എറണാകുളം:
മലയാളിയായ ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യകാരൻ അനീസ് സലീമിന്റെ ‘ദി സ്മാൾ ടൗൺ സീ’ എന്ന ഇംഗ്ലീഷ് നോവൽ ചലച്ചിത്രമാകുന്നു. പ്രശസ്ത സംവിധായകൻ ശ്യാമപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനീസ് സലീം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ വാർത്ത അറിയിച്ചത്.
പതിമൂന്ന് വയസുകാരനായ ‘ദി സ്മാൾ ടൗൺ സീ’ യിലെ കേന്ദ്ര കഥാപാത്രം, എഴുത്തുകാരനായ പിതാവ് മരണാസന്നനാകുന്ന അവസരത്തിൽ വലിയ നഗരത്തിൽ നിന്ന് കടൽത്തീരത്തുള്ള ചെറിയ പട്ടണത്തിലേക്ക് കുടുംബത്തോടോപ്പം ചേക്കേറുന്നു. താൻ വളർന്ന കടൽത്തീരത്തുള്ള പട്ടണത്തിൽ കിടന്ന് മരിക്കണമെന്നാണ് പിതാവിന്റെ ആഗ്രഹം. അതേസമയം തന്റെ പുതിയ ജീവിതവുമായി പൊരുത്തപ്പെടാൻ പതിമൂന്ന് വയസ്സുകാരൻ ഏറെ പ്രയാസപ്പെടുന്നു. അവൻ, ഒരു അനാഥാലയത്തിൽ ജീവിക്കുന്ന ബിലാലെന്ന ബാലനുമായി മനസില്ലാ മനസ്സോടെ ചങ്ങാത്തത്തിലാവുന്നു. പതിമൂന്നു വയസ്സുകാരന്റെ സൗഹൃദവും കുടുംബവുമായുള്ള ബന്ധവുമാണ് നോവലിന്റെ ഇതിവൃത്തം.
2018 ൽ ‘ദി ബ്ലൈൻഡ് ലേഡീസ് ഡിസൻഡന്റ്സ്’ എന്ന കൃതിക്ക് ഇംഗ്ലീഷ് ഭാഷയിലെ മികച്ച നോവലിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം അനീസിന് ലഭിച്ചിരുന്നു. ഇംഗ്ലിഷ് നോവലിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടുന്ന ആദ്യ മലയാളിയാണ് തിരുവനന്തപുരം, വർക്കല സ്വദേശിയായ അനീസ്.
‘ദി വിക്സ് മാങ്ഗോ ട്രീ’, ‘ടെയിൽസ് ഫ്രം എ വെൻഡിങ് മെഷീൻ’, ‘വാനിറ്റി ബാഗ്’ എന്നിവയാണ് അനീസ് സലീമിന്റെ മറ്റ് കൃതികൾ. 2013 ലെ മികച്ച നോവലിനുള്ള ‘ദി ഹിന്ദു’ പുരസ്ക്കാരം ‘വാനിറ്റി ബാഗ്’ എന്ന കൃതിക്ക് ലഭിച്ചിരുന്നു.