Mon. Dec 23rd, 2024
#ദിനസരികള് 703

ഭൌതിക ശാസ്ത്രം അഥവാ ഫിസിക്സ് എന്നു കേള്‍ക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്താറുള്ളത് രണ്ടു കാര്യങ്ങളാണ്. ഒന്ന് കാപ്രയുടെ താവോ ഓഫ് ഫിസിക്സിന്റെ ആമുഖത്തില്‍ പറയുന്നതാണ്. കുറേ കാലങ്ങള്‍ക്ക് മുമ്പ് തനിക്ക് വളരെ മനോഹരമായ ഒരനുഭവമുണ്ടായെന്നും, ആ അനുഭവമാണ് ഈ പുസ്തകത്തിന്റെ രചനയിലേക്ക് നയിച്ചതെന്നും സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു – ഒരു വേനല്‍ക്കാല സായാഹ്നം. പതഞ്ഞുയരുന്ന തിരകളേയും എന്റെ ശ്വസന താളത്തേയും, ശ്രദ്ധിച്ചുകൊണ്ട് ഞാന്‍ കടല്‍ക്കരയിലിരിക്കുകയായിരുന്നു. അപ്പോള്‍ അഖിലാണ്ഡവും കൂടിക്കലര്‍ന്ന് ഒരു മനോഹരമായ നൃത്തത്തിലേക്ക് പ്രവേശിക്കുന്നതായി എനിക്കുതോന്നി. (Gigantic cosmic dance എന്നാണ് കാപ്ര എഴുതുന്നത്.) ഞാന്‍ കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതുമായ എല്ലാംതന്നെ ആ നൃത്തത്തില്‍ പങ്കാളികളാകുന്നു. അതിദൂര ബ്രഹ്മാണ്ഡങ്ങളില്‍ നിന്നും പ്രകാശ ധോരണികള്‍ അനുസ്യൂതം ഒഴുകിയെത്തി നൃത്തത്തില്‍ പങ്കു ചേരുന്നു. ഞാനും എന്റേതായിട്ടുള്ളതുമായ എല്ലാം അതിലേക്ക് ഒഴുകിച്ചേരുന്നു, പങ്കാളികളാകുന്നു. അതിന്റെ ശബ്ദവും താളവും ഞാന്‍ അനുഭവിക്കുന്നു. ഈ ബ്രഹ്മാണ്ഡ നൃത്തം സാക്ഷാൽ പരമശിവന്റെ മഹാതാണ്ഡവമാണെന്ന് ക്രമേണ എനിക്കു മനസ്സിലാകുന്നു.

ഹിന്ദു മിസ്റ്റിസിസവും സെന്നിസവുമെല്ലാം പഠിക്കുകയും ആരാധിക്കുകയും ഒരു ഫിസിസ്റ്റിന്റെ സ്വാഭാവിക പരിണതിയായിരുന്നു കാപ്ര. ഭൌതികത്തെ ഹൈന്ദവ ആത്മീയതയോട് കൂട്ടിക്കെട്ടാന്‍ കാപ്ര മാത്രമല്ല ഇന്ത്യന്‍ ഫിലോസഫിയെക്കുറിച്ച് മനസ്സിലാക്കിയ ഒട്ടുമിക്ക ഭൌതിക ശാസ്ത്രജ്ഞന്മാരും ശ്രമിച്ചിരുന്നു. ആത്മീയതയുടെ പരിവേഷമണിഞ്ഞുകൊണ്ട് എന്നിലേക്കെത്തിയ ഭ്രമാത്മകമായ ഈ എഴുത്തിനെ എനിക്ക് ഒരു കാലത്ത് ഇഷ്ടമായിരുന്നുവെന്ന് ഏറ്റു പറയാന്‍ ഇപ്പോള്‍ തെല്ലും മടി തോന്നുന്നില്ല.

മലയാളത്തിലെ ഒട്ടു മിക്ക ഭൌതിക എഴുത്തുകാര്‍ക്കും ഈ ‘സൂക്കേട്’ ഉണ്ടായിരുന്നു. ഫിസിക്സിനെക്കുറിച്ച് പറയുമ്പോള്‍, അവര്‍ സ്ഥാനത്തും അസ്ഥാനത്തും ഭാരതീയ ദര്‍ശനങ്ങളിലെ അഭൌതിക സൌന്ദര്യങ്ങളെ ഉദ്ധരിച്ചു. അണുവിസ്ഫോടനത്തിന്റെ അപാരമായ പ്രഹരശേഷി കണ്ട് ഓപ്പണ്‍ ഹൈമര്‍ ദിവി സൂര്യ സഹസ്രസ്യ ഭവേദ് യുഗ പദുത്ഥി താ യദി ഭാഃ സദ്യശീ സാ സ്യാത് ഭാസസ്തസ്യ മഹാത്മനഃ എന്ന് അത്ഭുതപ്പെട്ടതിനെ ഭാരതീയ കാഴ്ചപ്പാടുകള്‍ക്കുള്ള അംഗീകാരമായി അവതരിപ്പിച്ച് നിര്‍വൃതികൊണ്ടു. മലയാളത്തില്‍ ആത്മീയതയുടെ മേമ്പൊടി ചേര്‍ക്കാതെ ഫിസിക്സ് എഴുതുന്നവരാരൊക്കെയാണ് എന്ന ചോദ്യത്തിന് ഉത്തരമായി ആരെയൊക്കെയാണ് മുന്നില്‍ നിറുത്താനാകുക എന്ന് എനിക്ക് ഇപ്പോഴും ധാരണയൊന്നുമില്ല.

