Mon. Dec 23rd, 2024
കോഴിക്കോട്:

വടകരയില്‍ മത്സരിക്കാന്‍ മണ്ഡലത്തിലെ ഇടതുപക്ഷ സഹയാത്രികരായ സഖാക്കള്‍ പോലും തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന്‍. കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുരളീധരന്‍.
വടകരയില്‍ മണ്ഡലം നിലനിര്‍ത്തുക എന്ന വെല്ലുവിളിയാണ് തനിക്കുള്ളത്, അതിന് നല്ല പിന്തുണ ഇപ്പോള്‍ത്തന്നെയുണ്ട്. ആര്‍.എം.പിയുടെ ഔദ്യോഗിക പിന്തുണ അനുകൂലമായി വരുമെന്നതില്‍ സംശയമില്ലെന്നും മുരളി പറഞ്ഞു. രമ പറഞ്ഞ ഒന്നിനോടും വിയോജിക്കുന്നില്ല. അത് ശരിയാണെന്ന് കരുതുന്നയാളാണ് ഞാന്‍.

പരാജയം മണക്കുമ്പോള്‍ സി.പി.എം ജയിക്കാന്‍ നടത്തുന്ന സ്ഥിരം തരം താണ പ്രചരണമാണ് ‘കോലീബി’. ഇത് തുരുമ്പെടുത്ത പ്രചരണമാണ്. കഴിഞ്ഞ തവണ പരാജയപ്പെടുത്തിയതിന് ശേഷം തന്നെ വ്യക്തിപരമായി ദ്രോഹിക്കാനും കേസ് നല്‍കാനുമൊക്കെ ശ്രമിച്ചയാളാണ് കുമ്മനം രാജശേഖരന്‍. അങ്ങനെയൊരാളെ ഉപതിരഞ്ഞെടുപ്പില്‍ ജയിപ്പിക്കാന്‍ താന്‍ തിരുവനന്തപുരത്ത് നിന്ന് വടകരയിലേക്ക് വണ്ടികയറുമോയെന്നും മുരളീധരന്‍ ചോദിച്ചു. വാഗ്ദാനങ്ങള്‍ വാരികോരി നല്‍കുന്നതിനോട് താല്‍പര്യമല്ല. മതേതര കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഉണ്ടാവണമെന്ന ലക്ഷ്യത്തോടെയാണ് മത്സരിക്കുന്നത്.
ഇടതുപക്ഷത്തിന്റെ അക്രമ രാഷ്ട്രീയത്തെ അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും ബി.ജെ.പിക്ക് കേരളത്തില്‍ സ്‌പേസ് ഉണ്ടാവരുത് എന്നുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ആക്രമരാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പ്.

സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് വ്യക്തമായ അന്വേഷണം വരുന്നില്ല. അടുത്തിടെ നടന്ന പെരിയിയലെ ഇരട്ട കൊലപാതകത്തിലും ഇതു തന്നെയാണ് അവസ്ഥ. ഇത് ദൗര്‍ഭാഗ്യകരമാണ്. അഭിപ്രായ വ്യത്യാസത്തെ ആശയം കൊണ്ട് നേരിടണം .ആയുധമെടുത്ത് ആകരുതെന്നും മുരളീധരന്‍ കൂട്ടി ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *