ന്യൂഡല്‍ഹി:
കേരളത്തിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി പട്ടിക ഇന്നും പ്രഖ്യാപിച്ചേക്കില്ല. ഉത്തരേന്ത്യയില്‍ ഇന്നു ഹോളി ആയതിനാല്‍ പട്ടിക വെള്ളിയാഴ്ച പ്രഖ്യാപിക്കാനാണ് സാധ്യതയെന്നാണ് നേതാക്കള്‍ നല്കുന്ന വിവരം. പത്തനംതിട്ട സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത്. ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ കേന്ദ്രനേതൃത്വം തീരുമാനം എടുത്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കേരളത്തില്‍ 14 സീറ്റുകളിലും ബി.ഡി.ജെ.എസ്. അഞ്ചു സീറ്റുകളിലുമാണ് മത്സരിക്കുന്നത്. കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് മത്സരിക്കും.
ചൊവ്വാഴ്ചയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം, പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്. രാത്രി ഒരു മണി വരെ യോഗം തുടര്‍ന്നതിനാല്‍ അന്ന് പ്രസിദ്ധീകരിക്കാനായില്ല. ഉത്തര്‍പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ ചര്‍ച്ചകള്‍ കൂടി പൂര്‍ത്തിയായ ശേഷം ഇന്നലെ ഒരുമിച്ച് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം.
അതേസമയം പത്തനംതിട്ടയില്‍ പി.സി. ജോര്‍ജിന്റെ ജനപക്ഷത്തിന്റെ പിന്തുണ ബി.ജെ.പിയ്ക്കു ലഭിക്കുമെന്നാണ് സൂചന. സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായപ്പോഴാണ് പി.സി. ജോര്‍ജ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചത്. പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും പിസിക്ക് നല്ല സ്വാധീനമുണ്ട്. ഇതിനൊപ്പം എന്‍.എസ്.എസും സുരേന്ദ്രനു വേണ്ടി സജീവമായി രംഗത്ത വരുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ഓര്‍ത്തഡോക്‌സ് സഭ പള്ളി തര്‍ക്കത്തില്‍ പിണറായി സര്‍ക്കാരിനോട് ഇടഞ്ഞു നില്‍ക്കുകയാണ്. പത്തനംതിട്ടയിലെ ഈ ഘടകവും അനുകൂലമായാല്‍ സുരേന്ദ്രന് പത്തനംതിട്ടയില്‍ അട്ടിമറി വിജയം നേടാനാകുമെന്നാണ് ബി.ജെ.പി. പ്രതീക്ഷ.