Sat. Jan 11th, 2025
മുംബൈ:

ബോളിവുഡ് താരം സൽമാൻ ഖാൻ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. ‘ഇൻഷാഅല്ലാ’ (Inshallah) എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകൻ സഞ്ജയ് ലീല ബൻസാലി ആണ്. ആലിയ ഭട്ട് ആണ് ചിത്രത്തിൽ സൽമാന്റെ നായികയായി എത്തുന്നത്. ട്വിറ്ററിലൂടെയാണ് സൽമാൻ ഈ വാർത്ത പുറത്തു വിട്ടത്. ‘ഇൻഷാഅല്ലാ’ പ്രണയകഥ പറയുന്ന ചിത്രമാണെന്നാണ് റിപ്പോർട്ടുകൾ.

ഇരുപതു വർഷങ്ങൾക്കു ശേഷമാണ് താനും ബൻസാലിയും വീണ്ടും ഒന്നിക്കുന്നത് എന്ന് സൽമാൻ ട്വിറ്ററിൽ കുറിച്ചു. 1999 ൽ പുറത്തുവന്ന ‘ഹം ദിൽ ദേ ചുകേ സനം’ എന്ന ചിത്രത്തിലാണ് സൽമാൻ അവസാനമായി ബൻസാലിയുടെ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചത്. ഐശ്വര്യ റായ്, അജയ് ദേവ്ഗൺ എന്നിവരായിരുന്നു ഈ ചിത്രത്തിലെ മറ്റ് താരങ്ങൾ. 2007 ൽ ബൻസാലിയുടേതായി പുറത്തുവന്ന ‘സാവരിയ’ എന്ന ചിത്രത്തിൽ സൽമാൻ ഒരു അതിഥി വേഷത്തിൽ എത്തിയിരുന്നു.

സഞ്ജയ് ലീല ബൻസാലിയുടെ അവസാനം പുറത്തിറങ്ങിയ ‘പത്മാവത്’ എന്ന ചിത്രം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ‘പത്മാവതി’ എന്ന് ആദ്യം പേരിട്ടിരുന്ന ചിത്രം ഹിന്ദു ത്രീവ്രവാദികളുടെ ഭീഷണിയെ തുടർന്ന് ‘പത്മാവത്’ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. ‘പത്മാവതി’യുടെ രാജസ്ഥാനിലെ ലൊക്കേഷനിൽ ഹിന്ദു ഭീകരവാദികൾ സഞ്ജയ് ലീല ബൻസാലിയെയും മറ്റ് സഹപ്രവർത്തകരെയും ആക്രമിക്കുകയും സെറ്റ് നശിപ്പിക്കുകയും ചെയ്തിരുന്നു. പത്മാവതി എന്ന കല്പിത കഥാപാത്രത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന വിചിത്ര വാദം ഉന്നയിച്ചാണ് രാജ്‌പുത് സമുദായ സംഘടനകൾ ആക്രമണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *