Sun. Dec 22nd, 2024

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്ന് രാത്രി ഒൻപതു മണിക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ റീലീസ് ചെയ്യും. മോഹൻലാലിന്റേയും പൃഥ്വിരാജിന്റേയും ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിൽ ഇതുമായി ബന്ധപ്പെട്ട അറിയിപ്പുണ്ടായിരുന്നു. മാർച്ച് 28 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.

പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ലൂസിഫറിന്റെ ടീസർ ട്രെയിലറും 26 കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പോസ്റ്ററുകളും നേരത്തെ പുറത്തു വന്നിരുന്നു. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, മഞ്ജു വാര്യർ, മമ്ത, നന്ദു, കലാഭവൻ ഷാജോൺ, ബൈജു, ബാബുരാജ്, പൗളി വിൽ‌സൺ, സംവിധായകൻ ഫാസിൽ എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തും.

മോഹൻലാലിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട് പുറത്തിറങ്ങിയ ചിത്രം ‘ഒടിയൻ’, താരത്തിന്റെ ആരാധകർക്ക് പൊതുവെ തൃപ്തികരമായ അനുഭവമല്ല നൽകിയത്. ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോനെ ഇതിന്റെ പേരിൽ മോഹൻലാലിൻറെ ആരാധകർ സാമൂഹിക മാധ്യമങ്ങളിലൂടെ കൂട്ടമായി അധിക്ഷേപിച്ചിരുന്നു. ശ്രീകുമാർ മേനോന് മോഹൻലാൽ ആരാധകരിൽ നിന്നും ഉണ്ടായ ദുരനുഭവം ആകാം, ഒരുപക്ഷെ, ലൂസിഫറിന്റെ അണിയറ പ്രവർത്തകർ വലിയ രീതിയിലുള്ള അവകാശ വാദങ്ങൾ ഒന്നും ഇല്ലാതെയാണ് ചിത്രം പുറത്തിറക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *