Fri. Jan 10th, 2025
തിരുവനന്തപുരം:

തിരഞ്ഞെടുപ്പ് അടുത്തതോടെ കേരള രാഷ്ട്രീയത്തില്‍ വീണ്ടും കോ ലീ ബി വിവാദം (കോൺഗ്രസ്സ് ലീഗ് ബി.ജെ.പി. കൂട്ടുകെട്ട്) ചൂടുപിടിക്കുകയാണ്. എന്നാൽ സി.പി.എം ആരോപിക്കുന്ന കോ ലീ ബി സഖ്യം അടിസ്ഥാനരഹിതമാണെന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി വ്യക്തമാക്കി. തിരുവനന്തപുരത്തു പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്ത് കുമ്മനത്തിന് വോട്ടു നല്‍കി പകരം അഞ്ച് മണ്ഡലങ്ങളില്‍ ബി.ജെ പി. വോട്ടുനേടാന്‍ കോണ്‍ഗ്രസ് ധാരണയിലെത്തിയെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണമായിരുന്നു തിരഞ്ഞെടുപ്പ് രംഗത്തെ ചൂട് പിടിപ്പിച്ചത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഈ വിഷയം ഏറ്റുപിടിച്ചപ്പോൾ ഉമ്മൻ‌ചാണ്ടി ശക്തമായാണ് ഇതിനെ പ്രതിരോധിച്ചത്. അവസരത്തിനൊത്ത് ബി.ജെ.പിയെ കൂട്ടുപിടിച്ച ചരിത്രമാണ് കമ്യൂണിസ്റ്റുകള്‍ക്കുള്ളതെന്ന് ഉമ്മന്‍ചാണ്ടി ഓർമിപ്പിച്ചു. അടിയന്തരാവസ്ഥയുടെ പേരുപറഞ്ഞ് 77ല്‍ സംഘപരിവാറിനൊപ്പം ചേര്‍ന്നു. 89 ല്‍ ബി.ജെ.പിയ്ക്കൊപ്പം ചേര്‍ന്ന് വി.പി.സിങ്ങിനെ പ്രധാനമന്ത്രിയാക്കി. സി.പി.എമ്മിന്റെ പരാജയഭീതിയാണ്​ ഈ ആരോപണത്തിലൂടെ വെളിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വർഗ്ഗീയ കക്ഷികളുമായി ഒരു ഒത്തുതീർപ്പും ഇല്ലെന്നും, അവരുമായി കൂട്ടുകൂടുന്നവരെ ഒപ്പം നിർത്തില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പൊന്നാനിയിൽ എസ്.ഡി.പി ഐ. – ലീഗ് ചർച്ച നടന്നു എന്ന് പറയുന്നത് ശരിയല്ല. ഒരു വിഭാഗം മാത്രം ചർച്ച നടത്തി എന്ന് പറഞ്ഞാൽ അത് സത്യമാകില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. കേരളത്തിലെ ഏറ്റവും വലിയ വിഷയമായിരുന്നു ശബരിമല. കോടതിവിധി വന്നതിന് ശേഷം നിരവധി സ്ത്രീകൾ മല കയറാൻ ശ്രമിച്ചു. വലിയ ടെൻഷനാണ് കേരളം മുഴുവൻ ഈ വിഷയം ഉണ്ടാക്കിയത്. ഇപ്പോൾ തെരഞ്ഞെടുപ്പിൽ അത് തിരിച്ചടിയാകും എന്ന് മനസ്സിലായപ്പോൾ ശബരിമലയിൽ 10 ദിവസം നട തുറന്നിരുന്നിട്ടും ഒരു യുവതിയെ പ്രവേശിപ്പിക്കാനും സർക്കാർ മുൻകൈ എടുക്കാത്തത് എന്തുകൊണ്ടാണ് എന്നും അദ്ദേഹം ചോദിച്ചു. കേരളത്തിൽ സാമുദായിക ധ്രുവീകരണം ഒരിക്കലും നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർഗ്ഗീയ കക്ഷിയായ ആർ.എസ്.എസിന്റെ വോട്ട് വേണ്ട എന്ന് തീർത്ത് പറയാൻ എന്തുകൊണ്ടാണ് ഉമ്മൻ ചാണ്ടി തയ്യാറാകാത്തത് എന്ന ചോദ്യത്തിന് പലർക്കും പല ശൈലിയാണെന്നും ചിലർ പോടാ പുല്ലേ എന്ന് പത്രക്കാരുടെ മുഖത്ത് നോക്കി പറയുമ്പോൾ തന്നെ പോലെ ഉള്ളവർ കൈ കൂപ്പി ഒന്നു മാറി തരൂ എന്നായിരിക്കും പറയുക എന്ന് പറഞ്ഞു പരോക്ഷമായി പിണറായി വിജയനൊരു കൊട്ട് കൊടുക്കാനും ഉമ്മൻ ചാണ്ടി മറന്നില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരിക്കലും ആലോചിച്ചിരുന്നില്ലെന്നും, വയനാട് സീറ്റിനെച്ചൊല്ലി യാതൊരു ഗ്രൂപ്പു പോരും ഉണ്ടായില്ലെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി ഉമ്മൻ‌ചാണ്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *