വാരാണസി:
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മാലയിട്ടതിനു പിന്നാലെ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമയില്‍ ഗംഗാജലം തളിച്ച് ശുദ്ധീകരിച്ച് ബി.ജെ.പി. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും കോണ്‍ഗ്രസ് പാര്‍ട്ടിയും അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ പ്രിയങ്ക, ശാസ്ത്രി പ്രതിമയില്‍ മാലയിടുന്നത് അദ്ദേഹത്തിനെ അപമാനിക്കലാണെന്ന് ബി.ജെ.പി. ആരോപിച്ചു.
പ്രിയങ്ക ഗാന്ധിയുടെ ഗംഗാ പ്രയാണത്തിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പ്രയാഗ് രാജിലെ മനയ്യ ഘട്ടില്‍നിന്ന് ആരംഭിച്ച യാത്ര വാരാണസിയിലെത്തിയതോടെയാണ് സംഘര്‍ഷത്തിന്റെ തുടക്കം. അതേസമയം, ബി.ജെ.പി. മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മൂന്നു ദിവസം കൊണ്ട് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചു ജനങ്ങളെ നേരില്‍ കണ്ടു സംസാരിക്കുകയെന്ന ലക്ഷ്യം വെച്ചു കൊണ്ടാണു ‘സാഞ്ചി ബാത്ത് പ്രിയങ്ക കേ സാത്ത്’ എന്ന പരിപാടി കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.