ന്യൂഡൽഹി:
ആം ആദ്മി പാര്‍ട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മുതിര്‍ന്ന നേതാവ് വിജേന്ദര്‍ ഗുപ്തയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറക്ക് പരാതി നല്‍കിയിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടി മതവികാരം വ്രണപ്പെടുത്തി സമൂഹത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. മതവികാരം വ്രണപ്പെടുത്താന്‍ ആം ആദ്മി പാര്‍ട്ടി ഒരു വീടിന്റെ വാതില്‍ക്കല്‍ പശുവിന്റെയും പശുക്കുട്ടിയുടെയും ചിത്രം ദുരുപയോഗം ചെയ്തു.
ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ നടപടി ദുരൂഹമാണെന്ന് ബി.ജെ.പി. ആരോപിച്ചു. എം. പി. രമേഷ് ബിധുരി, സുഭാഷ് ആര്യ, സുഭാഷ് സച്ച്‌ദേവ, രാജീവ് ബബ്ബര്‍ തുടങ്ങിയവരും ഗുപ്തയ്‌ക്കൊപ്പമുണ്ടായിരുന്നു. മതവികാരം വ്രണപ്പെടുത്താന്‍ ആം ആദ്മി പാര്‍ട്ടി ശ്രമിച്ചത് സ്ഥിരീകരിക്കുന്ന സിഡികളും മുന്‍ എഫ്.ഐ.ആറുകളുടെ പകര്‍പ്പുകളും തങ്ങളുടെ പക്കലുണ്ടെന്ന് ബി.ജെ.പി. വ്യക്തമാക്കി.