മുംബൈ:
മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് അംബാസിഡറായി ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ഗൗരി സാവന്തിനെ തിരഞ്ഞെടുത്തതിലൂടെ കഴിവിനോ അംഗീകാരത്തിനോ ലിംഗമില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് രാജ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മഹാരാഷ്ട്രയില്‍ വോട്ടര്‍മാര്‍ക്കിടയില്‍ ബോധവത്കരണം നടത്തുക, വോട്ടിംഗ് ശതമാനം ഉയര്‍ത്താനുള്ള പ്രചാരണം നടത്തുക തുടങ്ങിയ ജോലികളാണ് 38കാരിയായ ഗൗരിയെ കാത്തിരിക്കുന്നത്.
രാജ്യത്തെ ഏക ട്രാന്‍സ്‌ജെന്‍ഡര്‍ പോള്‍ അംബാസിഡര്‍ എന്ന ബഹുമതിയാണ് ഇതിലൂടെ ഗൗരിയ്ക്ക് ലഭിച്ചത്. ലൈംഗികത്തൊഴിലാളികള്‍ക്കിടയിലും വീട്ടമ്മമ്മാര്‍ക്കിടയിലുമായിരിക്കും തന്റെ പ്രവര്‍ത്തനങ്ങളുടെ പ്രഥമ പരിഗണനയെന്ന് ഗൗരി ഇതിനോടകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ”ഒരു രാഷ്ട്രീയ പാര്‍ട്ടിയും ലൈംഗികത്തൊഴിലാളികളെയോ അവരുടെ ക്ഷേമത്തെയോ പരിഗണിക്കാറില്ല. അതുകൊണ്ടുതന്നെ വോട്ടുചെയ്യുന്നതിനെക്കുറിച്ച് അവരും ചിന്തിക്കാറില്ല. എന്നാല്‍, ഇത്തവണ അങ്ങനെയാകില്ല.” ഗൗരി പറയുന്നു.