Wed. Jan 22nd, 2025
കൊച്ചി:

താന്‍ ജയിച്ചു കാണണമെന്നാണ് ആഗ്രഹമെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞതായുളള ഫെയ്‌സ്ബുക്ക് പോസ്റ്റ് തിരുത്തി കോണ്‍ഗ്രസ് നേതാവും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ടി.എന്‍. പ്രതാപന്‍. മമ്മൂട്ടി പറയാത്ത കാര്യങ്ങളാണ് പ്രതാപന്‍ പോസ്റ്റില്‍ തിരുകിക്കയറ്റിയത് എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രതാപന്‍ പോസ്റ്റ് തിരുത്തിയത്.

ടി എന്‍. പ്രതാപന്‍റെ സോഷ്യല്‍മീഡിയ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി പറഞ്ഞതായി ഫെയ്‌സ് ബുക്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുറിച്ച വരികളാണ് വിവാദമായത്. ‘നന്മ നിറഞ്ഞ മനസ്സിനുടമയായ പ്രതാപന്‍ തീര്‍ത്തും സെക്യുലര്‍ ആണ് അതിനാല്‍ തന്നെ പ്രതാപന്‍ എന്റെ ആത്മസുഹൃത്താണ്. എനിക്ക് വ്യക്തിപരമായി ഏറെ കാലത്തെ അടുപ്പമുളളയാളാണ്. പ്രതാപന്‍ ജയിക്കണം. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്’ മമ്മൂട്ടി പറഞ്ഞതായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഈ വരികളാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. തുടര്‍ന്ന് പ്രതാപന്‍ പോസ്റ്റ് തിരുത്തുകയായിരുന്നു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു എന്നു പറയുന്ന തിരുത്തിയ കുറിപ്പില്‍ രാഷ്ട്രീയമായ എന്റെ ഈ ദൗത്യത്തിന് എല്ലാവിധ പിന്തുണയും നല്‍കിയ ഇക്കാക്ക് ഹൃദയംകൊണ്ട് നന്ദി പറയുന്നതായും പ്രതാപന്‍ കുറിച്ചു. ഇത്തരത്തില്‍ ചുരുങ്ങിയ വാക്കുകളില്‍ അവസാനിക്കുന്നതാണ് തിരുത്തിയ പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *