Sun. Dec 22nd, 2024

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകൻ്റേത് മാത്രം

#ദിനസരികള് 702

2016 മെയ് ഇരുപത്തിയഞ്ചിനാണ് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടത്തു മമ്പറം ദിവാകരനെയാണ് അദ്ദേഹം പരാജയപ്പെടുത്തുന്നത്. മാറ്റമില്ലാത്ത നിലപാടുകളുടെ കണിശത കാരണം അദ്ദേഹത്തിന് ധാരാളം ശത്രക്കളുണ്ടായി. മാധ്യമങ്ങള്‍ പിണറായിയെക്കുറിച്ച് നിരന്തരം വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിച്ചു കൊണ്ടിരുന്നു. പിണറായിയെ വിമര്‍ശിച്ചില്ലെങ്കില്‍, തങ്ങളെ കഴിവില്ലാത്തവരായി ചിത്രീകരിക്കുമെന്നുപോലും ചിന്തിക്കുന്ന തരത്തില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ കൂപ്പുകുത്തി. അതുകൊണ്ടുതന്നെ കഴിഞ്ഞ പത്തുപതിനഞ്ചു കൊല്ലമായി മാധ്യമങ്ങള്‍ പ്രതിസ്ഥാനത്തു നിറുത്തി വിചാരണ ചെയ്തവരില്‍ പിണറായി വിജയന്റെ സ്ഥാനം ഒന്നാമതാണ്. ഇങ്ങനെ തെറ്റായി സൃഷ്ടിക്കപ്പെട്ട ഒരു ഇമേജായിരുന്നിട്ടുകൂടി 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിക്കുന്നത്.

എന്നാല്‍, കേവലം അന്ധവും വ്യക്തിപരമായും ഉന്നയിക്കപ്പെട്ട എതിര്‍പ്പുകള്‍ക്കപ്പുറം കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന പൊതുജനം, പിണറായി വിജയനെന്ന ശക്തനായ നേതാവില്‍ നാടിനെ രക്ഷിക്കാനുള്ള കരുത്ത് കണ്ടു. നാട്ടില്‍ മാറ്റങ്ങളുണ്ടാക്കുവാനുള്ള ഇച്ഛാശക്തി അദ്ദേഹത്തിനുണ്ടെന്ന് അവര്‍‌ പ്രതീക്ഷിച്ചു. ജനതയുടെ ആ പ്രതീക്ഷയെ ഒരു കോട്ടവും കൂടാതെ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങളാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തിയത്. സത്യസന്ധമായി, മറ്റൊരു വിധത്തിലുമുള്ള പക്ഷപാതങ്ങളുമില്ലാതെ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാല്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത അര്‍ത്ഥപൂര്‍ണമായ ഒരു ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് കാണുവാന്‍ കഴിയും.

പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐ.ടി, ജയില്‍, ശാസ്ത്രവും സാങ്കേതികവും പരിസ്ഥിതിയും, വിമാനത്താവളങ്ങള്‍, മെട്രോ റെയില്‍, അന്തര്‍ സംസ്ഥാന നദികള്‍, പൊതുജന വിവര സമ്പര്‍ക്കം, അഗ്നിശമനവും രക്ഷാപ്രവര്‍ത്തനവും, പ്രവാസികാര്യം, ഓള്‍ ഇന്ത്യാ സര്‍വീസ്, ആസൂത്രണവും സാമ്പത്തിക കാര്യങ്ങളും, ശാസ്ത്ര സ്ഥാപനങ്ങള്‍, ഭരണ പരിഷ്കാരം, തിരഞ്ഞെടുപ്പ് ഏകോപനം, സൈനിക ക്ഷേമം, ദുരിതാശ്വാസം, സംസ്ഥാന ആതിഥ്യം, സിവില്‍-ക്രിമിനല്‍ നീതിന്യായ ഭരണം, അച്ചടിയും സ്റ്റേഷനറിയും, യുവജനകാര്യം തുടങ്ങി മറ്റു മന്ത്രിമാര്‍ക്ക് അനുവദിക്കാത്ത മുഴുവന്‍ വകുപ്പുകളും മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്.

ലോകം എന്താണ് കേരളത്തെക്കുറിച്ച് ചിന്തിക്കുന്നതെന്ന് നോക്കുക. ഐക്യരാഷ്ടസഭയും നീതി ആയോഗും ഐക്യരാഷ്ട സഭയും തയ്യാറാക്കിയ സുസ്ഥിര വികസന സൂചിക (Sustainable Development Goals) യില്‍ കേരളത്തിന്റെ സ്ഥാനം ഒന്നാമതാണ്. 69 പോയിന്റുകളാണ് കേരളത്തിനുളളത്. ആരോഗ്യ രംഗത്ത് 92 ഉം വ്യവസായം, അടിസ്ഥാന സൌകര്യ വികസനം എന്നിവയിൽ രണ്ടാം സ്ഥാനവും കേരളത്തിനുണ്ട്. വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ കാര്യത്തിലാകട്ടെ 87 പോയിന്റുകളുമായി ഒന്നാം സ്ഥാനത്താണ്. ദേശീയ ശരാശരികളെക്കാള്‍ വളരെ ഉയര്‍ന്ന നിലവാരമാണ് കേരളം പ്രകടിപ്പിച്ചിരിക്കുന്നത്.

