കേരളത്തിലിതാ ചൂട് കാലം വന്നെത്തി. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി വൻ താപനിലയാണ് പല സ്ഥലങ്ങളിലും രേഖപ്പെടുത്തുന്നത്. കാലാവസ്ഥ വകുപ്പും സംസ്ഥാന സർക്കാരും ജനങ്ങളോട് അതീവ ജാഗ്രതാ നിർദേശം പുലർത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ കാലത്തു തന്നെയാണ് വഴിയോരങ്ങളിൽ നിരവധി ജ്യൂസ് കടകളും മറ്റും പ്രത്യക്ഷപ്പെടുന്നത്. നിരവധി അസുഖങ്ങൾ കൂടെ പടരാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിച്ചു മാത്രമേ ഇത്തരം ഇടങ്ങളിൽ നിന്നും പാനീയങ്ങൾ വാങ്ങാവു. ഏറ്റവും സുരക്ഷിതമായത് നമ്മുടെ വീട്ടിലുണ്ടാക്കിയ തിളപ്പിച്ചാറ്റിയ വെള്ളം എപ്പോഴും കൂടെ കരുതുക എന്നതാണ്.
വീട്ടിലായിരിക്കുമ്പോൾ തന്നെ വിവിധതരം ശീതള പാനീയങ്ങൾ നമുക്ക് തന്നെ ഉണ്ടാക്കാവുന്നതാണ്. തണ്ണി മത്തനും, ഓറഞ്ചും സുലഭമായി ലഭിക്കുന്ന ഈ സമയത്തു അവയെല്ലാം തന്നെ ജ്യൂസ് ആയിട്ട് കഴിക്കാവുന്നതാണ്.
ഇനി അവയെല്ലാം കുടിച്ചു മടുത്തിരിക്കുന്നവർക്കു വേണ്ടി ഇതാ വേനലിനെ കൂൾ ആക്കുവാൻ പുതിയ രണ്ടു പാനീയങ്ങൾ.
1.നെല്ലിക്ക സംഭാരം
ചേരുവകൾ:
വലിയ നെല്ലിക്ക -5 എണ്ണം
പച്ച മുളക് – 1
ഇഞ്ചി- 1 കഷ്ണം
ചെറു നാരങ്ങാ നീര്- 1 ടി സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില- 5 ഇതൾ
നെല്ലിക്ക കുരു കളഞ്ഞു കഷ്ണങ്ങളായി അരിഞ്ഞതിനു ശേഷം മറ്റു ചേരുവകൾ ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കുക. ശേഷം തണുത്ത മോരോ വെള്ളമോ ചേർക്കുക. ഇത് വലിയ അരിപ്പയിൽ അരിച്ചു ഉപയോഗിക്കാം.
2. മിന്റ് ലൈം
ചേരുവകൾ:
ചെറുനാരങ്ങ- 2 എണ്ണം
പുതിനയില- 8 എണ്ണം
പഞ്ചസാര- 2 ടി സ്പൂൺ
ഐസ് ക്യൂബ്‌സ്- ഒരു പിടി
വെള്ളം – ഒരു കപ്പ്.
ചെറുനാരങ്ങ രണ്ടും പിഴിഞ്ഞ് കുരു നീക്കി ജ്യൂസ് എടുത്തതിനു ശേഷം അതിലേക്ക് പഞ്ചസാരയും വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് പുതിനയിലയും ഐസ് ക്യൂബും ചേർത്ത് ഒന്നുകൂടെ മിക്സിയിൽ അടിച്ചെടുക്കുക. മിന്റ് ലൈം തയ്യാർ!