ന്യൂഡൽഹി:
ജെറ്റ് എയർവേയ്സ് പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് പ്രഭു യോഗം വിളിച്ചു.
മാര്‍ച്ച് അവസാനത്തോടെ ശമ്പള കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍, ഏപ്രില്‍ ഒന്നു മുതല്‍ പണിമുടക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സിലെ പൈലറ്റുമാര്‍. കഴിഞ്ഞ മൂന്ന് മാസത്തെ ശമ്പള കുടിശ്ശിക തീര്‍ക്കണമെന്നാണ് ആവശ്യം.
എയര്‍വേയ്‌സ് വിമാനങ്ങളുടെ കൂട്ട റദ്ദാക്കലിനെത്തുടര്‍ന്ന്, ബന്ധപ്പെട്ടവരുടെ അടിയന്തരയോഗം വിളിച്ചുചേര്‍ക്കാന്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു മന്ത്രാലയ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതിന്നു പിന്നാലെയാണ്, പൈലറ്റുമാര്‍ പണിമുടക്കിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് നല്‍കിയത്.
നിലവില്‍, 41 ജെറ്റ് എയര്‍വേയ്‌സ് വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ശമ്പളം ലഭിക്കാതിരിക്കുന്നതും, ലഭിക്കാന്‍ വൈകുന്നതും അടക്കമുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മാനസിക പ്രയാസം ജോലിയേയും, വിമാനങ്ങളുടെ സുരക്ഷയേയും ബാധിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടി ജെറ്റ് എയര്‍വേയ്‌സ് എന്‍ജിനീയര്‍മാരുടെ സംഘടന സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് കത്തയച്ചിരുന്നു.