വടകര:
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെതിരായ നിലപാട് കൂടുതല്‍ കടുപ്പിച്ച് ആര്‍.എം.പി. വടകരയില്‍ യൂ.ഡി.എഫിനെ പിന്തുണക്കാനാണ് ആര്‍.എം.പി. തീരുമാനം.വടകര മണ്ഡലത്തില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും പകരം യു.ഡി.എഫിനു പിന്തുണ നല്‍കുമെന്നും ആര്‍.എം.പി നേതാക്കളായ എന്‍.വേണു, കെ.കെ.രമ,പി.കുമാരന്‍ കുട്ടി എന്നിവര്‍ മാധ്യമങ്ങളോടു വ്യക്തമാക്കി.
മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥി.ജയരാജനെ തോല്‍പ്പിക്കലാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ടി പി ചന്ദ്രശേഖരന്‍ വധമുള്‍പ്പടെ പല കൊലക്കേസുകളിലും പങ്കുള്ള ജയരാജന്‍ വടകരയില്‍ ജയിക്കുന്ന സ്ഥിതിയുണ്ടാകരുത്. സംസ്ഥാനത്ത് അക്രമ രാഷ്ട്രീയത്തിനെതിരായ എല്ലാ ഇടപെടലുകളിലും പാര്‍ട്ടി പങ്കാളിയാകും, ബൂത്തു തലത്തില്‍ വരെ ജയരാജനെതിരായി പ്രചാരണം നടത്തുമെന്നും, കെ.കെ.രമ പറഞ്ഞു.
ആര്‍.എം.പി. രൂപവത്കരിച്ചതിനു ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിലും ആര്‍.എം.പി സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ടെങ്കിലും ജയരാജനെ തോല്‍പ്പിക്കേണ്ടത് പ്രധാമായതിനാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കു വടകരയില്‍ പിന്തുണ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നവെന്ന് എന്‍.വേണു വ്യക്തമാക്കി. മറ്റു മണ്ഡലങ്ങളില്‍ സി.പി.എം, സി.പി.ഐ ഒഴികെയുള്ള മറ്റു മതനിരപേക്ഷ സ്ഥാനാര്‍ത്ഥികള്‍ക്കാണ് പിന്തുണ. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ആര്‍.എം.പി. പങ്കെടുക്കുമോ ഇല്ലയോ എന്ന് വ്യക്തമാക്കിയിട്ടില്ല.