പാക്കിസ്ഥാന്റെ പരമാധികാര സ്വാതന്ത്ര്യവും ദേശ ഭദ്രതയും പരിരക്ഷിക്കുമെന്ന് ഉറപ്പു നല്‍കി ചൈന. ലോകത്ത് എന്തു സംഭവിച്ചാലും ചൈന പാക്കിസ്ഥാനോടൊപ്പം നില്‍ക്കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഉറപ്പുനല്‍കി. ബെയ്ജിങില്‍ നടന്ന ചൈനപാക് വിദേശകാര്യ നയതന്ത്ര സംഭാഷണത്തിലാണ് വാങ് യി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പാക്കിസ്ഥാന്റെ ക്ലേശകരമായ അവസ്ഥകളിലെല്ലാം ചൈന കൂടെനിന്നിട്ടുണ്ടെന്നും, അതിനു നന്ദി അറിയിക്കുന്നതായും പാക് വിദേശകാര്യമന്ത്രി മെഹ്ബൂബ് ഖുറേഷിയും വ്യക്തമാക്കി.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാക് അതിര്‍ത്തി കടന്ന് നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്നായിരുന്നു ഇരു രാജ്യങ്ങളുടെയും ചര്‍ച്ച.
ജെയ്ഷ ഭീകരന്‍ മസൂദ് അസ്ഹറിനെ, ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ശ്രമത്തെ നാലാം തവണയും ചൈന എതിര്‍ത്തതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിനു ശേഷമുള്ള അവസ്ഥയെക്കുറിച്ച് ചൈനയും പാക്കിസ്ഥാനും ചര്‍ച്ച നടത്തിയെന്നും ഖുറേഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.