കൊച്ചി:
ആണ്‍കുട്ടികളുടെ ഹോസ്റ്റില്‍ ഏര്‍പ്പെടുത്താത്ത രീതിയിലുള്ള നിയന്ത്രണങ്ങള്‍ വനിതാ ഹോസ്റ്റലിലും അനുവദിനീയമല്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയ പ്രവര്‍ത്തനം വിലക്കുന്നതും, സിനിമയ്ക്കു പോകുന്നതിനും നിയന്ത്രണം ആവശ്യമില്ല. തൃശൂര്‍ കേരളവര്‍മ കോളജ് ഹോസ്റ്റലിലെ അച്ചടക്കവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സ്ത്രീവിരുദ്ധമെന്നും വിവേചനപരമെന്നും ആരോപിച്ച് വിദ്യാര്‍ത്ഥിനി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതി നിര്‍ദ്ദേശം.
അതേസമയം, കോളജിന്റെ പ്രവൃത്തിസമയങ്ങളില്‍ അനുമതിയില്ലാതെ ഹോസ്റ്റലില്‍ തങ്ങരുതെന്ന നിബന്ധനയില്‍ ഇടപെട്ടില്ല. കോളജിന്റെ പ്രവൃത്തിസമയങ്ങളില്‍ അനുമതിയില്ലാതെ ഹോസ്റ്റലില്‍ തങ്ങരുത്, രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളിലും പ്രകടനങ്ങളിലും പ്രചാരണങ്ങളിലും പങ്കെടുക്കരുത്, സിനിമയുടെ ഫസ്റ്റ്- സെക്കന്‍ഡ് ഷോകള്‍ക്കു പോകരുത്, അനുവദിക്കപ്പെട്ട ദിവസങ്ങളില്‍ മാത്രമേ പോകാവൂ, കോളജിലെ പെരുമാറ്റത്തിന്റെയും ക്ലാസ് മുടക്കത്തിന്റെയും പേരില്‍ സസ്‌പെന്‍ഷന്‍/ ഡിസ്മിസല്‍ നടപടിയുണ്ടാകും തുടങ്ങിയ നിബന്ധനകളാണ് ചോദ്യം ചെയ്തത്.
സുരക്ഷയുടെ പേരില്‍ സ്ത്രീകളോടു വിവേചനപരമായ ചട്ടങ്ങളുണ്ടാക്കരുതെന്നു യു.ജി.സി നിബന്ധന ഹര്‍ജിഭാഗം ചൂണ്ടിക്കാട്ടി. നിബന്ധനകളെല്ലാം മാതാപിതാക്കള്‍ സമ്മതിച്ചിട്ടുള്ളതാണെന്ന് കോളജ് അധികൃതര്‍ വാദിച്ചു. എന്നാല്‍, വിദ്യാര്‍ത്ഥിനികള്‍ പ്രായപൂര്‍ത്തിയായവരാണെന്ന് കോടതി വ്യക്തമാക്കി.