മറ്റൊന്ന് ഹൈസന്‍ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തമാണ്. ആ പേരു തന്നെയാണ് സത്യം പറഞ്ഞാല്‍ എന്നെ അതെന്താണെന്ന് പഠിക്കാന്‍ പ്രേരിപ്പിച്ചത്.എല്ലാം അനിശ്ചിതമാണ് എന്ന് കരുതുന്നത്ര രസകരവും കാല്പനികവുമായ ചിന്ത വേറെ എന്താണ് ഉള്ളത്? വായിക്കാന്‍ കൈയ്യിലെടുത്ത പുസ്തകങ്ങളൊക്കെ കുമാരനാശാന്റെ, ഒരു നിശ്ചയമില്ലയൊന്നിനും, വരുമോരോ ദശ വന്ന പോലെ പോം
വിരയുന്നു മനുഷ്യനേതിനോ, തിരിയാ ലോക രഹസ്യമാര്‍ക്കുമേ സമം അനിശ്ചിതത്വ സിദ്ധാന്തം എന്നായിരുന്നു എനിക്ക് പറഞ്ഞു തന്നത്. അതിനുമപ്പുറത്തേക്കും കടന്നു ചെന്ന് ആ സിദ്ധാന്തത്തെ ശാസ്ത്രീയമായി മനസിലാക്കുവാന്‍ ഞാനും ശ്രമിച്ചില്ല. കാരണം എനിക്ക് ഈ അനിശ്ചിതത്വത്തിന്റെ മനോഹാരിതയില്‍ മുഴുകിയാല്‍ മതിയായിരുന്നു. അതിന്റെ അപ്പുറത്തേക്ക് കടന്നാല്‍ ആ സിദ്ധാന്തത്തിന്റെ രസം മുഴുവനും പോകുമെന്ന് ഞാന്‍ ഭയപ്പെട്ടു.

അതായത് ഒരു കവി പൂവിനെ മനസ്സിലാക്കുന്നതുപോലെയാണ് ഞാന്‍ ആ ശാസ്ത്ര സിദ്ധാന്തത്തെ മനസ്സിലാക്കിയത്. പൂവിന്റെ മൊത്തത്തിലുള്ള ഭംഗിയും അതെന്റെ മനസ്സിലേക്ക് കയറ്റി വിടുന്ന ദൃശ്യസുഖവും മാത്രമേ എനിക്ക് അറിയേണ്ടതായി തോന്നിയുള്ളു. പിന്നീട് താരതമ്യേന അടുത്ത കാലത്ത് കയോസിനെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചപ്പോഴും ഹൈസന്‍ബര്‍ഗിനെ ന്യായീകരിക്കുന്ന ഒരു സിദ്ധാന്തമായി അതിനെ മനസ്സിലാക്കാനാണ് ഞാന്‍ ശ്രമിച്ചത്.ഒരു ക്രമമില്ലായ്മയേയും അനിശ്ചിതത്വത്തിനേയും എല്ലായ്പ്പോഴും പ്രതീക്ഷിക്കുന്ന മനസ്സില്‍ നിന്നും തിരിച്ചൊന്ന് പ്രതീക്ഷിക്കുക വയ്യല്ലോ!

ശാസ്ത്രം എങ്ങനെയല്ല വായിക്കേണ്ടത് എന്നതിനെ ഉദാഹരിക്കുന്നതിനാണ് ഞാ‍ന്‍ എന്റെ അനുഭവം പങ്കുവെച്ചത്.

ഫിസിക്സിലെന്നല്ല കണക്കിലൊഴിച്ച് ശാസ്ത്രത്തിന്റേതായ ഒരു ശാഖയിലും ഒന്നിനും ഒരുറപ്പുമില്ല. ഈ ഉറപ്പില്ലായ്മ ശാസ്ത്രീയമായ ഉറപ്പില്ലായ്മയാണ്. അതിനെ ആത്മീയതയുടെ ഉറപ്പില്ലായ്മയുമായി കൂട്ടിക്കെട്ടിയാല്‍ നമുക്കു തെറ്റു പറ്റും. ഫിസിക്സിലെ ഈ ഉറപ്പില്ലായ്മയെയാണ് നമ്മുടെ ആത്മീയ എഴുത്തുകാര്‍ സമര്‍ത്ഥമായി വിനിയോഗിച്ച് അതാണ് ഫിസിക്സ് എന്ന വ്യാജേന നമുക്ക് വിളമ്പിത്തരുന്നത്.

