ന്യൂഡൽഹി:
വസന്ത കാലത്തെ വരവേറ്റ് ഇന്ന് രാജ്യം നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കും. ഫാല്‍ഗുന മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഹോളി ആഘോഷിക്കുന്നത്. ആഹ്‌ളാദാരവങ്ങളില്‍ പരസ്പരം നിറങ്ങള്‍ വാരിത്തേച്ച് നിറങ്ങളില്‍ നീരാടിയാണ് ഹോളി ആഘോഷങ്ങള്‍. ഹോളിയോട് അനുബന്ധിച്ചു ഉത്തരേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ്. പ്രധാന സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ ജനങ്ങള്‍ക്ക് ഹോളി ആശംസകള്‍ നേര്‍ന്നു.’ഹോളിയുടെ ആഹ്‌ളാദപൂരിതമായ ഈ അന്തരീക്ഷത്തില്‍ ദേശത്തും വിദേശത്തമുള്ള എല്ലാ ഭാരത പൗരന്മാര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.ഈ ആഘോഷം വര്‍ണങ്ങളുടെ ആഘോഷമാണ്. ഇത് സാഹോദര്യത്തിന്റെയും പരസ്പര സൗമനസ്യത്തിന്റെയും ആഘോഷമാണ്. വര്‍ണങ്ങളുടെ പ്രഭാവം നമ്മുടെ കുടുംബങ്ങളിലും പൊതു സമൂഹത്തിലും പരമമായ ഊര്‍ജ്ജം കൊണ്ട് വരട്ടെ.’ പൊതുജനങ്ങള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.