മുംബൈ:
ഐ.പി.എല്‍ 12-ാം എഡിഷൻ ലീഗ് ഘട്ട മത്സരക്രമം പ്രഖ്യാപിച്ചു. മെയ് 5ന് മത്സരങ്ങൾ അവസാനിക്കുന്ന തരത്തിലാണ് മത്സരക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ടീമുകളും സ്വന്തം ഹോം ഗ്രൗണ്ടിൽ 7 മത്സരങ്ങള്‍ വീതം കളിക്കും.എന്നാൽ, പ്ലേ ഓഫ്, ഫൈനൽ മത്സര ദിനങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. ചെന്നൈയിൽ മെയ് 12നാകും ഫൈനലെന്നാണ് സൂചന. ഫൈനലിന്റെ വേദിയും തീയതിയും പിന്നീട് പ്രഖ്യാപിക്കും.
ഐ.പി.എല്ലിൽ ഇത്തവണ പോരാട്ട ദിനങ്ങളുടെ എണ്ണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവുവന്നിട്ടുണ്ട്. എങ്കിലും ആവേശത്തിനൊട്ടും കുറവുവരില്ലെന്ന സൂചനയാണ് ടീമുകളുടെ അകത്തളങ്ങളിൽനിന്നെത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിനൊപ്പം ഐ.പി.എൽ ആവേശവും ചേരുമ്പോൾ ആവേശം കൊടുമ്പിരികൊള്ളും.
2009 ലും 2014 ലും പൊതുതിരഞ്ഞെടുപ്പിനെത്തുടർന്ന് ദക്ഷിണാഫ്രിക്കയിലേക്കും യു.എ.ഇ യിലേക്കും ഐ.പി.എൽ പറിച്ചു നട്ടിരുന്നു. ഇത്തവണ അതുണ്ടായില്ല. ടീം ഇന്ത്യ ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടും മുൻപ് 12 ദിവസത്തെ വിശ്രമം ലഭിക്കുന്നതു പോലെയാണ് മത്സരക്രമം. മേയ് 24 നാണ് ഇന്ത്യൻ ടീം യാത്രതിരിക്കുന്നത്.
കിംഗ്സ് ഇലവണ്‍ പഞ്ചാബ് തങ്ങളുടെ ഹോംമത്സരങ്ങൾ മറ്റു സ്റ്റേഡിയങ്ങളിലേക്ക് മാറ്റുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മൊഹാലിയിലെ ഐ.എസ്. ബിന്ദ്ര സ്റ്റേഡിയത്തിൽ തന്നെ കളിക്കും. മാർച്ച് 23 ന് നടക്കുന്ന ആദ്യ മത്സരത്തിൽ ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സും വിരാട് കോലിയുടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും.