ന്യൂഡല്‍ഹി:
കേരളത്തില്‍ ബി.ജെ.പി. 14 സീറ്റില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവു. തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബി.ഡി.ജെ.എസ്. അഞ്ചിടത്തും പി.സി. തോമസിന്‍റെ കേരള കോണ്‍ഗ്രസ് കോട്ടയത്തും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്, ആലത്തൂര്‍, ഇടുക്കി, തൃശൂര്‍, മാവേലിക്കര സീറ്റുകളില്‍ ബി.ഡി.ജെ.എസ്. ജനവിധി തേടുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കുമ്മനം രാജശേഖരന്‍ മത്സരിക്കുന്ന കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും. ബി.ഡി.ജെ.എസുമായുള്ള സഖ്യം എന്‍.ഡി.എ. മുന്നണിക്കു ഗുണം ചെയ്യുമെന്നും മുരളീധരറാവു കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്ന് രാത്രിയോടെ പുറത്തിറക്കിയേക്കും. എന്‍.ഡി.എയിലെ സീറ്റ് വിഭജനത്തെക്കുറിച്ച് മാത്രമേ ധാരണയായിട്ടുള്ളുവെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുകയാണെന്നാണ് ബി.ജെ.പി. ദേശീയ സെക്രട്ടറി മുരളീധര്‍ റാവു വ്യക്തമാക്കുന്നത്.
ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന ധാരണയിലാണ് തൃശ്ശൂര്‍ സീറ്റ് അവര്‍ക്ക് വിട്ടുകൊടുത്തതെന്നാണ് സൂചന. മുരളീധര്‍ റാവുവിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയും പങ്കെടുത്തിരുന്നു. മത്സരിക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്നാണ് തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
മത്സരിക്കുമോ എന്ന കാര്യം രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനിക്കും. മത്സരിക്കുകയാണെങ്കില്‍ എസ്.എന്‍.ഡി.പി. ഭാരവാഹിത്വം രാജി വച്ച് മത്സരിക്കുമെന്നും തുഷാര്‍ വ്യക്തമാക്കി. എസ്.എന്‍.ഡി.പി. ഭാരവാഹികള്‍ മത്സരിക്കുന്നതിനെതിരെ വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് വന്നതിന്‍റെ പശ്ചാത്തലത്തിലാണ് തുഷാര്‍ ഇത്തരത്തിലൊരു തീരുമാനം കൈകൊണ്ടത്.
അതിനിടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് -ബി.ജെ.പിയുമായി ധാരണയിലെത്തിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ബി.ജെ.പി. മുന്നണി ഹിന്ദുത്വവര്‍ഗീയതയെ ഉത്തേജിപ്പിക്കുകയാണെന്നും കേരളത്തിലെ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി യു.ഡി.എഫിനെ സഹായിക്കാനാണ് ആര്‍.എസ്.എസ്. നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വടകര, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം മണ്ഡലങ്ങളില്‍ എന്‍.ഡി.എയുടെ ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി യു.ഡി.എഫിനെ സഹായിക്കും. ഇതിന് പ്രത്യുപകരമായി തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ കോണ്‍ഗ്രസ് സഹായിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയതെന്നും കോടിയേരി പറഞ്ഞു.