ബംഗളൂരു:
അഭിനേത്രി സുമലതയുടെയും നടനും ദൾ സ്ഥാനാർത്ഥിയുമായ നിഖിൽ ഗൗഡയുടെയും സിനിമകൾ, ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതു തിരഞ്ഞെടുപ്പു കമ്മീഷൻ വിലക്കി. കർണാടകയിലെ മാണ്ഡ്യയിൽ വോട്ടെടുപ്പു കഴിയുന്ന ഏപ്രിൽ 18 വരെ ആണ് വിലക്ക്. അതേസമയം തിയറ്ററുകൾക്കും സ്വകാര്യ ദൃശ്യമാധ്യമങ്ങൾക്കും ഇവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിൽ വിലക്കില്ല.
സുമലത, കന്നഡ, മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിൽ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിറക്കൂട്ട്, തൂവാനത്തുമ്പികൾ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളികൾക്കും സുമലത പ്രിയങ്കരിയാണ്. കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനായ നിഖിൽ കന്നഡ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.
മാണ്ഡ്യയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുമലത കഴിഞ്ഞ ദിവസം നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. നടനും കോൺഗ്രസ് നേതാവുമായിരുന്ന അംബരീഷിന്റെ വിധവയാണ് സുമലത. കഴിഞ്ഞ വർഷം നവംബറിലാണ് അംബരീഷ് അന്തരിച്ചത്.