കോഴിക്കോട്:
ഏറെ അഭ്യൂഹങ്ങള്‍ നിലനിന്നുവെങ്കില്‍ പി. ജയരാജനെതിരെ പോരാടാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ കിട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് വടകരയിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍. നാലുദിവസത്തിലേറെയായി വടകരയിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ കുഴഞ്ഞു മറിഞ്ഞു കിടക്കുകയായിരുന്നു. മുരളീധരന്റെ കടന്നുവരവോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമായി വടകര മാറിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു തവണയായി കൈവിട്ട മണ്ഡലം പി. ജയരാജനിലൂടെ തിരിച്ചു പിടിക്കാമെന്ന സി.പി.എം. പ്രതീക്ഷയാണ് മുരളീധരന്‍റെ വരവോടെ മങ്ങിയിരിക്കുന്നത്.
ഘടകകക്ഷികളുടേയും ആര്‍.എം.പിയുടേയും ഇടപെടല്‍ മുരളിയുടെ വരവില്‍ നിര്‍ണ്ണായകമായി. കെ.കെ. രമ മുരളീധരനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അയല്‍മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും നിര്‍ബന്ധിച്ചു. ഒടുവില്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ വട്ടിയൂര്‍ക്കാവ് എം.എല്‍.എ. കൂടിയായി കെ. മുരളീധരന്‍ തയ്യാറാവുകയായിരുന്നു. കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എം.പികൂടിയായ മുരളിയുടെ വടകരയിലേക്കുള്ള കടന്നു വരവ് മലബാറിലെ മറ്റു മണ്ഡലങ്ങളിലും അനുകൂലമായി മാറും എന്ന വിലിയിരുത്തലാണ് കോണ്‍ഗ്രസിനും ലീഗിനുമുള്ളത്. വടകരയില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസമാണ് മുരളി പ്രകടിപ്പിക്കുന്നത്.
ഇടതുമുന്നണിയുടെ ഭാഗമാണെങ്കിലും, വടകരയില്‍ ലോക്താന്ത്രിക് ജനതാദളിന്റെ പിന്തുണ തനിക്ക് ഉറപ്പാണെന്നും മുരളീധരന്‍ പറയുന്നു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും വിരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ദള്‍, യു,ഡി,എഫ്, പക്ഷത്തായിരുന്നു. വടകരയില്‍ പി, ജയരാജനെ ഏതെങ്കിലും കേസില്‍ കുറ്റക്കാരനായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രചരണത്തിനില്ലെന്നും, എന്നാല്‍ അക്രമരാഷ്ട്രീയത്തിനെതിരെ യു.ഡി.എഫ്. പ്രചാരണം നടത്തുമെന്നും മുരളി കൂട്ടിച്ചേര്‍ക്കുന്നു. ഇതുതന്നെ ചിലര്‍ക്കെതിരായ വിരല്‍ ചൂണ്ടലാകുമെന്നുറപ്പാണ്.
കോണ്‍ഗ്രസുകാരനായ ഞാന്‍, ജനാധിപത്യത്തിന് ഒപ്പമാണ്. ഇടതുമുന്നണി അക്രമ രാഷ്ട്രീയത്തിനൊപ്പമാണ്. മത്സരത്തില്‍ എതിരാളി ആരെന്ന് നോക്കാറില്ല. മത്സരം ആശയങ്ങളോടാണ്. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് വടകരയിലേതെന്നും, മുരളീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അക്രമരാഷ്ട്രീയത്തിനെതിരെ പോരാടും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകി എന്നത് വിജയ-പരാജയങ്ങളെ ബാധിക്കില്ല. യു.ഡി.എഫ്. അനായാസം ജയിക്കുമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.