കൊച്ചി:
കൊച്ചി ബിനാലെ അവസാനിക്കാൻ വെറും ഒരാഴ്ച മാത്രം ശേഷിക്കെ, ഇതിനു പിന്നിൽ പണമൊഴുക്കിയ കൊച്ചി ബിനാലെ ഫൌണ്ടേഷൻ വിവാദത്തിൽ. കരാറുകൾ കൃത്യമായി ഡോക്യുമെന്റ് ചെയ്യാതെ കോടിക്കണക്കിനു രൂപയുടെ പണികൾ കരാറുകാരനെ ഏൽപ്പിച്ചതാണ് ഇപ്പോൾ വിവാദമായി മാറിയത്.
തോമസ് ക്ലറി ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രതിനിധീകരിച്ചു കൊണ്ട് അപ്പു തോമസ് ആണ് മാർച്ച് 18 എന്ന തീയതിവെച്ച കോടതി നോട്ടീസ് ബിനാലെ ഫൗണ്ടേഷന് നൽകിയിരിക്കുന്നത്. ബിനാലെയുടെ പ്രധാന വേദികളായ ആസ്പിൻ വാൾ, കബ്രാൾ യാർഡ് എന്നിവിടങ്ങളിലെ പെയിന്റിംഗ്, ഡിസൈനിങ്, തുടങ്ങിയ ജോലികൾ ചെയ്തിരിക്കുന്നത് ഈ കമ്പനിയാണ്. ഫൌണ്ടേഷൻ നൽകേണ്ട തുകയായ 77,59,277 രൂപ നൽകിയില്ലെങ്കിൽ, മറ്റു നിയമ നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസിൽ പറയുന്നു.
ജനുവരിയിൽ തന്നെ സർക്കാർ, ബില്ലുകൾ പരിശോധിക്കുന്നതിനായി എസ്റ്റിമേറ്ററിനെ നിയമിച്ചിരുന്നു. അദ്ദേഹം, കരാറുകാരൻ സമർപ്പിച്ച തുകയിൽ ഭീമമായ രീതിയിൽ പൈസ അധികം ചേർക്കാൻ സാധ്യതയുണ്ടെന്ന് ആരോപിച്ചു കൊണ്ട് തുകയുടെ 45% മാത്രമാണ് നൽകുന്നത്. കരാറുകാർ ഒന്നും തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള വ്യക്തമായ രേഖകൾ ഹാജരാക്കുന്നുമില്ല എന്നാണ് അദ്ദേഹം പറയുന്നത്.
2018 ജൂൺ 23 നാണ് കൊച്ചി ബിനാലെ ഫൌണ്ടേഷൻ തോമസിനെ ബന്ധപ്പെടുന്നത്. യാതൊരുവിധ ടെണ്ടറുകളോ, ഉടമ്പടികളോ, ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല.
“ബിനാലെ നടക്കുന്നത് സർക്കാരിന്റെ സഹായത്തോടെയാണ്. ഏതാണ്ട് ഏഴുകോടിയോളം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. അതിൽ 5.6 കോടി രൂപ ചിലവാക്കിക്കഴിഞ്ഞു. ഇപ്പോൾ വന്നിരിക്കുന്ന കോടതി നോട്ടീസിന് വ്യക്തമായ മറുപടി നൽകുന്നതാണ്,” കൊച്ചി ബിനാലെ ഫൌണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പ്രതികരിച്ചു.
ബിനാലെയുടെ നടത്തിപ്പ് ചുമതലയിൽ നിരവധി സർക്കാർ പ്രതിനിധികളും, സാംസ്കാരിക പ്രമുഖരുമുണ്ടെങ്കിലും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനെ ഇതുവരെയായും നിയമിച്ചിട്ടില്ല.