2008ൽ മുംബൈയിലെ താജ് ഹോട്ടലിൽ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ മേജർ സന്ദീപ് ഉണ്ണികൃഷ്ണനെ കുറിച്ച് സിനിമ വരുന്നു. തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവാണ് ‘മേജർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത്. നടൻ മഹേഷ് ബാബുവിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് ഈ ചിത്രം. സോണി പിക്ചർസ് ഇന്റർനാഷണലും ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാണ്.
തെലുങ്ക് ചിത്രമായ ‘ഗൂഡാചാരി’ എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതി, അഭിനയിച്ചതിന് ഏറെ പ്രശംസകൾ നേടിയ ആദിവി ശേഷ് ആണ് മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ വേഷത്തിൽ വെള്ളിത്തിരയിലെത്തുന്നത്.
‘ഗൂഡാചാരി’യുടെ സംവിധായകനായ ശശി കിരൺ തിക്കയാണ് ‘മേജർ’ ചിത്രത്തിന്റെ സംവിധായകൻ. തെലുങ്കിലും ഹിന്ദിയിലുമായി ഒരുക്കുന്ന ചിത്രം 2020 ൽ തീയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.
26/ 11 ഭീകരാക്രമണത്തിൽ മുംബൈയിലെ താജ് ഹോട്ടലിൽ ഭീകരർ ബന്ദികളാക്കിയവരെ രക്ഷിക്കാൻ 51 സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് (51 SAG) നടത്തിയ ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോയുടെ ടീം കമാൻഡർ ആയിരുന്ന മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ നിരവധി ബന്ദികളെ രക്ഷിച്ചതിന് ശേഷം വീരമൃത്യു വരിക്കുകയായിരുന്നു. 2009 ൽ ഭാരതത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻ സൈനിക ബഹുമതിയായ അശോകചക്ര പുരസ്കാരം നൽകി രാഷ്ട്രം അദ്ദേഹത്തെ മരണാനന്തരം ആദരിച്ചിരുന്നു.