മുംബൈ:
നാഷണൽ ഫിലിംസ് ആർക്കൈവ്സ് ഓഫ് ഇന്ത്യയിലെ (എൻ. എഫ്. എ. ഐ ) 31,000 ത്തോളം ചലച്ചിത്രങ്ങൾ (സിനിമ റീലുകൾ) കാണാതാവുകയോ നശിക്കുകയോ ചെയ്തതായി സി.എ.ജി(കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ) റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സി.എ.ജിയുടെ ഈ ആരോപണം എൻ.എഫ്.എ.ഐ നിഷേധിച്ചതായും വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
പൂനെയിലെ നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ ഡയറക്ടർ, 2015 മെയ് 1 നും 2017 സെപ്തംബർ 30 നും ഇടയിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ, കംട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ കീഴിലുള്ള ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പാണ് പരിശോധന നടത്തിയത്.
സി.എ.ജി.യുടെ ഡി.പി.സി. ആക്ടിന് കീഴിൽ 2017 ഒക്റ്റോബർ 3 നും ഒക്ടോബർ 18 നും ഇടയ്ക്ക് നടത്തിയ പരിശോധനയിലാണ് കാണാതായ റീലുകളെ പറ്റി പറഞ്ഞിരിക്കുന്നത്.
1964 ഫെബ്രുവരിയിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ കീഴിൽ ഒരു സ്വതന്ത്ര മാധ്യമ വിഭാഗം എന്ന നിലയിലാണ് എൻ.എഫ്.എ.ഐ സ്ഥാപിതമായത്. ദേശീയ ചലച്ചിത്രങ്ങളുടെയും ലോക സിനിമയുടെയും ശേഖരണമാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.
106 വർഷത്തെ ചരിത്രമുള്ള ഇന്ത്യൻ സിനിമയിലെ ചിത്രങ്ങൾ, വീഡിയോ കാസറ്റുകൾ, ഡിവിഡികൾ, ബുക്കുകൾ, പോസ്റ്ററുകൾ, സ്റ്റിൽസ്, പ്രസ്സ് ക്ലിപ്പിങ്സ്, സ്ലൈഡുകൾ, ഓഡിയോ സിഡി, ഡിസ്ക് റെക്കോർഡുകൾ തുടങ്ങിയവ എൻ.എഫ്.എ.ഐ ശേഖരിച്ചു സൂക്ഷിക്കുന്നു.
2016-17 കാലഘട്ടത്തിൽ എൻ.എഫ്.എ.ഐ ലെ ലൈബ്രറി പുസ്തകങ്ങളുടെ പരിശോധന നടക്കുകയും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഡയറക്ടർക്ക് സമർപ്പിച്ചതായും ഒരു സ്വകാര്യ വ്യക്തി വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട് എന്നാൽ ഇത്തരത്തിലുള്ള ഒരു പരിശോധന കാസറ്റുകൾ, ഡിസ്ക് റെക്കോർഡുകൾ, ഓഡിയോ സിഡി, പോസ്റ്ററുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല
എൻ. എഫ്. എ. ഐലെ കോൺട്രാക്ടർ സമർപ്പിച്ച ബില്ലിൽ നിന്നും പണം ഒടുക്കൽ രേഖകളിൽ നിന്നും മനസ്സിലാവുന്നത്, എൻ.എഫ്.എ.ഐ യുടെ ഫിലിം രജിസ്റ്ററിൽ / 2016-17ലെ വാർഷിക റിപ്പോർട്ടിൽ 1,32,000 ചിത്രങ്ങളുടെ റീലുകൾ ഉള്ളതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിൽ 1,00,377 ഫിലിം റീൽ ക്യാനുകളിൽ മാത്രമാണ് ബാർ കോഡ് സ്റ്റിക്കർ പതിപ്പിച്ചിരിക്കുന്നത്. ഇതിൽ നിന്നും 31,263 റീലുകൾ / ക്യാനുകൾ നഷ്ടപ്പെട്ടതായോ നശിപ്പിക്കപ്പെട്ടതായോ ആണ് സി.എ.ജി യുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
എൻ.എഫ്.എ.ഐ ലെ ഫിലിമുകളുടെ ഗുണനിലവാരവും ശേഖരവും പരിശോധിക്കുന്ന പ്രക്രിയയിലാണ് തങ്ങളെന്നും ഇത് പൂർത്തിയായാൽ മാത്രമേ റീലുകളുടെ കൃത്യമായ എണ്ണം ലഭ്യമാകുകയുള്ളു എന്നുമാണ് എൻ.എഫ്.എ.ഐ നൽകിയ വിശദീകരണം. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് സി.എ.ജി പറഞ്ഞിരിക്കുന്നത്.