ശാസ്ത്രത്തെ ശാസ്ത്രീയമായി മനസ്സിലാക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. മതബോധത്തിന്റെ അടിസ്ഥാനത്തിലും മറ്റും സൃഷ്ടിക്കപ്പെട്ട നമ്മുടെ ധാരണകള്‍ക്ക് അവയെ ന്യായീകരിക്കുന്ന തരത്തില്‍ ശാസ്ത്രത്തെ ഉപയോഗിക്കുന്നതാണ് രസനീയവും വിശ്വാസ്യതയുള്ളതുമായി തോന്നുന്നത്. നാളിതുവരെ നാം പഠിച്ചുറപ്പിച്ചു പോന്നിരുന്നവ തെറ്റാണെന്ന് തെളിയുമ്പോളാണ് ശാസ്ത്രം ഏറെ സന്തോഷിക്കുന്നത്. അതായത് ഏതൊന്നും തെറ്റാണെന്ന് തെളിയിക്കാനാണ് ശാസ്ത്രം പരിശ്രമിക്കുന്നത്. ഉദാഹരണത്തിന് ലോകത്ത് എവിടേയും എച് 2 ഒ വെള്ളമാകുന്നു. അത് ആര്‍ക്കും തെളിയിക്കാന്‍ കഴിയുന്നതായ ഒന്നാണ്. എന്നാല്‍ ശാസ്ത്രം പരീക്ഷണം നടത്തുന്നത് അങ്ങനെയല്ലെന്ന് തെളിയിക്കാനാണ്. തെളിഞ്ഞാല്‍ അതാണ് ശാസ്ത്രജ്ഞരെ ഏറെ സന്തോഷിപ്പിക്കുക.

പറഞ്ഞു വന്നത് ശാസ്ത്രത്തിന്റെ മുകളില്‍ കെട്ടിവയ്ക്കപ്പെടുന്ന ആത്മീയതയുടെ വിലാസങ്ങളെക്കുറിച്ചാണ്. അത് നമ്മുടെ ശാസ്ത്ര എഴുത്തിനെ തിരിച്ചെടുക്കാനാകാത്ത തരത്തില്‍ അശാസ്ത്രീയമാക്കി. നമ്മുടെ എഴുത്തുകാരുടെ മതാത്മകതയെ ആവിഷ്കരിക്കാനുള്ള ഒന്നായി ഈ ശാഖ മാറ്റിയെടുക്കപ്പെട്ടു.

വര്‍ത്തമാനകാല സംവാദങ്ങള്‍ ഈ അപകടത്തെ തിരിച്ചറിയുന്നുണ്ടെന്നത് പ്രതീക്ഷ നല്കുന്നുണ്ട്. അത്തരത്തിലുള്ള പ്രതീക്ഷാനിര്‍ഭരമായ ഒരു ശ്രമമാണ് വൈശാഖന്‍ തമ്പിയുടെ അഹം ദ്രവ്യാസ്മി എന്ന പുസ്തകം. വാചാടോപത്താല്‍ സ്ഥൂലപ്പെടുത്തിയ ഒന്നല്ല ഈ പുസ്തകമെന്ന് എടുത്തു പറയട്ടെ. പറയേണ്ടത് കൃത്യമായ ധാരണകളില്‍ ഊന്നി നിന്നുകൊണ്ട് വൈശാഖന്‍ തമ്പി പറയുന്നു. ആത്മീയതയെ കൂട്ടു പിടിക്കുകയോ അതിന്റെ മറവില്‍ എന്തെങ്കിലും താല്പര്യങ്ങളെ അദ്ദേഹം ഒളിച്ചു കടത്തുകയോ ചെയ്യുന്നില്ല. എന്നു മാത്രവുമല്ല, അനിശ്ചിതത്വ സിദ്ധാന്തത്തിനെപ്പറ്റി പറയുമ്പോള്‍ അതിന്റെ ശാസ്ത്രീയമായ വശങ്ങളെക്കാള്‍ കടന്നു നില്ക്കുന്ന ആത്മീയ വ്യാപാരങ്ങളെ അദ്ദേഹം നിരാകരിക്കുന്നുമുണ്ട്. ശാസ്ത്രം എഴുതുന്നവര്‍ക്ക് ഇത്തരത്തിലുളള ഉള്‍‌ക്കാഴ്ചയാണ് വേണ്ടതെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. മലയാളത്തില്‍ ഇത്തരം ശ്രമങ്ങള്‍ക്ക് ഇനിയും പ്രസക്തിയുണ്ട്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *