നേതാവ് പുതിയ ഇമേജ് ബിൽഡിംഗ് തുടങ്ങി പ്രളയവും ശബരിമലയും നന്നായി ഉപയോഗിച്ച് ആ ഇമേജ് നന്നായിതന്നെ പടുത്തുയർത്തി. അതിനിടയിൽ കൊലപാതകം നടത്തുന്ന- ആസൂത്രണം ചെയ്യുന്ന, പാർട്ടിക്ക് വേണ്ടപ്പെട്ട, കുറ്റവാളിയെന്ന് കോടതി ശിക്ഷിച്ചവരെയും കുറ്റാരോപിതരെയും ഒക്കെ ഒരു മറയുമില്ലാതെ സഹായിച്ചു.

ഇമേജ് ബിൽഡ് ചെയ്തു കഴിഞ്ഞു എന്നും മേശക്കടിയിലൂടെ നടക്കുന്ന അധാർമികമായ ഇത്തരം സഹായങ്ങൾ ജനം കണ്ടില്ലെന്ന് നടിച്ചോളും എന്ന തെറ്റിദ്ധാരണയുടെ ഹുങ്കിലാണ് സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഒക്കെ ആണിക്കല്ലെന്ന് പരക്കെ ആരോപണമുയരുന്ന പി.ജയരാജനെ വടകരയിൽ തന്നെ കൊണ്ടു നിർത്തി ഒരു വലിയ രാഷ്ട്രീയ പരീക്ഷണത്തിന് സി.പി.എം. മുതിരുന്നത്.

ആരോപണങ്ങളോ, പോലീസ് കേസുകളോ, സി.ബി.ഐ. അന്വേഷണമോ എന്തുതന്നെ വന്നാലും അതൊന്നും ജനങ്ങൾ വിശ്വസിക്കരുത്, പാർട്ടി പറയുന്നത് എന്താണോ അതാണ് ശരിയെന്നുമാത്രം വിശ്വസിച്ചുകൊള്ളണം എന്ന ജനാധിപത്യവിരുദ്ധതയെ പരീക്ഷിച്ചു നോക്കുകയാണ് ലക്ഷ്യം. പി.ജയരാജൻ നിരപരാധിയാണെന്ന് പാർട്ടി പറഞ്ഞാൽ നിരപരാധിയാണ്. പാർട്ടിയാണ് ഇനി മുതൽ ശരി തെറ്റുകൾ നിശ്ചയിക്കുക എന്ന ഇടതുപക്ഷമല്ലാത്ത കമ്യൂണിസ്റ്റ് കാഴ്ചപ്പാട് ഈ പരീക്ഷണത്തിൽ വിജയിക്കാൻ പാടില്ല എന്നു തന്നെ വിശ്വസിക്കുന്നുവെന്ന് സനല്‍ പറയുന്നു.

കുലം കുത്തിയെന്നും ആസ്ഥാനവിധവയെന്നുമൊക്കെ സി.പി.എം. അക്രമോൽസുകമായി ആക്ഷേപിക്കുന്ന ആളുകളാണ് ആർ.എം.പിയുടെ നേതാക്കൾ. അവർ കോൺഗ്രസിനു പിന്തുണ കൊടുക്കുന്നതോടെ അവരുടെ രാഷ്ട്രീയ സംശുദ്ധി ഇല്ലാതായി പോവുമത്രേ. എന്തൊരു മഹാമനസ്കത. സംശുദ്ധി നിലനിർത്താനാവും സ്ഥാപകനേതാവിനെ വെട്ടിയറഞ്ഞ് കൊന്നത് എന്നാണ് സനല്‍ പറഞ്ഞ് അവസാനിപ്പിക്കുന്നത്.

function pinIt() { var e = document.createElement('script'); e.setAttribute('type','text/javascript'); e.setAttribute('charset','UTF-8'); e.setAttribute('src','https://assets.pinterest.com/js/pinmarklet.js?r='+Math.random()*99999999); document.body.appendChild(e); }

Leave a Reply

Your email address will not be published. Required fields are marked *