ദേശീയ തലത്തില്‍ കേരളത്തിന് ലഭ്യമായിരിക്കുന്ന അംഗീകാരങ്ങള്‍ നോക്കുക. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ചിട്ടയായ നടത്തിപ്പില്‍ കേരളം ഒന്നാമതാണ്. ഇന്ത്യ ടുഡേയുടെ ക്ഷീരോത്പാദനത്തിനുള്ള അവാര്‍ഡ്, ഭിന്ന ശേഷി നയം നടപ്പിലാക്കുന്നതിനുള്ള അവാര്‍ഡ്, സൈബര്‍ ഡോം പദ്ധതിക്ക് ലഭിച്ച അന്താരാഷ്ട്ര അംഗീകാരം, നിപാ വൈറസിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം, സ്റ്റുഡന്റ് പോലീസ് പദ്ധതി, കൊച്ചിന്‍ വിമാനത്താവളത്തിന് ലഭിച്ച ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം, നൂറു ശതമാനം വൈദ്യുതീകരണം നടത്തിയ സംസ്ഥാനം, സാമൂദായിക ലഹളകളില്ലാത്ത ഏക സംസ്ഥാനം, ഇങ്ങനെ അവാര്‍ഡുകളും, അംഗീകാരങ്ങളുമായി കേരളം ഒന്നാം സ്ഥാനത്തു നില്ക്കുന്ന മേഖലകള്‍ നിരവധിയാണ്. അതുപോലെ, ഇന്ത്യയില്‍ ആദ്യമായി ഭിന്നലിംഗനയം പ്രഖ്യാപിച്ച സര്‍ക്കാര്‍ നമ്മുടേതാണെന്നു കൂടി സൂചിപ്പിക്കട്ടെ.

നിരവധി ക്ഷേമപദ്ധതികളാണ് അശരണരായവര്‍ക്ക് വേണ്ടി ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതര വകുപ്പുകളുമായി ബന്ധപ്പെട്ടാണ് അവയുടെ പ്രവര്‍ത്തനങ്ങളെങ്കിലും സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന ഗുണപരമായ ആശയങ്ങളെ മനസ്സിലാക്കുവാന്‍ അത്തരം പദ്ധതികളെക്കുറിച്ച് അറിയേണ്ടതുണ്ട്.

ലൈഫ് മിഷന്‍ – താമസിക്കാന്‍ വീടുകളില്ലാത്ത സാധാരണക്കാരായ ആളുകളെ ലക്ഷ്യം വെച്ചുകൊണ്ടാണ് ലൈഫ് മിഷൻ ആവിഷ്കരിച്ചിരിക്കുന്നത്. ഭൂമിയുണ്ടെങ്കിലും സ്വന്തമായി വീടില്ലാത്ത 184255 ആളുകളാണ് നമ്മുടെ കേരളത്തിലുള്ളത്. അവര്‍‌ക്കെല്ലാം തന്നെ വീടുകളൊരുക്കിക്കൊടുക്കുക എന്ന ഭഗീരഥ പ്രവര്‍ത്തനമാണ് ഈ മിഷന്റെ കീഴില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.

ആര്‍ദ്രം മിഷന്‍ – കരുണയുടെ കൈത്താങ്ങാണ് ആര്‍ദ്രം പദ്ധതി. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന, ചികിത്സ അപ്രാപ്യമായിട്ടുള്ള സാധാരണക്കാരായ ജനതയ്ക്ക് ഉന്നത നിലവാരമുള്ള ആരോഗ്യ പരിരക്ഷണം ഉറപ്പാക്കുകയെന്നതാണ് ഈ പദ്ധതിയുടെ പ്രധാനപ്പെട്ട ലക്ഷ്യം.

ഹരിത കേരളം മിഷന്‍ – ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ പ്രകൃതിയേയും അവയുടെ സ്വാഭാവികതകളേയും വിഭവങ്ങളേയും തിരിച്ചു പിടിക്കാന്‍‌ ശ്രമിക്കുകയാണ് ഹരിത കേരളം പദ്ധതി. മാലിന്യനിര്‍മ്മാര്‍ജ്ജനം പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. ഇത്തരം മിഷനുകള്‍ക്ക് കീഴില്‍ ഉപമിഷനുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കാനും ഗുണനിലവാരം ഉറപ്പു വരുത്താനും ആവശ്യമായ പദ്ധതികളും നടപ്പിലാക്കുന്നു. അന്താരാഷ്ട്ര നിലവാരമുള്ള ക്ലാസുമുറികളും സിലബസ്സും 200 അധ്യയന ദിനങ്ങള്‍ ഉറപ്പാക്കുന്ന വിധത്തില്‍ ക്രമികരിച്ചിരിക്കുന്നതുമൊക്കെ വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വരുന്നതാണ്.

മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്രധാനപ്പെട്ട വകുപ്പുകളെ പരിശോധിക്കുക.

ആഭ്യന്തരം – കേരളത്തിലെ പോലീസിന് മാനവികമായ ഒരു മുഖം നല്കാനും അവരെ ആധുനികീകരിക്കാനും പ്രതിജ്ഞാ ബദ്ധമായ ഒരു സര്‍ക്കാറാണിത്. നീതിയാണ് നടപ്പിലാകേണ്ടത് എന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും നടക്കരുതെന്ന് വ്യക്തമായ സന്ദേശമാണ് മുഖ്യമന്ത്രി പോലീസിന് നല്കുന്നത്. സേനക്ക് ആവശ്യമായ മനോബലം നല്കുവാന്‍ അദ്ദേഹം എന്നും ശ്രമിച്ചിരുന്നു. ഏകദേശം നൂറു കോടിയോളം രൂപ രണ്ടുകൊല്ലക്കാലംകൊണ്ട് പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഉപയോഗിച്ചു.

പോലീസിന് വനിതകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ ബറ്റാലിയന്‍ ആരംഭിച്ചു.451 തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടു. ആസ്ഥാന മന്ദിരം നിര്‍മിക്കാന്‍ സ്ഥലം അനുവദിച്ചു നല്കി. അലക്സാണ്ടര്‍ ജേക്കബ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയില്‍ പരിഷ്കരണം നടത്തി. വിയ്യൂരില്‍ ജയില്‍ മ്യൂസിയവും കണ്ണൂരില്‍ കാട ഫാമും പുറത്തു വരുന്നവര്‍ക്ക് സ്വന്തം കാലില്‍ നില്ക്കുവാനുള്ള തൊഴില്‍ പരിശീലനവും അനുവദിച്ചു. തടവുകാര്‍ക്ക് വിദ്യാഭ്യാസം നല്കുന്നതിനും അവരെ പൊതു സമൂഹത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുമുള്ള വലിയ ശ്രമങ്ങളെ എടുത്തു പറയേണ്ടതാണ്. ഫയര്‍‌ഫോഴ്സില്‍ ഫയര്‍ വുമണ്‍മാരെ നിയമിച്ചത് പ്രത്യേകം പരാമര്‍ശിക്കേണ്ടതുതന്നെയാണ്. വലിയ തലത്തിലുള്ള ഒരു വിപ്ലവമായ സ്റ്റുഡന്റ് പോലീസിന് ദേശീയ തലത്തില്‍ അംഗീകാരമായി. ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം ഫലമായി നിരവധി അംഗീകാരങ്ങള്‍ പോലീസിനെ തേടിവന്നു.

ഐ.ടി. – ഈ രംഗത്ത് വലിയ നേട്ടങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. ധാരാളം തൊഴിലവസരങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഐ ടി പാര്‍ക്കുകള്‍ വഴി സൃഷ്ടിക്കപ്പെട്ടു. ബഹിരാകാശ മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു. കയറ്റു മതിയിലൂടെ 4000 കോടിക്കു മുകളില്‍ വിറ്റു വരവ് നേടാന്‍ കഴിഞ്ഞത് നിസ്സാര കാര്യമല്ല. വ്യോമയാനം – ശബരിമലയില്‍ അടക്കം വിമാനത്താവളങ്ങള്‍ സ്ഥാപിക്കുവാനുള്ള പഠനങ്ങള്‍ നടക്കുന്നു. പാതിവഴിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട കണ്ണൂര്‍ വിമാനത്താവളം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിലേക്കുള്ള റോഡുകളെല്ലാം തന്നെ നവീകരിക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്തിട്ടുണ്ട്.

മെട്രോ, ഗെയില്‍ ജലപാതകള്‍ എന്നിങ്ങനെ ജനജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന മുഴുവന്‍ മേഖലകളും കുതിപ്പിന്റെ പാതയിലാണ്.അഴിമതിയില്ലാത്ത സംശുദ്ധമായ ഒരു ഭരണത്തിന്‍ കീഴില്‍ നാട് പുരോഗമിച്ചുകൊണ്ടിരിക്കുന്നതെങ്ങനെയെന്ന് നാം നേരിട്ടു കാണുന്നു.

Leave a Reply

Your email address will not be published. Required fields are marked *