Wed. Nov 6th, 2024
ഹരിദ്വാർ:

ഹരിദ്വാറിൽ മാംസാഹാരം വിതരണം ചെയ്തതിന് പ്രമുഖ ഓൺലൈൻ കമ്പനികൾക്ക് നോട്ടീസ് ലഭിച്ചു.

ഹരിദ്വാറിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ, പ്രമുഖ ഓൺലൈൻ ഫുഡ് വിതരണക്കാരായ സ്വിഗ്ഗി, സൊമാറ്റോ എന്നീ കമ്പനികൾക്കാണ് അധികൃതർക്ക് നോട്ടീസ് നൽകിയത്. ക്ഷേത്രങ്ങളുടെ നഗരമായ ഹരിദ്വാർ നഗരത്തിലെ നിയമങ്ങൾ തെറ്റിച്ചു കൊണ്ട് മാംസാഹാരം നല്കിയെന്നാരോപിച്ചാണ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയത്.

“തദ്ദേശവാസികൾ മജിസ്‌ട്രേറ്റ് ജഗദീഷ് ലാലിന് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഞങ്ങൾ ഈ സംഭവത്തെ കുറിച്ചന്വേഷിക്കുന്നത്. രണ്ടു കമ്പനികൾക്കും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി ഇല്ല. മാത്രവുമല്ല, നഗരത്തിൽ മാംസാഹാരം വിതരണം ചെയ്യാനുള്ള പ്രത്യേക അനുമതിയും നഗര സഭ നൽകിയിട്ടില്ല,” ഭക്ഷ്യ സുരക്ഷാ വിഭാഗം ഡെപ്യൂട്ടി ഓഫീസർ ആർ.എസ്. പാൽ പറയുന്നു. നഗരത്തിൽ നിൽവിലുള്ള ഉപനിയമങ്ങൾ ലംഘിക്കുകയും, പ്രദേശ വാസികളുടെ മത വികാരത്തെ വ്രണ പെടുത്തുകയും ചെയ്തതായി കണ്ടെത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹരിദ്വാർ മുനിസിപ്പാലിറ്റിയിലെ നിയമങ്ങൾ പ്രകാരം മാംസാഹാരം വിൽക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ജ്വാലാപുർ, ഹർ-കി-പൗരി, കൺഖൽ, ഖാർകാരി, മോടിച്ചോർ, ഹരിപുർ, തുടങ്ങിയ പ്രദേശങ്ങളിലും ഈ നിയമം ബാധകമാണ്. ഈ രണ്ടു കമ്പനികൾക്കും ഏഴു ദിവസത്തെ സമയം വകുപ്പ് അനുവദിച്ചു നൽകിയിട്ടുണ്ട്.

പ്രശ്നങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കാനെന്ന നിലയിൽ ദീർഘകാലമായിട്ട് എഫ്.എസ്.എസ്.എ.ഐ.യുടെ നിർദ്ദേശങ്ങളനുസരിച്ചു തന്നെയാണ് പ്രവർത്തിക്കുന്നതെന്നും, ഹരിദ്വാറിലെ പ്രവർത്തനങ്ങൾക്ക് വേണ്ട ലൈസൻസിന് വേണ്ടി മുൻപേ തന്നെ അപേക്ഷിച്ചിട്ടുണ്ടെന്നും, സൊമാറ്റോ പ്രതിനിധികൾ പറഞ്ഞു. “പുണ്യ നഗരത്തിന്റെ മതപരമായ വികാരത്തെ ഞങ്ങൾ മാനിക്കുന്നു. അതുപോലെതന്നെ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാനും ഞങ്ങൾ ബാധ്യസ്ഥരാണ്.” അവർ കൂട്ടിച്ചേർത്തു.

“നിരോധിത മേഖലയിൽ മാംസാഹാരം വിതരണം ചെയ്തത് ഞങ്ങളുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച മൂലമാണ്. അതിൽ ഞങ്ങൾ അതിയായി ഖേദിക്കുന്നു. മാർച്ച് പതിനാറു മുതൽ ഞങ്ങൾ ഹരിദ്വാറിൽ സസ്യാഹാരം മാത്രമേ വിതരണം ചെയ്യുകയുള്ളൂ. ഞങ്ങൾ ആഹാരം ശേഖരിക്കുന്നത് എഫ്.എസ്.എസ്.എ.ഐ. ലൈസൻസുള്ള ഹോട്ടലുകളിൽ നിന്ന് മാത്രമാണ്.” സ്വിഗ്ഗി വാർത്തയോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *